രാജീവ് ശുക്ല ബി.സി.സി.ഐ ഇടക്കാല പ്രസിഡന്റായേക്കുമെന്ന് റിപ്പോർട്ട്. നിലവിലെ പ്രസിഡന്റ് റോജർ ബിന്നി 70 വയസ് തികയുന്ന സാഹചര്യത്തിൽ സ്ഥാനം ഒഴിയും. ജൂലൈ 19ന് അദ്ദേഹത്തിന് 70 വയസ് തികയും. ബി.സി.സി.ഐയുടെ ഭരണഘടനയിൽ പ്രസിഡന്റ് സ്ഥാനത്തിന് നിശ്ചയിച്ചിട്ടുള്ള പ്രായപരിധി 70 വയസാണ്. നിലവിൽ വൈസ് പ്രസിഡന്റായ ശുക്ല പുതിയ പ്രസിഡന്റിനെ തെരഞ്ഞെടുക്കും വരെ ചുമതല വഹിക്കും എന്ന സൂചനകളാണ് പുറത്തുവരുന്നത്.
2022ൽ സൗരവ് ഗാംഗുലിക്ക് പകരക്കാരനായാണ് ബി.സി.സി.ഐ പ്രസിഡന്റായി റോജർ ബിന്നി ചുമതലയേറ്റത്. 1983ൽ ഇന്ത്യ ലോകകപ്പ് നേടിയ ടീമിൽ റോജർ ബിന്നി അംഗമായിരുന്നു. 2022ൽ ബി.സി.സി.ഐയുടെ ചുമതല ഏറ്റെടുക്കുന്നതിന് മുമ്പ് റോജർ ബിന്നി കർണാടക സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷന്റെ പ്രസിഡന്റായിരുന്നു. 2000ത്തിൽ ഐ.സി.സി ലോകകപ്പ് നേടിയ ഇന്ത്യ അണ്ടർ 19 ടീമിനെ അദ്ദേഹം പരിശീലിപ്പിക്കുകയും ചെയ്തു.
അതേസമയം, 65കാരനായ രാജീവ് ശുക്ല നിലവിൽ ബി.സി.സി.ഐ വൈസ് പ്രസിഡന്റായാണ് സേവനമനുഷ്ഠിക്കുന്നത്. 2020 മുതൽ അദ്ദേഹം ഈ പദവി വഹിക്കുന്നുണ്ട്. ബി.സി.സി.ഐ പ്രസിഡന്റ് സ്ഥാനത്തേക്ക് പുതിയ ഒരാളെ തെരഞ്ഞെടുക്കുന്നതു വരെ രാജീവ് ശുക്ല പ്രസിഡന്റിന്റെ ചുമതലകൾ വഹിക്കുമെന്നാണ് വിവരം. സെപ്തംബറിൽ നടക്കുന്ന ബി.സി.സി.ഐ വാർഷിക പൊതുയോഗത്തിൽ പുതിയ തെരഞ്ഞെടുപ്പ് നടക്കും.
യുപിയിൽ നിന്നുള്ള കോൺഗ്രസ് നേതാവാണ് രാജീവ് ശുക്ല. ബി.ജെ.പി നിയന്ത്രണത്തിലുള്ള ബി.സി.സി.ഐയിലെ പദവിയെ ചൊല്ലി ശുക്ലയ്‌ക്കെതിരെ പല തവണ വിമർശനം ഉയർന്നിട്ടുണ്ട്. 2017 വരെ ഉത്തർപ്രദേശ് ക്രിക്കറ്റ് അസോസിയേഷന്റെ (യുപിസിഎ) സെക്രട്ടറിയായും 2018 വരെ ഇന്ത്യൻ പ്രീമിയർ ലീഗിന്റെ ചെയർമാനായും രാജീവ് ശുക്ല സേവനമനുഷ്ഠിച്ചിട്ടുണ്ട്
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്