ഫ്‌ലോറിഡ: ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെ വാനോളം പുകഴ്ത്തി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. നെതന്യാഹുവിന്റെ ഇല്ലായിരുന്നെങ്കില്‍ ഒരുപക്ഷേ ഇസ്രയേല്‍ എന്ന രാജ്യം ഇന്ന് നിലനില്‍ക്കുമായിരുന്നില്ല എന്ന് ട്രംപ് പറഞ്ഞു. ഫ്‌ളോറിഡയിലെ ട്രംപിന്റെ സ്വകാര്യ വസതിയായ മാര്‍-എ-ലാഗോയില്‍ ചൊവ്വാഴ്ച നടന്ന കൂടിക്കാഴ്ചയിലായിരുന്നു പരാമര്‍ശം.
ഗാസയിലെ സമാധാന ചര്‍ച്ചകള്‍, ഇറാന്‍ ഭീഷണി തുടങ്ങിയ നിര്‍ണായക വിഷയങ്ങളാണ് കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായത്. നെതന്യാഹുവിനെ ഒരു യുദ്ധകാല നായകന്‍ എന്നാണ് ട്രംപ് വിശേഷിപ്പിച്ചത്. നെതന്യാഹു ചിലപ്പോള്‍ കടുത്ത തീരുമാനങ്ങള്‍ എടുക്കുന്ന വ്യക്തിയാണെങ്കിലും ഇസ്രായേലിന് ഇപ്പോള്‍ വേണ്ടത് അത്തരമൊരു കരുത്തനായ നേതാവിനെയാണെന്ന് ട്രംപ് പറഞ്ഞു.
നിലവില്‍ അഴിമതി കേസുകളില്‍ വിചാരണ നേരിടുന്ന നെതന്യാഹുവിന് ഇസ്രായേല്‍ പ്രസിഡന്റ് ഐസക് ഹെര്‍സോഗ് ഉടന്‍ മാപ്പ് നല്‍കുമെന്ന പ്രതീക്ഷയും ട്രംപ് പങ്കുവെച്ചു. തന്റെ പ്രസംഗത്തിനിടെ ഇറാനും ട്രംപ് ശക്തമായ മുന്നറിയിപ്പ് നല്‍കി. ആണവ മോഹങ്ങളുമായി മുന്നോട്ട് പോകാനുള്ള ഇറാന്റെ ഏതൊരു ശ്രമവും അമേരിക്ക വെച്ചുപൊറുപ്പിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
ഗാസയില്‍ യുദ്ധം തുടരുകയും മേഖലയില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയും ചെയ്യുന്ന പശ്ചാത്തലത്തിലാണ് ഇരു നേതാക്കളും കൂടിക്കാഴ്ച നടത്തിയത്. വര്‍ഷാവസാനത്തോടെ വിദേശ നയങ്ങളില്‍ ട്രംപ് നടത്തുന്ന ശക്തമായ ഇടപെടലുകളുടെ ഭാഗമായാണ് ഈ കൂടിക്കാഴ്ച നടന്നതെന്ന് സിഎന്‍എന്‍ റിപ്പോര്‍ട്ടു ചെയ്തു. കഴിഞ്ഞ രണ്ട് ദിവസത്തിനുള്ളില്‍ ട്രംപിന്റെ മാര്‍-എ-ലാഗോ വസതി സന്ദര്‍ശിക്കുന്ന രണ്ടാമത്തെ വിദേശ നേതാവാണ് നെതന്യാഹു. ചര്‍ച്ചയ്ക്ക് മുന്നോടിയായി നെതന്യാഹുവുമായി അഞ്ച് പ്രധാന വിഷയങ്ങള്‍ സംസാരിക്കാന്‍ പദ്ധതിയുണ്ടെന്ന് ട്രംപ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. കൂടിക്കാഴ്ച ആരംഭിച്ച് ഏതാനും മിനിറ്റുകള്‍ക്കുള്ളില്‍ തന്നെ അതില്‍ മൂന്ന് കാര്യങ്ങളില്‍ പുരോഗതി ഉണ്ടായതായും അദ്ദേഹം സൂചിപ്പിച്ചു.
ഒരു മണിക്കൂറിലധികം നീണ്ട ചര്‍ച്ചയ്ക്ക് ശേഷം നേതാക്കള്‍ പുറത്തെത്തിയെങ്കിലും പുതിയ കരാറുകളോ സുപ്രധാന തീരുമാനങ്ങളോ ഔദ്യോഗികമായി പ്രഖ്യാപിച്ചില്ല. കൃത്യമായ നയപ്രഖ്യാപനങ്ങള്‍ക്ക് പകരം, ഇരു നേതാക്കളും തമ്മിലുള്ള വ്യക്തിബന്ധവും രാഷ്ട്രീയപരമായ ഐക്യവും പ്രകടമാക്കുന്ന രീതിയിലുള്ള പുകഴ്ത്തലുകളാണ് കൂടിക്കാഴ്ചയില്‍ ഉടനീളം കണ്ടത്. പ്രത്യേക പ്രഖ്യാപനങ്ങളൊന്നും ഉണ്ടായില്ലെങ്കിലും, ചര്‍ച്ചകള്‍ തുടരുകയാണെന്നും വെസ്റ്റ് ബാങ്ക് പോലുള്ള അതീവ ഗൗരവകരമായ വിഷയങ്ങളില്‍ പോലും ഉടന്‍ തന്നെ ഒരു തീരുമാനത്തില്‍ എത്താന്‍ സാധിക്കുമെന്നും ട്രംപ് ആത്മവിശ്വാസം പ്രകടിപ്പിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
