ഗാർലൻഡ്: ആവേശം അലതല്ലിയ ഫൈനലിൽ ടസ്‌കേഴ്‌സിനെ 10 വിക്കറ്റിന് തകർത്ത് സിക്‌സേഴ്‌സ് ടീം ഫ്രണ്ട്‌സ് ഓഫ് ഡാളസ് ടി20 ക്രിക്കറ്റ് ടൂർണമെന്റ് 2025 കിരീടം സ്വന്തമാക്കി. ഗാർലൻഡിലെ ഓഡുബോൺ ക്രിക്കറ്റ് ഗ്രൗണ്ടിൽ നവംബർ 15ന് വൈകിട്ട് 5:30ന് നടന്ന മത്സരത്തിൽ, ബാറ്റിംഗിലും ബൗളിംഗിലും ഒരുപോലെ ആധിപത്യം പുലർത്തിയാണ് സിക്‌സേഴ്‌സിന്റെ ഐതിഹാസിക വിജയം.
ടോസ് നേടിയ ടസ്‌കേഴ്‌സ് ക്യാപ്ടൻ ചാൾസ് ഫിലിപ്പ് ആദ്യം ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. എന്നാൽ തുടക്കത്തിലെ പ്രതീക്ഷകൾക്ക് വിരുദ്ധമായി, സിക്‌സേഴ്‌സ് ബൗളർമാർ തന്ത്രപരമായ പന്തെറിയിലൂടെ ടസ്‌കേഴ്‌സിന്റെ മുന്നേറ്റങ്ങളെ അടിച്ചമർത്തി. കൃത്യമായ ഇടവേളകളിൽ വിക്കറ്റുകൾ പൊഴിഞ്ഞതോടെ ഒരു വലിയ കൂട്ടുകെട്ടും പടുത്തുയർത്താൻ ടസ്‌കേഴ്‌സിന് സാധിച്ചില്ല. 20 ഓവർ പൂർത്തിയായപ്പോൾ 128 റൺസ് എന്ന പരിമിത സ്‌കോറിൽ ടസ്‌കേഴ്‌സിന്റെ ഇന്നിംഗ്‌സ് അവസാനിച്ചു.
129 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന സിക്‌സേഴ്‌സ് ഓപ്പണർമാർ തുടങ്ങിയതു മുതൽ ടസ്‌കേഴ്‌സ് ബൗളർമാരെ സമ്മർദ്ദത്തിലാക്കി. ക്യാപ്ടൻ സജിത് മേനോൻ മികവുറ്റ നേതൃത്വവും വെടിക്കെട്ട് ബാറ്റിംഗും കാഴ്ചവെച്ചപ്പോൾ അത് സിക്‌സേഴ്‌സിന്റെ വിജയത്തിന് അടിത്തറ പാകി. ഒരു വിക്കറ്റ് പോലും നഷ്ടപ്പെടാതെ വെറും 11.4 ഓവറിൽ ടീം വിജയലക്ഷ്യം നേടുകയും (129/0) ചെയ്തു.
ടൂർണമെന്റിലെ വ്യക്തിഗത മികവ് തെളിയിച്ച താരങ്ങൾക്ക് സമാപന വേളയിൽ പ്രത്യേക അവാർഡുകളും സമ്മാനിച്ചു. മാൻ ഓഫ് ദി മാച്ച് ആൻഡ് മാൻ ഓഫ് ദി സീരിയസ് - സജിത് മേനോൻ (സിക്‌സേഴ്‌സ്), ടൂർണ്ണമെന്റിൽ ഏറ്റവും കൂടുതൽ റൺസ് നേടിയത് - ഷിബു ജേക്കബ് (ടസ്‌കേഴ്‌സ്), ടൂർണമെന്റിൽ ഏറ്റവും കൂടുതൽ വിക്കറ്റ് - രജിത് അറയ്ക്കൽ (സ്പാർക്‌സ്).
ഡാളസ് കമ്മ്യൂണിറ്റിയിലെ ക്രിക്കറ്റ് പ്രേമികളുടെ വൻ ജനക്കൂട്ടത്തെ സാക്ഷിയാക്കി നടന്ന സമാപന ചടങ്ങുകൾ വർണ്ണാഭമായിരുന്നു. ഫ്രണ്ട്‌സ് ഓഫ് ഡാളസ് ക്രിക്കറ്റ് ടീം മാനേജർ ഡോ. ഷിബു സാമുവൽ വിജയികളായ സിക്‌സേഴ്‌സ് ടീമിന് ട്രോഫി സമ്മാനിച്ചു. ടൂർണമെന്റിന്റെ മുഖ്യ സ്‌പോൺസറും, ഡാളസിലെ പ്രമുഖ റിയൽറ്ററുമായ ജസ്റ്റിൻ വർഗീസ് മുഖ്യാതിഥിയായിരുന്നു.
ഡാളസിലെ കായിക പ്രേമികൾക്ക് മികച്ച ഒരു ടൂർണമെന്റ് സമ്മാനിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് ഫ്രണ്ട് ഓഫ് ഡാളസ് ക്യാപ്ടൻ അജു വർഗീസ് അറിയിച്ചു.
ബാബു പി സൈമൺ, ഡാളസ്
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
