ഐ.പി.എല്ലിൽ ഇന്നലെ നിർണായക മത്സരത്തിൽ ലക്നൗ സൂപ്പർ ജയ്ന്റ്‌സിനെതിരെ 7 വിക്കറ്റിന്റെ ജയം നേടി പ്ലേ ഓഫ് പ്രതീക്ഷ സജീവമാക്കി പഞ്ചാബ് കിംഗ്‌സ്. ആദ്യം ബാറ്റ് ചെയ്ത ലക്‌നൗ 6 വിക്കറ്റ് നഷ്ടപ്പെടുത്തി 196 റൺസ് നേടി. മറുപടിക്കിറങ്ങിയ പഞ്ചാബ് സെഞ്ച്വറിയുമായി നിറഞ്ഞാടിയ ക്യാപ്ടൻ ശ്രേയസ് അയ്യരുടെ ബാറ്റിംഗ് മികവിൽ 18 ഓവറിൽ വിജയലക്ഷ്യത്തിലെത്തി (200/3).
ഇന്ന് നടക്കുന്ന മത്സരങ്ങളിലെ ഫലങ്ങൾ അനുസരിച്ചായിരിക്കും പഞ്ചാബിന്റെ വിധി തീരുമാനിക്കപ്പെടുക. മൊഹ്‌സിൻ ഖാനെറിഞ്ഞ 18-ാംഓവറിലെ അവസാന പന്തിൽ വൈഡ് ലോംഗ് ഓണിന് മുകളിലൂടെ സിക്‌സടിച്ചാണ് ശ്രേയസ് തന്റെ കന്നി ഐ.പി.എൽ സെഞ്ച്വറിയും പഞ്ചാബിന്റെ വിജയ റണ്ണും നേടിയത്.
51 പന്തിൽ 11 ഫോറും 5 സിക്‌സും ഉൾപ്പെടെ 101 റൺസുമായി ശ്രേയസ് പുറത്താകാതെ നിന്നു. സൂര്യാൻഷ് ഷെഡ്‌ഗെ (7 പന്തിൽ 9)ശ്രേയസിനൊപ്പം പുറത്താകാതെ നിന്നു. ഓപ്പണർ പ്രഭ്‌സിമ്രാനും (39 പന്തിൽ 69) പഞ്ചാബിന്റെ ജയത്തിൽ ബാറ്റ് കൊണ്ട് നിർണായക സംഭാവന നൽകി.
ഇന്നിംഗ്‌സിലെ ആദ്യ പന്തിൽ തന്നെ ഓപ്പണർ പ്രിയാൻ ആര്യയെ (0) അർജുൻ ടെൻഡുൽക്കറുടെ കൈയിൽ എത്തിച്ച് മുഹമ്മദ് ഷമി ലക്‌നൗവിന് ബ്രേക്ക് ത്രൂ നൽകി. മൂന്നാം ഓവറിൽ ഷമി കൂപ്പർ കോൺലിയുടെ (10 പന്തിൽ 18) കുറ്റി തെറിപ്പിച്ചതോടെ 22/2 എന്ന നിലയിലായി പഞ്ചാബ്.
എന്നാൽ അവിടെ നിന്ന് ക്രീസിൽ ഒന്നിച്ച പ്രഭ്‌സിമ്രാനും ശ്രേയസും കളി ലക്‌നൗവിന്റെ കൈയിൽ നിന്ന് തട്ടിയെടുക്കുകയായിരുന്നു. മൂന്നാം വിക്കറ്റിൽ ഇരുവരും 76 പന്തിൽ 146 റൺസിന്റെ കൂട്ടുകെട്ടാണുണ്ടാക്കിയത്.
തുടക്കത്തിൽ അർജുന്റെ പന്തിൽ പ്രഭ്‌സിമ്രാൻ നൽകിയ ക്യാച്ച് ക്യാപ്ടൻ റിഷഭ് പന്ത് കൈവിട്ടതിന് ലക്‌നൗ വലിയ വിലകൊടുക്കേണ്ടി വന്നു. 16-ാം ഓവറിൽ ടീം സ്‌കോർ 162ൽ വച്ച് അർജുൻ തന്നെ പ്രഭ്‌സിമ്രാനെ വിക്കറ്റിന് മുന്നിൽ കുടുക്കി മടക്കുമ്പോൾ പഞ്ചാബ ് ജയമുറപ്പിച്ചു കഴിഞ്ഞിരുന്നു.
ഷമി ലക്‌നൗവിനായി രണ്ട് വിക്കറ്റ് വീഴ്ത്തി. ഇരുടീമുകളുടേയും ലീഗ് ഘട്ടത്തിലെ അവസാന മത്സരമായിരുന്നു ഇന്നലത്തേത്.
മികച്ച ഫോമിലുള്ള ജോഷ് ഇംഗ്ലിസാണ് (44 പന്തിൽ 72 ) അർദ്ധ സെഞ്ച്വറിയുമായി പഞ്ചാബിന്റെ ടോപ് സ്‌കോററായത്. ആയുഷ് ബധോനി (18 പന്തിൽ 43), റിഷഭ് പന്ത് (26) ,സമദ് (പുറത്താകാതെ 20 പന്തിൽ 37) എന്നിവരും തിളങ്ങി. ജാൻസണും ചഹലും പഞ്ചാബിനായി 2 വിക്കറ്റ് വീതം വീഴ്ത്തി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
