2007ലെ ചരിത്രം 19 വർഷങ്ങൾക്ക് ശേഷം കൊളംബോയിൽ വീണ്ടും ആവർത്തിച്ച് സിംബാബ്‌വെ. ടി20 ലോകകപ്പിലെ 19-ാം മത്സരത്തിൽ കരുത്തരായ ഓസ്‌ട്രേലിയയെ ഒരിക്കകൂടി തകർത്തു.ആദ്യം ബാറ്റ് ചെയ്ത സിംബാബ്‌വെ വെറും രണ്ട് വിക്കറ്റ് നഷ്ടത്തിൽ 169 റൺസെന്ന സ്‌കോർ നേടി, മറുപടി ബാറ്റിംഗിനിറങ്ങിയ ഓസീസിനെ 146 റൺസിന് എറിഞ്ഞൊതുക്കി 23 റൺസിന്റെ അവിശ്വസനീയ വിജയം സ്വന്തമാക്കി.
ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത ഓസ്‌ട്രേലിയൻ നായകന്റെ തീരുമാനം പാളുന്ന കാഴ്ചയാണ് കൊളംബോയിൽ കണ്ടത്. പരിക്കിന്റെ പിടിയിലായിരുന്ന ഓസീസിനെതിരെ പക്വതയാർന്ന ബാറ്റിംഗും കൃത്യതയാർന്ന ബൗളിംഗും പുറത്തെടുത്താണ് സിംബാബ്‌വെ വിജയം പിടിച്ചെടുത്തത്.
ആദ്യം ബാറ്റ് ചെയ്ത സിംബാബ്‌വെക്കായി ഓപ്പണർ ബെനറ്റിന്റെ തകർപ്പൻ അർദ്ധ സെഞ്ചുറിയാണ് സിംബാബ്‌വെയുടെ വിജയത്തിന് അടിത്തറയിട്ടത്. താരം 56 പന്തിലാണ് 64 റൺസ് (7 ഫോർ) നേടി പുറത്താകാതെ നിന്നു.
യുവതാരം നൽകിയ മികച്ച തുടക്കം അവസാന പന്തിൽ സിക്‌സർ പറത്തിക്കൊണ്ട് റാസ ഇന്നിംഗ്‌സ് അവസാനിപ്പിച്ചതോടെയാണ് സിംബാബ്‌വെ 169ലേക്ക് എത്തിയത്. റാസ 25 റൺസ് നേടി. തദിവനാഷെ മരുമണി (21 പന്തിൽ 35), റയാൻ ബേൾ (30 പന്തിൽ 35) എന്നിവരും മികച്ച പിന്തുണ നൽകി. ഓസ്‌ട്രേലിയയ്ക്കു വേണ്ടി ഗ്രീനും സ്‌റ്റോണിഷും ഓരോ വിക്കറ്റ് നേടി.
170 റൺസ് പിന്തുടർന്ന ഓസ്‌ട്രേലിയയ്ക്ക് തുടക്കത്തിൽ തന്നെ പ്രഹരമേറ്റു. ബ്ലെസിംഗ് മുസറബാനിയുടെയും ബ്രാഡ് ഇവാൻസിന്റെയും ബൗളിംഗിന് മുന്നിൽ ഓസീസ് മുൻനിര ചീട്ടുകൊട്ടാരം പോലെ തകർന്നു. 4 ഓവറിൽ 17 റൺസ് മാത്രം നൽകി 4 വിക്കറ്റുകൾ വീഴ്ത്തിയ മുസറബാനി ഓസീസിനെ തകർത്തു.
തന്റെ 100-ാം ടി20 വിക്കറ്റും താരം ഈ മത്സരത്തിൽ ആഘോഷിച്ചു. ഒറ്റയാൾ പോരാട്ടം നടത്തിയ റെൻഷോ(65 ) മാത്രമാണ് ഓസീസ് നിരയിൽ തിളങ്ങിയത്. എന്നാൽ 19-ാം ഓവറിൽ താരം പുറത്തായതോടെ ഓസ്‌ട്രേലിയയുടെ പതനം പൂർത്തിയായി.
ഓസ്‌ട്രേലിയയ്ക്കു വേണ്ടി ജോഷ് ഇംഗ്ലിസ് 8, ട്രാവിസ് ഹെഡ് 17, കാമറോൺ ഗ്രീൻ 0, ടിം ഡേവിഡ് 0, ഗ്ലെൻ മാക്‌സവൽ 31, സ്‌റ്റോണിഷ് 6, നാഥൻ ഇല്ലിസ് 7, ആദം സാംബ 2, കുൻഹ്മാൻ 0 എന്നിവരാണ് അവരുടെ സ്‌കോറർമാർ. സിംബാബ്‌വെയ്ക്കു വേണ്ടി ബ്ലെസിംഗ് മുസറബാനി 4ഉം, ബ്രാഡ് ഇവാൻസ് 3ും മസാകാഡസ്, ബേൾ ഓരോ വിക്കറ്റും നേടി.
2007 ടി20 ലോകകപ്പിൽ ബ്രണ്ടൻ ടെയ്‌ലറുടെ ബാറ്റിംഗിൽ സിംബാബ്‌വെ ഓസ്‌ട്രേലിയയെ അട്ടിമറിച്ചിരുന്നു. നീണ്ട 19 വർഷത്തെ കാത്തിരിപ്പിന് ശേഷം ഒരു ഐസിസി ടൂർണമെന്റിൽ ഓസ്‌ട്രേലിയയെ വീണ്ടും വീഴ്ത്തി സിംബാബ്‌വെ തങ്ങളുടെ പ്രതാപം വീണ്ടെടുത്തിരിക്കുകയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
