ആറു വർഷം മുൻപ് ഗാന്ധിജയന്തി ദിനത്തിൽ ഒരു ചെറിയ വാചകത്തോടെയാണ് ഞങ്ങൾ തുടങ്ങിയത്...'വാക്കുകൾക്ക് മരണമില്ല' എന്ന്. വായന മരിക്കും, അച്ചടി മരിക്കും എന്ന് ലോകം വിധി എഴുതിയ കാലത്തായിരുന്നു വാചകത്തിന്റെ ആദ്യ ലക്കം പിറന്നത്. സ്ക്രീനിന്റെ വെളിച്ചത്തിൽ കണ്ണും മനസ്സും തളർന്ന മനുഷ്യനോട്, കടലാസിന്റെ മണമുള്ള സത്യസന്ധമായി അച്ചടിച്ച വാർത്തകളും വിശേഷങ്ങളും കൈവിട്ടുകളയരുതെന്നു ഞങ്ങൾ പറഞ്ഞു. ആ എഡിറ്റോറിയലിന്റെ സത്ത ഇതായിരുന്നു. വേഗത്തിൽ വായിച്ചു തീർക്കാനുള്ളതല്ല വാർത്ത, നിർത്തി, ചിന്തിച്ച്, അടയാളപ്പെടുത്തി സൂക്ഷിക്കാനുള്ളതാണ് വാചകം. ഇന്ന് ആറു വർഷത്തിനിപ്പുറം തിരിഞ്ഞു നോക്കുമ്പോൾ ആ വാക്ക് ഞങ്ങൾക്ക് തെറ്റിയില്ല എന്ന് അഭിമാനത്തോടെ പറയാൻ കഴിയും.
ഈ ആറു വർഷം മാധ്യമ ലോകം ആകെ മാറി. വാർത്ത വിരൽത്തുമ്പിൽ നിന്ന് കണ്ണിമയ്ക്കുന്ന വേഗത്തിൽ മാറുന്ന കാലം. ഒരു സത്യം പുറത്തുവരുന്നതിനു മുൻപേ ആയിരം വ്യാജങ്ങൾ അതിനെ കീഴടക്കുന്ന കാലം. ഈ ബഹളത്തിനിടയിൽ ഞങ്ങൾ ഉറച്ചു നിന്നത് ഒരു വിശ്വാസത്തിലാണ് വാർത്തയുടെ വേഗതയല്ല, വാചകത്തിന്റെ സത്യസന്ധതയാണ് വായനക്കാരന് വേണ്ടത്. പ്രിന്റ് മീഡിയ പ്രസക്തമാണോ എന്ന ചോദ്യം ഇന്നും പലരും ചോദിക്കും. ഞങ്ങളുടെ ഉത്തരം വളരെ വ്യക്തമാണ്. ഡിജിറ്റൽ ലോകം വിവരം തരും, പ്രിന്റ് മീഡിയ വിവേകം തരും. സ്ക്രീനിൽ തെന്നി നീങ്ങുന്ന അക്ഷരങ്ങൾ മറന്നു പോകും, കടലാസിൽ പതിഞ്ഞ അക്ഷരങ്ങൾ മനസ്സിൽ തങ്ങി നിൽക്കും. വിശ്വസിക്കാൻ കൊള്ളാവുന്ന ഒരു വാചകത്തിനായി ഇന്നും പ്രബുദ്ധ മലയാളി കാത്തിരിക്കുന്നു എന്നതാണ് വാചകം വാരികയുടെ ഓരോ ലക്കവും തെളിയിക്കുന്നത്.
ഈ യാത്രയിൽ വാചകത്തെ വാചകമാക്കിയത് അതിന്റെ എഴുത്തുകാരാണ്. മലയാളത്തിന്റെ പ്രിയ സാഹിത്യകാരൻ സി. രാധാകൃഷ്ണൻ എഴുതുന്ന രസമുള്ള കാര്യങ്ങൾ ഇല്ലാത്തതും, നിയമത്തിന്റെയും നീതിയുടെയും നേർവഴി കാണിക്കുന്ന ഡോ. സെബാസ്റ്റ്യൻ പോൾ എഴുതുന്ന പലരും പലതും, അച്ചടിദൃശ്യമാധ്യമങ്ങളിലെ നിത്യസാന്നിധ്യമായ മാധ്യമ നിരീക്ഷകൻ ചെക്കുട്ടി എഴുതുന്ന നാഴികമണി, മുൻ മീഡിയ അക്കാദമി അധ്യക്ഷൻ സെർജി ആന്റണി എഴുതുന്ന മാറുന്ന കാലം, ഡൽഹിയുടെ അധികാര ഇടനാഴികളിലെ ചലനങ്ങൾ അടയാളപ്പെടുത്തുന്ന എമ എൽസ എൽവിന്റെ ഡൽഹി ഡർബാർ, മാധ്യമ ധർമ്മത്തിന്റെ മർമ്മം അറിയുന്ന ബാബു കദളിക്കാട്, പ്രവാസ ലോകത്തിന്റെ ഹൃദയമറിഞ്ഞ ആന്റണി ചടയംമുറി, എഴുത്തിൽ പുതു കാലത്തിന്റെ ശബ്ദമായ പ്രിജിത് രാജ് തുടങ്ങി മാധ്യമരംഗത്ത് മുൻനിരയിൽ നിൽക്കുന്നവരുടെ നിരന്തരമായ കോളങ്ങൾ വാചകത്തിന്റെ കരുത്താണ്. അവർ തന്ന വെളിച്ചമാണ് ഓരോ വായനക്കാരനെയും ഞങ്ങളോട് ചേർത്തു നിർത്തിയത്.
അനുദിനം മാറിക്കൊണ്ടിരിക്കുന്ന ഇലക്ട്രോണിക് ലോകത്തിന്റെ സ്പന്ദനങ്ങൾ അതേ നിമിഷം വായനക്കാരിലെത്തിക്കുന്ന ഇലക്ട്രോണിക് പേജ് വാചകത്തിന്റെ മാത്രം പ്രത്യേകതയാണ്. ലോകത്തിന്റെ ഏതു കോണിലുള്ള വാർത്തയും അതിവേഗം എത്തിക്കുക മാത്രമല്ല, അതിലെ നെല്ലും പതിരും വേർതിരിച്ച്, സത്യം എന്തെന്ന് വിശകലനം ചെയ്ത് അവതരിപ്പിക്കുന്ന എക്സ്ക്ലൂസീവ് സ്റ്റോറികൾ കൈകാര്യം ചെയ്യുന്നതിലും വാചകം എന്നും ഒരുപടി മുന്നിലാണ്. ഒപ്പം, അഭിമാനത്തോടെ തുടരുന്ന ഒരു പരമ്പരയുണ്ട് നടനവിസ്മയം. മലയാളത്തിന്റെ അഭിമാനമായ മോഹൻലാലിനെക്കുറിച്ച് ഞാൻ എഴുതുന്ന ആ പംക്തി, ഒരു നടനെക്കുറിച്ചുള്ള കുറിപ്പ് മാത്രമല്ല, ഒരു കാലഘട്ടത്തിന്റെ കലയെക്കുറിച്ചുള്ള അടയാളപ്പെടുത്തലാണ്. പുതിയ തലമുറയെ മറന്നിട്ടില്ല. അവർക്കായി ഞങ്ങൾ ഒരുക്കുന്ന നെക്സ്റ്റ് ജെൻ പംക്തി ഇന്ന് ടീനേജുകാർ ഏറ്റെടുത്തു കഴിഞ്ഞു. വായന വഴി മാറി പോകുന്നു എന്ന് പരിഭവം പറയുന്നവരോട് ഞങ്ങൾ പറയും, വായന വഴി മാറിയിട്ടില്ല, ഇന്നും അത് വഴികാട്ടി ആയി തുടരുന്നു. വാചകത്തിന് മറ്റൊരു സന്തോഷം കൂടിയുണ്ട്. ഷിക്കാഗോയിൽ നിന്ന് തുടങ്ങിയ ഈ വാരിക ഇന്ന് കാനഡയിൽ നിന്ന് രണ്ടാമത്തെ പ്രിന്റ് എഡിഷൻ ആരംഭിച്ച വിവരം നിങ്ങൾക്ക് അറിയാമല്ലോ. ഇത് വെറും ഒരു എഡിഷൻ മാത്രമല്ല, മലയാള വാക്കിനെ ലോകത്തിന്റെ വിവിധ കോണുകളിൽ എത്തിക്കാനുള്ള ഞങ്ങളുടെ സ്വപ്നത്തിന്റെ തുടക്കമാണ്.
ഈ അവസരത്തിൽ വാചകം വാരിക എന്ന ആശയത്തെ മുന്നോട്ടു നയിക്കാൻ കഠിനമായി പ്രയത്നിക്കുന്ന ഞങ്ങളുടെ ചെയർമാനും സി.ഇ.ഒയുമായ ജോസ് ചെന്നിക്കര, വൈസ് ചെയർമാൻ സിറിൾ ചെന്നിക്കര, ഞങ്ങളുടെ ഡിജിറ്റൽ സാന്നിധ്യത്തിന് കരുത്തു പകരുന്ന ഓൺലൈൻ എഡിറ്റർ റോബിൻസ് ആന്റണി, അവരോടൊത്തു ലോകത്തിന്റെ വിവിധ പ്രദേശങ്ങളിൽ സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമപ്രവർത്തകർ... കൂടാതെ, വാചകത്തിന്റെ പേജുകൾ മനോഹരമായി ലേയൗട്ട് ചെയ്യുന്ന ഡിസൈനേഴ്സ് എന്നിവരേയും പ്രത്യേകം അഭിനന്ദിക്കുന്നു. എല്ലാവരുടെയും കൂട്ടായ അദ്ധ്വാനവും ദീർഘവീക്ഷണവുമാണ് വാചകത്തെ ഈ നിലയിൽ എത്തിച്ചത്. വാചകം വാരിക എന്നാൽ വെറും 32 പേജുള്ള ന്യൂസ് പേപ്പർ മാത്രമല്ല, അത് ഒരു വിശ്വാസമാണ്. സത്യത്തിനൊപ്പം നിൽക്കും, മനുഷ്യനൊപ്പം നിൽക്കും എന്ന വിശ്വാസം.
ഏഴാം വർഷത്തിലേക്ക് കടക്കുമ്പോൾ ഞങ്ങൾക്ക് ഒന്നേ പറയാനുള്ളൂ. കൂടെ നിന്ന എല്ലാ വായനക്കാർക്കും, എഴുത്തുകാർക്കും, പരസ്യം തന്നു സഹായിച്ചവർക്കും, വിതരണക്കാർക്കും, തെറ്റുകൾ ചൂണ്ടി കാട്ടിയവർക്കും, സ്നേഹിച്ചവർക്കും നന്ദി.
വായിക്കൂ! വായിച്ചു വളരൂ!
ജോഷി ജോർജ്
എഡിറ്റർ, വാചകം
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
