സവാനി ഗ്രൂപ്പ് കേസുമായി ബന്ധപ്പെട്ട കേസിൽ നിന്ന് കുറ്റവിമുക്തനാക്കപ്പെട്ടതിൽ സന്തോഷമറിയിച്ച് സർട്ടിഫൈഡ് പബ്ലിക് അക്കൗണ്ടന്റായ സുനിൽ ഫിലിപ്പ്. ജൂറിയുടെ നീതിപൂർണ്ണമായ തീരുമാനത്തിന് താൻ നന്ദിയുള്ളവനാണെന്ന് സുനിൽ ഫിലിപ്പ് പ്രതികരിച്ചു. അമേരിക്കയിലെ ഈസ്റ്റേൺ ഡിസ്ട്രിക്ട് ഓഫ് പെൻസിൽവേനിയയിലെ യുഎസ് ജില്ലാ കോടതിയിൽ നടന്ന സങ്കീർണ്ണമായ ഫെഡറൽ കേസിൽ സർട്ടിഫൈഡ് പബ്ലിക് അക്കൗണ്ടന്റായ സുനിൽ ഫിലിപ്പിനെ എല്ലാ കുറ്റാരോപണങ്ങളിൽ നിന്നും പൂർണമായി കുറ്റവിമുക്തനാക്കിക്കൊണ്ടുള്ള വിധി വന്നത് മാർച്ച് 9നാണ്.
വിസാ തട്ടിപ്പ്, ഹെൽത്ത്‌കെയർ തട്ടിപ്പ്, നികുതി വെട്ടിപ്പ്, മണി ലോണ്ടറിംഗ്, നിയമ ലംഘനങ്ങൾ തുടങ്ങി നിരവധി കുറ്റകൃത്യങ്ങൾ നടത്തിയതിനെത്തുടർന്ന് പെൻസിൽവാനിയയിൽ നിന്നുള്ള സവാനി ഗ്രൂപ്പ് ഉടമകൾ ശിക്ഷിക്കപ്പെട്ട വാർത്ത ഏറെ വാർത്താ പ്രാധാന്യം നേടിയിരുന്നു. ഇന്ത്യൻ വംശജരായ സഹോദരങ്ങൾ ഭാസ്‌കർ സവാനി, അരുൺ സവാനി എന്നിവരാണ് കുറ്റക്കാരാണെന്ന് തെളിഞ്ഞത്. കേസന്വേണത്തിനിടെ കമ്പനിയിൽ ജോലി ചെയ്തിരുന്ന പലരേയും പ്രതികളുടെ പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നു. അക്കൂട്ടത്തിൽ പ്രതിപ്പട്ടികയിൽ ഉൾപ്പെട്ട ഒരാളായിരുന്നു സർട്ടിഫൈഡ് പബ്ലിക് അക്കൗണ്ടന്റായ സുനിൽ ഫിലിപ്പ്.
എന്നാൽ വിചാരണയ്ക്കിടെ സുനിൽ ഫിലിപ്പിന് യാതൊരു കുറ്റകൃത്യത്തിലും പങ്കില്ലെന്ന് വ്യക്തമായി തെളിഞ്ഞു. കമ്പനിയുടെ ഇൻഹൗസ് അക്കൗണ്ടിംഗ് സംഘത്തിൽ നിന്നുള്ള വിവരങ്ങളെ വിശ്വാസത്തിലെടുത്ത് തന്റെ പ്രൊഫഷണൽ ജോലി മാത്രം നിർവ്വഹിച്ചിരുന്ന വ്യക്തിയാണ് അദ്ദേഹം എന്ന് പ്രതിഭാഗം തെളിയിച്ചു. സുനിൽ ഫിലിപ്പിനെ പ്രതിനിധീകരിച്ചത് Fox Rothschild LLP-യിലെ അഭിഭാഷകരായ പാട്രിക് ജെ. ഈഗനും സവേറിയോ എസ്. റോമിയോയും ആയിരുന്നു. ഏഴ് ആഴ്ച നീണ്ട ജൂറി വിചാരണയിൽ അവർ സുനിൽ ഫിലിപ്പിന്റെ നിരപരാധിത്വം ശക്തമായി വാദിച്ചു.
സർക്കാരിന്റെ വാദം അവസാനിച്ചപ്പോൾ തന്നെ കോടതിയിലൂടെ റാക്കറ്റിയറിംഗും മണി ലോണ്ടറിംഗും സംബന്ധിച്ച കുറ്റങ്ങൾ ഒഴിവാക്കിയിരുന്നു. തുടർന്ന് ഏകദേശം നാല് ദിവസത്തെ ആലോചനയ്ക്കുശേഷം, 2026 മാർച്ച് 9ന് ജൂറി ബാക്കി ഉണ്ടായിരുന്ന എല്ലാ നികുതി കുറ്റാരോപണങ്ങളിലും നിന്ന് സുനിൽ ഫിലിപ്പിനെ കുറ്റവിമുക്തനാക്കി. കേസിൽ പ്രതിചേർക്കപ്പെട്ട നിമിഷം മുതൽ പരിഭ്രാന്തിയിലും വിഷമത്തിലുമായിരുന്ന സുനിൽ ഫിലിപ്പിന്റെ പ്രീയപ്പെട്ടവർക്കു മുഴുവൻ ആശ്വാസം പകരുന്നതായിരുന്നു വിധി. വിചാരണകാലം മുഴുവൻ ഫിലഡൽഫിയയിലെ വിശ്വാസ സമൂഹം അദ്ദേഹത്തിനായി പ്രാർത്ഥിക്കുകയും പിന്തുണ നൽകുകയും ചെയ്തിരുന്നു.
തനിക്കെതിരെ ചുമത്തപ്പെട്ട എല്ലാ കുറ്റങ്ങളിലും നിന്നു താൻ കുറ്റവിമുക്തനായെന്നു വിധിക്ക് ശേഷം സുനിൽ ഫിലിപ്പ് പ്രതികരിച്ചു. ജൂറിയുടെ തീരുമാനം നീതിപൂർണ്ണമായിരുന്നു. നിയമപരമായ എല്ലാ സഹായങ്ങളും നൽകിയ അഭിഭാഷകർക്കും അറ്റോർണി മകൾ ബെലിൻഡ ഫിലിപ്പിനും നന്ദി പറയുന്നുവെന്നും പ്രതിസന്ധിഘട്ടത്തിൽ കൂടെ നിന്ന എല്ലാവരോടും സ്‌നേഹം അറിയിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
1983ൽ അമേരിക്കയിലെത്തിയ സുനിൽ ഫിലിപ്പ് പ്രശസ്തമായ വാർട്ടൺ സ്‌കൂളിൽ നിന്ന് ബിരുദം നേടിയ വ്യക്തിയാണ്. 1986ൽ പബ്ലിക് അക്കൗണ്ടന്റായി യോഗ്യത നേടിയ അദ്ദേഹം, 1990ൽ സ്വന്തം അക്കൗണ്ടിംഗ് പ്രാക്ടീസ് ആരംഭിച്ചു. ഏറെ നീണ്ട അനിശ്ചിതത്വങ്ങൾക്ക് ശേഷമുള്ള ഈ വിധി സുനിൽ ഫിലിപ്പ് സത്യസന്ധതയോടെയും പ്രൊഫഷണൽ നിഷ്ഠയോടെയും പ്രവർത്തിച്ച വ്യക്തിയാണെന്ന് തെളിയിക്കുന്നു. അദ്ദേഹത്തിന്റെ കുറ്റവിമുക്തി നീതിയുടെ വിജയം കൂടിയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
