അലാസ്‌കയില്‍ ക്രൂയിസ് കപ്പലിന്റെ മുന്‍ഭാഗത്ത് ചത്ത നിലയില്‍ കണ്ടെത്തിയ തിമിംഗലം ഗര്‍ഭിണിയെന്ന് സ്ഥിരീകരണം; അന്വേഷണം ആരംഭിച്ച് യു.എസ് ഏജന്‍സികള്‍

JUNE 22, 2026, 7:34 PM

വാഷിംഗ്ടണ്‍: തെക്കന്‍ അലാസ്‌കയിലെ തുറമുഖത്ത് അടുത്ത ആഡംബര ക്രൂയിസ് കപ്പലിന്റെ മുന്‍ഭാഗത്ത് ചത്ത നിലയില്‍ കണ്ടെത്തിയ വംശനാശഭീഷണി നേരിടുന്ന വലിയ തിമിംഗലം ഗര്‍ഭിണിയായിരുന്നുവെന്ന് റിപ്പോര്‍ട്ട്. കപ്പലുകളിലിടിച്ചുള്ള അപകടങ്ങളില്‍ പെട്ട് വംശനാശത്തിന്റെ വക്കിലെത്തിനില്‍ക്കുന്ന ജീവിവര്‍ഗമാണിത്.

കഴിഞ്ഞ വെള്ളിയാഴ്ച അലാസ്‌കയിലെ തീരദേശ നഗരമായ സെവാര്‍ഡില്‍ എത്തിയ 'ഓവേഷന്‍ ഓഫ് ദി സീസ്' എന്ന ക്രൂയിസ് കപ്പലിന്റെ മുന്‍ഭാഗത്താണ് തിമിംഗലത്തിന്റെ ജഡം കുടുങ്ങിക്കിടക്കുന്നതായി കണ്ടെത്തിയത്. കടലില്‍ കപ്പലിന്റെ വേഗത കൂട്ടാന്‍ വെള്ളത്തിനടിയിലായി ക്രമീകരിക്കുന്ന പ്രത്യേക ഭാഗത്താണ് ജഡം തങ്ങിനിന്നിരുന്നത്. തുടര്‍ന്ന് യു.എസ് പരിസ്ഥിതി-സമുദ്ര സംരക്ഷണ ഏജന്‍സിയായ നോവ വിഭാഗം സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിക്കുകയായിരുന്നു.

തുറമുഖത്ത് നിന്നും പ്രാദേശിക ടോവിങ് കമ്പനിയുടെ സഹായത്തോടെ 61 അടി നീളമുള്ള പെണ്‍തിമിംഗലത്തിന്റെ ജഡം സമീപത്തെ ബീച്ചിലേക്ക് മാറ്റി. തുടര്‍ന്ന് അലാസ്‌ക സീലൈഫ് സെന്ററുമായി ചേര്‍ന്ന് വിദഗ്ധര്‍ തിമിംഗലത്തിന്റെ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ ആരംഭിച്ചു. പ്രാഥമിക പരിശോധനയിലാണ് ഈ തിമിംഗലം ഗര്‍ഭിണിയായിരുന്നുവെന്ന വിവരം പുറത്തുവന്നത്. തിമിംഗലത്തിന്റെ അവശിഷ്ടങ്ങളോ തൊലിയോ മറ്റോ ശേഖരിക്കുന്നത് നിയമവിരുദ്ധമാണെന്നും അന്വേഷണവുമായി പൊതുജനങ്ങള്‍ സഹകരിക്കണമെന്നും അധികൃതര്‍ അറിയിച്ചു.

കപ്പല്‍ ഇടിച്ചാണോ തിമിംഗലം ചത്തത് അതോ ചത്ത ശേഷമാണോ കപ്പലില്‍ കുടുങ്ങിയത് എന്ന കാര്യം സ്ഥിരീകരിക്കാന്‍ ശാസ്ത്രീയ പരിശോധനകളുടെ ഫലം പുറത്തുവരേണ്ടതുണ്ട്. സംഭവത്തില്‍ നോവയുടെ നിയമപാലക വിഭാഗം അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. നീലത്തിമിംഗലം കഴിഞ്ഞാല്‍ ഭൂമിയിലെ ഏറ്റവും വലിയ രണ്ടാമത്തെ ജീവിവര്‍ഗമാണ് ഫിന്‍ തിമിംഗലങ്ങള്‍. ഇരുപതാം നൂറ്റാണ്ടിന്റെ മധ്യത്തില്‍ നടന്ന ക്രൂരമായ തിമിംഗല വേട്ടയെ തുടര്‍ന്നാണ് ഇവ വംശനാശ ഭീഷണി നേരിടുന്ന ജീവികളുടെ പട്ടികയിലായത്. ദക്ഷിണ അര്‍ധഗോളത്തില്‍ മാത്രം അക്കാലത്ത് ഏഴേകാല്‍ ലക്ഷത്തോളം ഫിന്‍ തിമിംഗലങ്ങള്‍ വേട്ടയാടപ്പെട്ടിരുന്നു.

നിലവില്‍ വാണിജ്യപരമായ വേട്ടയാടല്‍ നിരോധിച്ചിട്ടുണ്ടെങ്കിലും അതിവേഗത്തില്‍ പായുന്ന വന്‍കിട കപ്പലുകളിലിടിക്കുന്നത് ഇവയുടെ നിലനില്‍പ്പിന് വലിയ ഭീഷണിയാകുന്നുണ്ട്. തിമിംഗലങ്ങള്‍ കൂടുതലായി കാണപ്പെടുന്ന സമുദ്ര മേഖലകളില്‍ കപ്പലുകള്‍ക്ക് വേഗത പരിധി ഏര്‍പ്പെടുത്തണമെന്ന ആവശ്യം ഇതോടെ പരിസ്ഥിതി പ്രവര്‍ത്തകര്‍ വീണ്ടും ശക്തമാക്കിയിട്ടുണ്ട്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam