ഈ സീസണ്‍ അവസാനത്തോട് കൂടി മാഞ്ചസ്റ്റർ സിറ്റി വിടുമെന്ന് സൂപ്പർതാരം കെവിൻ ഡി ബ്രൂയ്ൻ അറിയിച്ചിരുന്നു. സിറ്റി വിടുന്ന ഡി ബ്രൂയ്നെ സ്വന്തമാക്കാൻ മേജർ ലീഗ് സോക്കർ ക്ലബായ ഇന്റർ മയാമി ശ്രമിക്കുന്നുവെന്ന റിപ്പോർട്ടുകള്‍ ശക്തമായി നിലനില്‍ക്കുന്നുണ്ട്.
എന്നാല്‍ ഡി ബ്രൂയ്ന് പകരം മറ്റൊരു താരത്തെ ടീമിലെത്തിക്കാൻ ലയണല്‍ മെസി ആഗ്രഹിക്കുന്നുവെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരങ്ങള്‍. മുൻ അർജന്റൈൻ താരം എയ്ഞ്ചല്‍ ഡി മരിയയെ ടീമില്‍ എത്തിക്കാനാണ് മെസി ആഗ്രഹിക്കുന്നതെന്നാണ് സണ്‍ റിപ്പോർട്ട് ചെയ്യുന്നത്.
ഈ ട്രാൻസ്ഫർ നടന്നാല്‍ വീണ്ടും മെസി-ഡി മരിയ കൂട്ടുകെട്ട് ഫുട്ബോള്‍ ലോകത്തിന് കാണാൻ സാധിക്കും. അർജന്റീനയിലും ഫ്രഞ്ച് ക്ലബ് പാരീസ് സെയ്ന്റ് ജെർമെയ്നിലും മെസിയും ഡി മരിയയും ഒരുമിച്ച് കളിച്ചിട്ടുണ്ട്. ക്ലബ്ബിലും രാജ്യത്തിനുമായി 141 മത്സരങ്ങളിലാണ് ഇരുവരും ഒരുമിച്ച് കളിച്ചിട്ടുള്ളത്.
2024 കോപ്പ അമേരിക്ക വിജയത്തിന് ശേഷം ഡി മരിയ അർജന്റീന ടീമില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു. നിലവില്‍ പോർച്ചുഗീസ് ക്ലബ് ബെനിഫിക്കക്ക് വേണ്ടിയാണ് താരം കളിക്കുന്നത്. ടീമിനൊപ്പമുള്ള ഡി മരിയയുടെ കരാർ ഈ സമ്മറിലാണ് അവസാനിക്കുക.
ബെനിഫിക്കക്കായി മികച്ച ഫോമില്‍ തന്നെയാണ് ഡി മരിയ കളിക്കുന്നത്. ഈ സീസണിലെ പോർച്ചുഗീസ് ലീഗ് കപ്പ് ബെനിഫിക്ക സ്വന്തമാക്കിയിരുന്നു. ഫൈനലില്‍ സ്പോർട്ടിങ് ലിസ്ബണിനെ പെനാല്‍റ്റിയില്‍ വീഴ്ത്തിയാണ് ബെനിഫിക്ക ചാമ്ബ്യന്മാരായത്. ബെനിഫിക്കയുടെ ഈ കിരീടനേട്ടത്തിന് പിന്നാലെ സൂപ്പർതാരം എയ്ഞ്ചല്‍ ഡി മരിയ തന്റെ കരിയറിലെ മറ്റൊരു കിരീടം കൂടിയാണ് നേടിയെടുത്തത്.
തന്റെ ഫുട്ബോള്‍ കരിയറിലെ 36-ാമത് കിരീടമായിരുന്നു ഡി മരിയ സ്വന്തമാക്കിയത്. ഇതോടെ ഫുട്ബോള്‍ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ കിരീടം നേടിയ താരങ്ങളുടെ പട്ടികയില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ മറികടന്ന് മുന്നേറാനും ഡി മരിയക്ക് സാധിച്ചു. 35 കിരീടങ്ങളായിരുന്നു റൊണാള്‍ഡോ ഇതുവരെ നേടിയിട്ടുള്ളത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്