ന്യൂയോര്‍ക്ക്: ടെക് ലോകത്തെ മുന്‍നിര ചിപ്പ് നിര്‍മാതാക്കളായ എന്‍വിഡിയ നിലവില്‍ കടുത്ത വിവാദങ്ങളുടെ ചുഴിയിലാണ്. സിഇഒ ജെന്‍സന്‍ ഹുവാങ്ങുമായി ബന്ധപ്പെട്ട വ്യക്തിപരമായ വിവാദങ്ങളും ചൈനീസ് ചാരവൃത്തി ആരോപണങ്ങളും കമ്പനിയെ പ്രതിസന്ധിയിലാക്കിയിരിക്കുന്നു. എഐ മുന്നേറ്റത്തിന്റെ നെടുതൂണായ എന്‍വിഡിയയുടെ മൂല്യവും വരുമാനവും കുതിച്ചുയരുന്നതിനിടയിലുണ്ടായ ഈ സംഭവവികാസങ്ങള്‍ ഡയറക്ടര്‍ ബോര്‍ഡിന് വലിയ തലവേദനയാണ് സൃഷ്ടിച്ചിരിക്കുന്നത്. ഹുവാങ്ങിനെ സ്ഥാനത്തുനിന്ന് നീക്കുക എളുപ്പമല്ലെങ്കിലും, അദ്ദേഹം പുറത്തായാല്‍ പകരം ആര് വരുമെന്ന ചര്‍ച്ചകളാണ് ഇപ്പോള്‍ ടെക് ലോകത്ത് സജീവമായിരിക്കുന്നത്.
ഈ പദവിയിലേക്ക് ഏറ്റവും കൂടുതല്‍ സാധ്യത കല്‍പ്പിക്കപ്പെടുന്ന വ്യക്തി എന്‍വിഡിയയുടെ ഡാറ്റാ സെന്റര്‍, കമ്പ്യൂട്ടിങ് ബിസിനസുകളുടെ തലവനായ ഇയാന്‍ ബക്ക് ആണ്. കമ്പനിയില്‍ 22 വര്‍ഷത്തെ പ്രവര്‍ത്തന പരിചയമുള്ള അദ്ദേഹം, ഗ്രാഫിക്സ് പ്രൊസസ്സറുകളെ ശക്തമായ എഐ ചിപ്പുകളാക്കി മാറ്റിയ 'CUDA' സോഫ്റ്റ്വെയര്‍ പ്ലാറ്റ്ഫോം വികസിപ്പിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചിട്ടുണ്ട്. എന്‍വിഡിയയുടെ വരുമാനത്തിന്റെ സിംഹഭാഗവും ഡാറ്റാ സെന്ററുകളില്‍ നിന്നാണെന്നത് അദ്ദേഹത്തിന്റെ സാധ്യത വര്‍ധിപ്പിക്കുന്നു.
മറ്റൊരു പ്രധാന പേര് എന്‍വിഡിയയുടെ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസറായ കൊലെറ്റ് ക്രെസ് ആണ്. കഴിഞ്ഞ 13 വര്‍ഷമായി കമ്പനിക്കൊപ്പമുള്ള അവര്‍ സിസ്‌കോയിലും മൈക്രോസോഫ്റ്റിലും സുപ്രധാന പദവികള്‍ വഹിച്ചിട്ടുണ്ട്. ഹുവാങ്ങിനു ശേഷം കമ്പനിയില്‍ ഏറ്റവും കൂടുതല്‍ അറിയപ്പെടുന്ന എക്‌സിക്യൂട്ടീവായ അവര്‍ ഇടക്കാല സിഇഒ ആയി ചുമതലയേറ്റേക്കുമെന്ന് കരുതപ്പെടുന്നു. എങ്കിലും എഞ്ചിനീയറിങ് പശ്ചാത്തലമില്ലാത്തത് അവരുടെ സാധ്യതയ്ക്ക് ചെറിയ തോതില്‍ മങ്ങലേറ്റിയേക്കാം.
ജെന്‍സന്‍ ഹുവാങ്ങിന്റെ മകളായ മാഡിസന്‍ ഹുവാങ് ഭാവി സിഇഒ ആയേക്കുമെന്ന അഭ്യൂഹങ്ങളും ശക്തമാണ്. ഫിസിക്കല്‍ എഐയുടെ പ്രൊഡക്റ്റ് മാര്‍ക്കറ്റിങ് സീനിയര്‍ ഡയറക്ടറായി പ്രവര്‍ത്തിക്കുന്ന അവര്‍ കമ്പനിയുടെ ബിസിനസുകളില്‍ കൂടുതല്‍ സ്വാധീനം ഉറപ്പിക്കുന്നുണ്ട്. കൂടാതെ, കമ്പനിക്ക് പുറത്തുനിന്നുള്ള പ്രമുഖരെയും ബോര്‍ഡ് പരിഗണിച്ചേക്കാം. ഗൂഗിള്‍ ക്ലൗഡ് സിഇഒ തോമസ് കുര്യന്‍, ആമസോണ്‍ വെബ് സര്‍വീസസ് സിഇഒ മാറ്റ് ഗാര്‍മാന്‍ എന്നിവരുടെ പേരുകളും ചര്‍ച്ചകളിലുണ്ട്. എഎംഡി മേധാവിയും ഹുവാങ്ങിന്റെ അകന്ന ബന്ധുവുമായ ലിസ സു, ഇന്റല്‍ മേധാവി ലിപ്-ബു ടാന്‍, ബ്രെറ്റ് ടെയ്‌ലര്‍ എന്നിവരും സാധ്യതാ പട്ടികയിലുള്ള പ്രമുഖരാണ്.
ഏത് പുതിയ നേതൃത്വം വന്നാലും അത് എന്‍വിഡിയയുടെ ഭാവിയിലും ആഗോള എഐ മുന്നേറ്റത്തിലും നിര്‍ണായക സ്വാധീനം ചെലുത്തുമെന്നുറപ്പാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
