കാലിഫോര്‍ണിയ: ആഗോള ടെക് ലോകത്തെയും ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പ് ഇക്കോ സിസ്റ്റത്തെയും ഒരുപോലെ അമ്പരപ്പിച്ചു കൊണ്ട് വന്‍ തന്ത്രപ്രധാന നീക്കവുമായി സോഷ്യല്‍ മീഡിയ ഭീമന്മാരായ മെറ്റ. പ്രമുഖ ഇന്ത്യന്‍ ഫിന്‍ടെക് പ്ലാറ്റ്ഫോമായ ക്രെഡിന്റെ സ്ഥാപകന്‍ കുനാല്‍ ഷായെ വാട്‌സ്ആപ്പിന്റെ പുതിയ ആഗോള മേധാവിയായി മെറ്റ പ്രഖ്യാപിച്ചു. ഏഴ് വര്‍ഷമായി വാട്‌സ്ആപ്പിനെ വിജയകരമായി നയിച്ച വില്‍ കാത്ത്കാര്‍ട്ട് പടിയിറങ്ങുന്നതോടെയാണ് കുനാല്‍ ഷാ ഈ പദവിയിലെത്തുന്നത്.
ഈ ചരിത്രപരമായ നേതൃമാറ്റത്തോടൊപ്പം, കുനാല്‍ ഷായുടെ കമ്പനിയായ ക്രെഡില്‍ 900 മില്യണ്‍ ഡോളറിന്റെ വന്‍ നിക്ഷേപവും മെറ്റ പ്രഖ്യാപിച്ചു. പ്രൈമറി, സെക്കന്‍ഡറി ഓഹരി ഇടപാടുകളിലൂടെ നടക്കുന്ന ഈ നിക്ഷേപത്തോടെ ക്രെഡിന്റെ 20 ശതമാനം ഓഹരികള്‍ മെറ്റയ്ക്ക് സ്വന്തമാകും. ഇതോടെ ക്രെഡിന്റെ ആകെ മൂല്യം 4.5 ബില്യണ്‍ ഡോളറായി ഉയര്‍ന്നു.
പുതിയ ചുമതലയേല്‍ക്കുന്നതോടെ കുനാല്‍ ഷാ ക്രെഡിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ നിന്ന് പൂര്‍ണ്ണമായും ഒഴിഞ്ഞുമാറും. എന്നാല്‍ കമ്പനിയുടെ പ്രധാന ഓഹരി ഉടമയായി അദ്ദേഹം തുടരും. 2020 മുതല്‍ ക്രെഡിന്റെ സ്ട്രാറ്റജി ആന്‍ഡ് ഫിനാന്‍സ് വിഭാഗം മേധാവിയായ മിറ്റന്‍ സമ്പത്ത് കമ്പനിയുടെ താല്‍ക്കാലിക സിഇഒ ആയി ഉടന്‍ ചുമതലയേല്‍ക്കും.
ഈ വലിയ മുന്നേറ്റത്തിന്റെ ഭാഗമായി ജീവനക്കാര്‍ക്കായി തങ്ങളുടെ അഞ്ചാമത് ഇഎസ്ഒപി ബൈബാക്ക് പ്രോഗ്രാമും ക്രെഡ് പ്രഖ്യാപിച്ചിട്ടുണ്ട്. 2018 ല്‍ പൂജ്യത്തില്‍ നിന്ന് തുടങ്ങി, നിലവില്‍ 1.7 കോടിയിലധികം ഉപഭോക്താക്കളുള്ള ക്രെഡ്, 2026 ല്‍ തങ്ങളുടെ ആദ്യ ലാഭകരമായ പാദം രേഖപ്പെടുത്തിയതിന് പിന്നാലെയാണ് ഈ വന്‍ പ്രഖ്യാപനം വരുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
