ഇംഗ്ലണ്ടിനെതിരായ ആദ്യ ടി20യിൽ ദക്ഷിണാഫ്രിക്കയ്ക്ക് ജയം. ഡക്ക്‌വർത്ത് ലൂയിസ് നിയമപ്രകാരം 14 റൺസിന്റെ ജയമാണ് ദക്ഷിണാഫ്രിക്ക സ്വന്തമാക്കിയത്. കാർഡിഫിൽ ടോസിന് മുമ്പ് തന്നെ മഴ പെയ്തതിനെ തുടർന്ന് മത്സരം ഒമ്പത് ഓവറാക്കി ചുരുക്കിയിരുന്നു. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ദക്ഷിണാഫ്രിക്ക 7.5 ഓവറിൽ അഞ്ചിന് 97 എന്ന നിലയിൽ നിൽക്കെ വീണ്ടും മഴയെത്തി. തുടർന്ന് ഇംഗ്ലണ്ടിന്റെ വിജയലക്ഷ്യം അഞ്ച് ഓവറിൽ 69 റൺസായി പുനർനിശ്ചയിച്ചു.
എന്നാൽ ആതിഥേയർക്ക് അഞ്ച് ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 54 റൺസെടുക്കാൻ മാത്രമാണ് സാധിച്ചത്. ഇതോടെ മൂന്ന് മത്സരങ്ങളുടെ പരമ്പരയിൽ ദക്ഷിണാഫ്രിക്ക 1-0ത്തിന് മുന്നിലെത്തി.
11 പന്തിൽ 25 റൺസ് നേടിയ ജോസ് ബ്ടലറാണ് ഇംഗ്ലണ്ടിന്റെ ടോപ് സ്‌കോറർ. മൂന്ന് പന്തിൽ പുറത്താവാതെ 10 റൺസെടുത്ത സാം കറനാണ് രണ്ടക്കം കണ്ട മറ്റൊരു താരം. ഫിലിപ് സാൾട്ട് (0), ജേക്കബ് ബേതൽ (7), ഹാരി ബ്രൂക്ക് (0), ടോം ബാന്റൺ (5) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങൾ. വിൽ ജാക്‌സ് (2) പുറത്താവാതെ നിന്നു. ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി മാർകോ ജാൻസൻ, കോർബിൻ ബോഷ് എന്നിവർ രണ്ട് വിക്കറ്റ് വീഴ്ത്തി.
നേരത്തെ, 14 പന്തിൽ 28 റൺസെടുത്ത എയ്ഡൻ മാർക്രമാണ് ദക്ഷിണാഫ്രിക്കയെ ഭേദപ്പെട്ട നിലയിലേക്ക് നയിച്ചത്. ഡിവാൾഡ് ബ്രേവിസ് (10 പന്തിൽ 23), ഡോണോവൻ ഫെരേര (11 പന്തിൽ പുറത്താവാതെ 25) എന്നിവരും മികച്ച പ്രകടനം പുറത്തെടുത്തു. ട്രിസ്റ്റൺ സ്റ്റബ്‌സാണ് (6 പന്തിൽ 13) രണ്ടക്കം കണ്ട മറ്റൊരു താരം. ജാൻസൻ (1) ഫെരേരയ്‌ക്കൊപ്പം പുറത്താവാതെ നിന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്