സയ്യിദ് മുഷ്താഖ് അലി ട്വന്റി 20 ടൂർണ്ണമെന്റിൽ ഛത്തീസ്ഗഢിനെതിരെ കേരളത്തിന് എട്ട് വിക്കറ്റിന്റെ തകർപ്പൻ ജയം. ആദ്യം ബാറ്റ് ചെയ്ത ഛത്തീസ്ഗഢ് 19.5 ഓവറിൽ 120 റൺസിന് ഓൾഔട്ടായി. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കേരളം 10.4 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ട്ടത്തിൽ അനായാസം ലക്ഷ്യം മറികടന്നു. കേരളത്തിന് വേണ്ടി മൂന്ന് വിക്കറ്റ് വീഴ്ത്തിയ കെ.എം ആസിഫാണ് പ്ലെയർ ഓഫ് ദി മാച്ച്.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിന് ഇറങ്ങിയ ഛത്തീസ്ഗഢിന് ആദ്യ പന്തിൽ തന്നെ വിക്കറ്റ് നഷ്ടമായി. ഷറഫുദ്ദീന്റെ പന്തിൽ വിഘ്‌നേഷ് പുത്തൂർ ക്യാച്ചെടുത്ത് ഓപ്പണർ ആയുഷ് പാണ്ഡെ മടങ്ങി. രണ്ടാം വിക്കറ്റിൽ ക്യാപ്ടൻ അമൻദീപ് ഖാരെയും ശശാങ്ക് ചന്ദ്രാകറും ചേർന്ന് 45 റൺസ് കൂട്ടിച്ചേർത്തു. എന്നാൽ തുടരെയുള്ള പന്തുകളിൽ രണ്ട് വിക്കറ്റുകൾ വീഴ്ത്തി കെ.എം ആസിഫ് കളിയുടെ ഗതി കേരളത്തിന് അനുകൂലമാക്കി.
ഏഴാം ഓവറിലെ രണ്ടാം പന്തിൽ ശശാങ്ക് ചന്ദ്രാകറിനെ റിട്ടേൺ ക്യാച്ചിലൂടെ പുറത്താക്കിയ ആസിഫ്, അടുത്ത പന്തിൽ ഐപിഎല്ലിലെ വെടിക്കെട്ട് താരം ശശാങ്ക് സിങ്ങിനെ എൽബിഡബ്ല്യുവിൽ കുടുക്കി.
നാലാം വിക്കറ്റിൽ അമൻദീപ് ഖാരെയും സഞ്ജീത് ദേശായിയും ചേർന്ന് 51 റൺസ് കൂട്ടിച്ചേർത്തു. എന്നാൽ 14ആം ഓവറിൽ ഇരുവരെയും അങ്കിത് ശർമ്മ റിട്ടേൺ ക്യാച്ചുകളിലൂടെ പുറത്താക്കിയതോടെ ഛത്തീസ്ഗഢ് ബാറ്റിങ് നിരയുടെ തകർച്ചയ്ക്ക് തുടക്കമായി. വെറും 22 റൺസ് കൂടി കൂട്ടിച്ചേർക്കുന്നതിനിടെ ശേഷിക്കുന്ന അഞ്ച് വിക്കറ്റുകൾ കൂടി നഷ്ടമായതോടെ ഛത്തീസ്ഗഢ് 19.5 ഓവറിൽ 120 റൺസിന് ഓൾ ഔട്ടായി.
അമൻദീപ് ഖാരെ 41ഉം സഞ്ജീത് ദേശായി 35ഉം റൺസെടുത്തു. കേരളത്തിന് വേണ്ടി കെ.എം ആസിഫ് മൂന്ന് വിക്കറ്റും അങ്കിത് ശർമ്മയും വിഘ്‌നേഷ് പുത്തൂരും രണ്ട് വിക്കറ്റുകൾ വീതവും വീഴ്ത്തി.
മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കേരളത്തിന് ക്യാപ്ടൻ സഞ്ജു സാംസനും രോഹൻ കുന്നുമ്മലും ചേർന്ന് തകർപ്പൻ തുടക്കം നൽകി. ഇരുവരും ചേർന്ന് വെറും 26 പന്തുകളിൽ 72 റൺസാണ് അടിച്ചു കൂട്ടിയത്. 15 പന്തുകളിൽ രണ്ട് ഫോറും അഞ്ച് സിക്‌സുമടക്കം 43 റൺസ് നേടിയാണ് സഞ്ജു മടങ്ങിയത്. രോഹൻ 17 പന്തുകളിൽ മൂന്ന് ഫോറും രണ്ട് സിക്‌സുമടക്കം 33 റൺസെടുത്തു.
തുടർന്നെത്തിയ സൽമാൻ നിസാറും വിഷ്ണു വിനോദും ചേർന്ന് 11ആം ഓവറിൽ തന്നെ കേരളത്തെ വിജയത്തിലെത്തിച്ചു. സൽമാൻ നിസാർ 16ഉം വിഷ്ണു വിനോദ് 22ഉം റൺസുമായി പുറത്താകാതെ നിന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
