ഓസ്‌ട്രേലിയക്കെതിരായ പരമ്പരയിലെ ആദ്യ ഏകദിനത്തിൽ ആരാധകർ ഏറ്റവും കൂടുതൽ ഉറ്റുനോക്കിയത് മുൻ ക്യാപ്ടന്മാരായ വിരാട് കോഹ്ലിയിലേക്കും രോഹിത് ശർമയിലേക്കുമാണ്.
ഈ വർഷം മാർച്ചിലായിരുന്നു ഇരുവരും ഇതിന് മുൻപ് ഇന്ത്യക്കായി അവസാനമായി കളിച്ചത്. ആറ് മാസത്തോളം നീണ്ട ഇടവേളക്കൊടുവിൽ ഇന്ത്യക്കായി കളിച്ച മത്സരത്തിൽ എട്ട് പന്തിൽ ഡക്കായി വിരാട് കോഹ്ലി. രോഹിത് ശർമ മടങ്ങിയത് എട്ട് റൺസ് മാത്രം എടുത്ത്.
പെർത്തിൽ മഴ കളി തടസപ്പെടുത്തിയപ്പോൾ ഇന്ത്യൻ സ്‌കോർ 37-3 എന്ന നിലയിലെത്തിയപ്പോഴാണ് മഴയെ തുടർന്ന് മത്സരം നിർത്തിവയ്‌ക്കേണ്ടി വന്നത്. ഓസ്‌ട്രേലിയൻ പേസർമാർക്ക് മുൻപിൽ മുട്ടുകുത്തി വീഴുകയായിരുന്നു ഇന്ത്യയുടെ രണ്ട് മുൻ ക്യാപ്ടന്മാരും നിലവിലെ ക്യാപ്ടൻ ശുഭ്മാൻ ഗില്ലും. പെർത്തിലെ പേസും ബൗൺസും ഇന്ത്യൻ ബാറ്റർമാരെ പ്രയാസപ്പെടുത്തുന്നു.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യക്ക് രോഹിത് ശർമയെയാണ് ആദ്യം നഷ്ടമായത്. 14 പന്തിൽ നിന്ന് എട്ട് റൺസ് എടുത്ത് നിൽക്കുകയായിരുന്നു രോഹിത്. നാലാമത്തെ ഓവറിലെ ഹെയ്‌സൽവുഡിന്റെ നാലാമത്തെ ഡെലിവറിയിൽ വന്ന എക്‌സ്ട്രാ ബൗൺസാണ് രോഹിത്തിന്റെ കണക്കുകൂട്ടൽ തെറ്റിച്ചത്. ബാറ്റുകൊണ്ട് പ്രതിരോധിച്ചിടാനാണ് രോഹിത് ശ്രമിച്ചത്. എന്നാൽ ഔട്ട്‌സൈഡ് എഡ്ജായി പന്ത് സെക്കൻഡ് സ്ലിപ്പിലേക്ക് പോയി. തന്റെ ഇടത്തേക്ക് താഴ്ന്ന് വന്ന പന്ത് കൈക്കലാക്കി റെൻഷോ രോഹിത്തിനെ മടക്കി.
രോഹിത് ശർമ മടങ്ങിയതോടെ പിന്നെ കോഹ്ലി എങ്ങനെയാവും നീണ്ട ഇടവേളയ്ക്ക് ശേഷം ബാറ്റ് വീശുന്നത് എന്നായി ആരാധകരുടെ ആകാംക്ഷ. എന്നാൽ എട്ട് പന്തിൽ ഡക്കായി മടങ്ങി കോഹ്ലി മടങ്ങിയത് ആരാധകരെ ഞെട്ടിച്ചു. മിച്ചൽ സ്റ്റാർക്കാണ് കോഹ്ലിയെ റൺസ് എടുക്കാൻ അനുവദിക്കാതെ മടക്കിയത്.
ഓഫ് സ്റ്റംപിന് പുറത്തായി വന്ന സ്റ്റാർക്കിന്റെ ഡെലിവറി ഫൂട്ട് മൂവ്‌മെന്റ്‌സ് ഒന്നുമില്ലാതെയാണ് കോഹ്ലി നേരിട്ടത്. ബാറ്റിൽ എഡ്ജ് ചെയ്ത് ബാക്ക് വേർഡ് പോയിന്റിലേക്ക് വന്ന പന്ത് കൂപ്പർ കൈക്കലക്കി. ഇതോടെ ഇന്ത്യ 6.1 ഓവറിൽ 21-2 എന്ന നിലയിലായി. കോഹ്ലി മടങ്ങിയതിന് ശേഷം മൂന്ന് റൺസ് മാത്രം ഇന്ത്യൻ സ്‌കോർ ബോർഡിലേക്ക് ചേർത്തപ്പോഴേക്കും ക്യാപ്ടൻ ശുഭ്മാൻ ഗില്ലും ഡ്രസ്സിങ് റൂമിലേക്ക് മടങ്ങി.
ഇന്ത്യയുടെ ഏകദിന ക്യാപ്ടനായുള്ള ആദ്യ മത്സരത്തിൽ 18 പന്തിൽ നിന്ന് 10 റൺസ് എടുത്താണ് ശുഭ്മാൻ ഗിൽ വീണത്. നാഥൻ എലിസ് ആണ് ഇന്ത്യയെ കരകയറ്റാൻ ശ്രമിച്ച ക്യാപ്ടനെ കൂടാരം കയറ്റിയത്. ബാറ്റിലുരസി വന്ന പന്ത് ഫുൾ ലെങ്ത് ഡൈവിലൂടെ വിക്കറ്റ് കീപ്പർ ജോഷ് ഫിലിപ്പെ കൈക്കലാക്കി. ഇതോടെ ആദ്യ പവർപ്ലേക്കുള്ളിൽ ഇന്ത്യയുടെ മൂന്ന് മുൻനിര സ്റ്റാർ ബാറ്റർമാരും വീണു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്