ഏഷ്യാകപ്പിലെ നിർണായക പോരാട്ടത്തിൽ ശ്രീലങ്കയോട് ആറു വിക്കറ്റിന് തോറ്റ് അഫ്ഗാനിസ്ഥാൻ പുറത്തായി.
അഫ്ഗാനിസ്ഥാൻ ഉയർത്തിയ 170 റൺസ് വിജയലക്ഷ്യം ശ്രീലങ്ക എട്ട് പന്തുകൾ ബാക്കിനിൽക്കെ മറികടന്നു. സ്‌കോർ: അഫ്ഗാനിസ്ഥാൻ20 ഓവറിൽ എട്ട് വിക്കറ്റിന് 169. ശ്രീലങ്ക18.4 ഓവറിൽ നാല് വിക്കറ്റിന് 171. പുറത്താകാതെ 52 പന്തിൽ 74 റൺസെടുത്ത ഓപ്പണർ കുശാൽ മെൻഡിസാണ് ശ്രീലങ്കയുടെ ജയം അനായാസമാക്കിയത്.
ഓപ്പണർ പഥും നിസങ്കയെയും (അഞ്ച് പന്തിൽ 6), മൂന്നാമനായി എത്തിയ കാമിൽ മിശാരയെയും (10 പന്തിൽ നാല്) തുടക്കത്തിൽ നഷ്ടമായെങ്കിലും, കുശാൽ പെരേര (20 പന്തിൽ 28), ചരിത് അസലങ്ക (12 പന്തിൽ 17), കാമിന്ദു മെൻഡിസ് (13 പന്തിൽ 26 നോട്ടൗട്ട്) എന്നിവരെ ഒപ്പം കൂട്ടി മെൻഡിസ് ലങ്കയെ വിജയത്തിലെത്തിക്കുകയായിരുന്നു.
അഫ്ഗാനു വേണ്ടി മുജീബ് ഉർ റഹ്മാൻ, അസ്മത്തുല്ല ഒമർസായി, മുഹമ്മദ് നബി, നൂർ അഹമ്മദ് എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി. 22 പന്തിൽ 60 റൺസെടുത്ത മുഹമ്മദ് നബിയാണ് അഫ്ഗാനിസ്ഥാന്റെ ടോപ് സ്‌കോറർ. റഹ്മാനുല്ല ഗുർബാസ് എട്ട് പന്തിൽ 14, സെദിഖുല്ല അടൽ 14 പന്തിൽ 18, കരിം ജനത് മൂന്ന് പന്തിൽ ഒന്ന്, ഇബ്രാഹിം സദ്രാൻ 27 പന്തിൽ 24, ദാർവിഷ് അബ്ദുൽ റസൂലി 16 പന്തിൽ ഒമ്പത്, അസ്മത്തുല്ല ഒമർസായി നാല് പന്തിൽ 6, റാഷിദ് ഖാൻ 23 പന്തിൽ 24, നൂർ അഹമ്മദ്‌നാല് പന്തിൽ 6 നോട്ടൗട്ട് എന്നിങ്ങനെയാണ് മറ്റ് ബാറ്റർമാരുടെ പ്രകടനം. ശ്രീലങ്കയ്ക്ക് വേണ്ടി നുവാൻ തുഷാര നാല് വിക്കറ്റ് സ്വന്തമാക്കി.
ഇതോടെ, ഏഷ്യാ കപ്പിലെ സൂപ്പർ ഫോർ ചിത്രം തെളിഞ്ഞു. ഗ്രൂപ്പ് എയിൽ നിന്ന് ഇന്ത്യ, പാകിസ്ഥാൻ, ബിയിൽ നിന്ന് ശ്രീലങ്ക, ബംഗ്ലാദേശ് ടീമുകൾ യോഗ്യത നേടി. യുഎഇ, ഒമാൻ, അഫ്ഗാനിസ്ഥാൻ, ഹോങ്കോങ് ടീമുകൾ പുറത്തായി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
