കേരള ബ്ലാസ്റ്റേഴ്‌സിൽ നിന്ന് മാറിയത് സ്വന്തമായ തീരുമാനപ്രകാരമായിരുന്നില്ലെന്ന് ഇന്ത്യൻ താരം രാഹുൽ കെ.പി. സ്വയം തീരുമാനത്തിനപ്പുറം ക്ലബ്ബിനകത്ത് പല കാര്യങ്ങളും നടന്നിട്ടുണ്ട്. അത് പലർക്കുമറിയില്ല. പക്ഷേ, അതൊന്നും പുറത്ത് പറയാൻ താൽപര്യപ്പെടുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ബ്ലാസ്റ്റേഴ്‌സിൽ നിന്ന് പോകാനുള്ള സമയമായെന്ന് തോന്നിയിരുന്നു. എന്റെ പ്രകടനം വളരെ മോശമായിരുന്നു. ആഗ്രഹിച്ചിട്ടും പരിശ്രമിച്ചിട്ടും ആരാധകരുടെ പ്രതീക്ഷയ്‌ക്കൊത്ത പ്രകടനം തിരിച്ചുനൽകാനായില്ല. അതുകൊണ്ട് കൂടിയാവാം മാനേജ്‌മെന്റ് അത്തരമൊരു തീരുമാനത്തിലേക്ക് എത്തിയത്.
ബ്ലാസ്റ്റേഴ്‌സിൽ നല്ല താരങ്ങൾ വരണമെന്നാണ് ആഗ്രഹം. എനിക്കും ഒരിക്കൽ തിരിച്ചെത്താൻ മോഹമുണ്ട്. തിരിച്ചെത്തിയാൽ തിളങ്ങാനാവുമെന്ന് എനിക്ക് തന്നെ വിശ്വാസം വരണം. അതിന് വേണ്ടിയാണ് ഇപ്പോൾ പരിശ്രമിക്കുന്നത്. ഇത് ആരുടെയും സ്വന്തം ക്ലബ്ബല്ല.
ബ്ലാസ്റ്റേഴ്‌സിൽ കളിച്ചത് ഏറെ ആസ്വദിച്ചിരുന്നു. കേരള ടീമിനായി കളിക്കുന്നത് പ്രത്യേക അനുഭൂതി നൽകുന്നു. എന്നാൽ, പല വീഴ്ചകളും പ്രതിസന്ധികളും നേരിടേണ്ടി വന്നു. പ്രൊഫഷണൽ ഫുട്‌ബോളറുടെ ജീവിതത്തിന്റെ ഭാഗമാണ് അതെല്ലാം. ആരാധകരുടെ പ്രതീക്ഷയ്ക്ക് അനുസരിച്ച് പ്രകടനം നടത്താത്ത സാഹചര്യങ്ങളുണ്ടായി. എന്നാൽ ഇതുവരെയുള്ള കരിയർ സന്തോഷവും അഭിമാനവും നൽകുന്നുണ്ട്. ഹോം ക്ലബ്ബായ ബ്ലാസ്റ്റേഴ്‌സിൽ ആറ് വർഷം കളിക്കാൻ കഴിഞ്ഞു എന്നത് വലിയ സന്തോഷമാണ്. സഹതാരം സഹലുമായാണ് ഏറ്റവും നല്ല സൗഹൃദമുണ്ടായത്. ഒഡീഷയിലേക്ക് മാറിയതോടെ അതൊരു നഷ്ടമായി. സഹലിനൊപ്പം ഇനിയും കളിക്കാനാവുമെന്നാണ് പ്രതീക്ഷ.
ഐഎസ്എൽ പോലെയുള്ള ലീഗുകൾ ആരംഭിക്കാൻ വൈകുന്നത് കളിക്കാരെയും ക്ലബ്ബുമാരെയും ബന്ധപ്പെട്ടവരെ ദോഷകരമായി ബാധിക്കുന്നുണ്ടെന്ന് അദ്ദേഹം സമ്മതിച്ചു. അതെല്ലാം മാറി നല്ല സീസൺ വരുമെന്നാണ് പ്രതീക്ഷയും പ്രാർത്ഥനയും.
കളിക്കാരെ നന്നായി മനസിലാക്കുന്ന കോച്ചാണ് ഇപ്പോഴത്തെ ഇന്ത്യൻ ഫുട്‌ബോൾ ടീം കോച്ച് ഖാലിദ് ജമീൽ. വിദേശ കോച്ചുമാർക്ക് മാത്രമല്ല, ഇന്ത്യയിൽ നിന്നുള്ള കോച്ചുമാർക്കും കഴിവ് തെളിയിക്കാൻ അവസരം ലഭിക്കണം. അദ്ദേഹത്തിന്റെ ക്യാമ്പിലേക്ക് ക്ഷണിച്ചിരുന്നു. പരിക്ക് കാരണം യാത്രചെയ്യാനായില്ല. വളരെ നല്ല ആത്മവിശ്വാസം നൽകുന്ന കോച്ചാണദ്ദേഹം. ലിസ്റ്റിൽ പേര് വരുമെന്ന് പോലും പ്രതീക്ഷിച്ചില്ല. എനാൽ എന്നെ വിളിച്ച് അവസരം നൽകാമെന്ന് പറയുകയും എന്റെ കഴിവിൽ വിശ്വാസം അർപ്പിച്ച് സംസാരിക്കുകയും ചെയ്തു.
ജീവിതത്തിൽ ലഭിച്ച ഏറ്റവും വലിയ അവസരമായിരുന്നു വെസ്റ്റ്ഹാമിൽ ലഭിച്ചത്. അത്രയും വലിയ ടീമിന് വേണ്ടി കളിക്കാൻ കഴിഞ്ഞത് മഹാ സൗഭാഗ്യമാണ്. പ്രീമിയർ ലീഗിൽ കളിക്കാനാണ് സെലക്ഷൻ ലഭിച്ചതെന്ന് ചിലർക്ക് തെറ്റിദ്ധാരണ ഉണ്ടായിരുന്നു. മറക്കാനാവാത്ത അനുഭവമാണ് ഇംഗ്ലണ്ടിൽ നിന്ന് ലഭിച്ചത്. ലോകോത്തര താരങ്ങളുടെ കഴിവുകൾ അടുത്ത് അറിയാനായി. അവിടുത്തെ ചെറിയ ടൂർണമെന്റിലെ സാധാരണ താരങ്ങളുടെ നിലവാരം പോലും നമ്മുടെ പ്രമുഖ താരങ്ങളേക്കാൾ എത്രയോ മുകളിലാണ്. ആദ്യത്തെ കുറച്ച് ദിവസങ്ങളിൽ ആ നിലവാരത്തിലേക്ക് എത്താൻ പാടുപെട്ടു.
13-ാം വയസ്സിൽ ഫുട്‌ബോളിനായി ഗോവയിലേക്ക് മാറിയ ശേഷം ഏറ്റവും കൂടുതൽ കാലം താമസിച്ചത് ഗോവയിലാണ്. അവിടുത്തെ സമാധാനവും സന്തോഷവും മറ്റെവിടെയും ലഭിച്ചിട്ടില്ലെന്നും രാഹുൽ പറഞ്ഞു.
അണ്ടർ 14 തൃശൂർ ടീമിന് വേണ്ടിയാണ് രാഹുൽ കളിച്ചുതുടങ്ങിയത്. പിന്നീട് കൊൽക്കത്തയിലേക്ക് പോയി ഇന്ത്യൻ ക്യാമ്പ് വരെയത്തി. ഫിഫ അണ്ടർ 17 ലോകകപ്പിൽ കളിച്ചു. പിന്നീട് കേരള ബ്ലാസ്റ്റേഴ്‌സിലും തുടർന്ന് ഒഡീഷ എഫ്‌സിയിലുമെത്തി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്