ഐപിഎല്ലിനിടെ മലയാളി താരം ശ്രീശാന്തിനെ തല്ലിയ സംഭവം തന്റെ ഭാഗത്തു നിന്നുണ്ടായ പൊറുക്കാനാവാത്ത തെറ്റാണന്ന് ആവർത്തിച്ച് മുൻ ഇന്ത്യൻ താരം ഹർഭജൻ സിംഗ്. ഒരു ഇരുന്നൂറ് തവണയെങ്കിലും താൻ ഇക്കാര്യത്തിൽ മാപ്പു പറഞ്ഞിട്ടുണ്ടെന്നും ഇനിയും പൊതുവേദിയിൽ മാപ്പു പറയാൻ തയ്യാറാണെന്നും ആർ അശ്വിന്റെ യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ ഹർഭജൻ സിംഗ് പറഞ്ഞു.
2008ലെ ആദ്യ ഐപിഎല്ലിൽ പഞ്ചാബ് കിംഗ്‌സ്-മുംബൈ ഇന്ത്യൻസ് മത്സരശേഷമാണ് മത്സരത്തിനിടെയുണ്ടായ വാക് പോരിന്റെ പേരിൽ ഹർഭജൻ സിംഗ് മത്സരശേഷം കളിക്കാർ പരസ്പരം കൈ കൊടുക്കുന്നതിനിടെ ശ്രീശാന്തിന്റെ കരണത്തടിച്ചത്. ആ സംഭവം തന്റെ കരിയറിൽ നിന്നു തന്നെ തുടച്ചുമാറ്റാൻ ആഗ്രഹിക്കുന്ന ഒന്നാണെന്നും താൻ ഒരിക്കലും അങ്ങനെ പെരുമാറരുതായിരുന്നുവെന്നും ഹർഭജൻ പറഞ്ഞു.
ജീവിതത്തിൽ ഒരിക്കലും ആവർത്തിക്കരുതെന്ന് ആഗ്രഹിക്കുന്ന ഒരു സംഭവം ഏതാണെന്ന് ചോദിച്ചാൽ ശ്രീശാന്തിനെ തല്ലിയത് ആണെന്നെ എനിക്ക് പറയാനുള്ളു. എന്റെ കരിയറിൽ നിന്നു തന്നെ അത് മായ്ച്ചു കളയാൻ ഞാനാഗ്രഹിക്കുന്ന കാര്യമാണത്. ഞാൻ ചെയ്തത് ഒരിക്കലും ചെയ്യാൻ പാടില്ലാത്ത വലിയ തെറ്റാണ്. ആ സംഭവത്തിനുശേഷം ഒരു 200 തവണയെങ്കിലും ഞാൻ മാപ്പു പറഞ്ഞിട്ടുണ്ട്. അവസരം കിട്ടുമ്പോഴെല്ലാം ഇപ്പോഴും ഞാൻ മാപ്പു പറയാറുമുണ്ട്. അതെന്റെ വലിയ പിഴവായിരുന്നു.
വർഷങ്ങൾക്കുശേഷം ഒരിക്കൽ ശ്രീശാന്തിന്റെ മകളെ നേരിൽ കണ്ടപ്പോൾ ഞാനവളോട് സ്‌നേഹത്തോടെ സംസാരിക്കാൻ ശ്രമിച്ചു. എന്നാൽ അവൾ എന്നോട് ചോദിച്ചത്, നിങ്ങളെന്റെ അച്ഛനെ തല്ലിയ ആളല്ലേ, ഞാൻ നിങ്ങളോട് സംസാരിക്കാനില്ലെന്നായിരുന്നു. ആ വാക്കുകൾ എന്നെ തകർത്തു കളഞ്ഞു. ഞാൻ കരച്ചിലിന്റെ വക്കത്തായി. എന്നെക്കുറിച്ച് അവൾ എന്താണ് ധരിച്ചുവെച്ചിരിക്കുന്നത് എന്നോർത്ത് എന്റെ ഹൃദയം നുറുങ്ങി.
അവളെന്നെ എത്ര മാത്രം മോശക്കാരനായിട്ടായിരിക്കും മനസിൽ കരുതിയിട്ടുണ്ടാകുക. അവളുടെ അച്ഛനെ തല്ലിയ ആളായിട്ടിരിക്കില്ലെ അവളെന്നെ ഓർക്കുക എന്നോർത്ത് എനിക്ക് എന്നോട് തന്നെ ദേഷ്യം തോന്നി. സംഭവിച്ച തെറ്റിന് ഞാൻ ശ്രീശാന്തിനോടും മകളോടും ഇപ്പോഴും മാപ്പു ചോദിക്കുന്നു. അതിൽ കൂടുതൽ ഇനി എനിക്ക് എന്താണ് ചെയ്യാനാവുകയെന്നും ഹർഭജൻ അഭിമുഖത്തിൽ പറഞ്ഞു.
2008ലെ സംഭവത്തിനുശേഷം ശ്രീശാന്തും ഹർഭജനും സുഹൃത്തുക്കളായിരുന്നു. 2011ലെ ഏകദിന ലോകകപ്പിൽ ഇന്ത്യക്കായി ഒരുമിച്ച് കളിക്കുകയും ചെയ്തു. വിരമിക്കലിന് ശേഷം സീനിയർ താരങ്ങളുടെ വിവിധ ലീഗുകളിലും ഇരുവരും ഒരുമിച്ച് കളിക്കുകയും റിയാലിറ്റി ഷോകളിൽ പങ്കെടുക്കുകയും ചെയ്തിട്ടുണ്ട്്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്