പാരീസിലെ തന്റെ അവസാന സീസണിലാണ് ലൂയിസ് എന്റിക്വ കൈലിയന്‍ എംബാപ്പെയെ പരിശീലിപ്പിച്ചത്. പുതിയ കരാറില്‍ ഒപ്പിടാന്‍ വിസമ്മതിച്ചതിന് ഫ്രാന്‍സ് ക്യാപ്റ്റനെ ആദ്യം ടീമില്‍ നിന്ന് മാറ്റിനിര്‍ത്തുകയും പിന്നീട് അദ്ദേഹം പോകുമെന്ന് വ്യക്തമാക്കിയതിന് ശേഷം ചേര്‍ക്കുകയും ചെയ്ത പ്രക്ഷുബ്ധമായ ഒരു വര്‍ഷമായിരുന്നു അത്.
യൂറോപ്യന്‍ ചാമ്പ്യന്മാരും റയല്‍ മാഡ്രിഡും തമ്മിലുള്ള ബുധനാഴ്ചത്തെ ക്ലബ് ലോകകപ്പ് സെമിഫൈനല്‍ പോരാട്ടത്തെ, ഇതൊരു സ്‌പെഷ്യല്‍ പോരാട്ടമെന്നാണ് പാരീസ് സെന്റ് ജെര്‍മെയ്ന്‍ പരിശീലകന്‍ ലൂയിസ് എന്റിക്വ വിശേഷിപ്പിച്ചത്. സൂപ്പര്‍സ്റ്റാര്‍ സ്ട്രൈക്കറുമായുള്ള പുനഃസമാഗമത്തിന് മുന്നോടിയായി എംബാപ്പെയുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ അദ്ദേഹം തള്ളിക്കളഞ്ഞുകൊണ്ടാണ് ഇങ്ങനെയൊരു പ്രസ്താവന നടത്തിയത്.
'റയല്‍ മാഡ്രിഡിനെതിരെ കളിക്കുന്നത് എല്ലായ്‌പ്പോഴും ഒരു പ്രത്യേക ഗെയിമാണ്. ഇതുപോലുള്ള ഒരു മത്സരത്തില്‍ കളിക്കുന്നതില്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ട്, കാരണം ഞങ്ങള്‍ ഇതുവരെ മികച്ച പ്രകടനമാണ് കാഴ്ചവച്ചിട്ടുള്ളത്.' പിഎസ്ജിയുടെ സ്പാനിഷ് പരിശീലകന്‍ ന്യൂയോര്‍ക്കിന് പുറത്തുള്ള മെറ്റ്‌ലൈഫ് സ്റ്റേഡിയത്തില്‍ നടന്ന പത്രസമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. അവിടെയാണ് ഏറ്റുമുട്ടല്‍ നടക്കുക എന്ന് അദ്ദേഹം കൂട്ടിച്ചേര്‍ക്കുകയും ചെയ്തു.
തന്റെ മുന്‍ ക്ലബ്ബായ പാരീസ് സെന്റ് ജെര്‍മെയ്നെതിരെ (പിഎസ്ജി) നല്‍കിയ മാനസിക പീഡന പരാതി ഫ്രഞ്ച് സൂപ്പര്‍താരം കിലിയന്‍ എംബാപ്പെ പിന്‍വലിച്ചിരുന്നു. ക്ലബ്ബ് ലോകകപ്പ് സെമിഫൈനലില്‍ തന്റെ പുതിയ ടീമായ റയല്‍ മാഡ്രിഡ് പിഎസ്ജിയെ നേരിടാനിരിക്കെ ആയിരുന്നു അദ്ദേഹത്തിന്റെ അപ്രതീക്ഷിത നീക്കം.
''ഞങ്ങള്‍ ഞങ്ങളുടെ സിവില്‍ നടപടികള്‍ പിന്‍വലിക്കുകയാണ്,'' എന്ന് എംബാപ്പെയുടെ അഭിഭാഷകന്‍ പിയറി-ഒലിവിയര്‍ സര്‍ എഎഫ്പിയോട് പറഞ്ഞിരുന്നു.
2023-24 സീസണിന്റെ തുടക്കത്തില്‍ പിഎസ്ജി മാനേജ്‌മെന്റ് തന്നെ മാനസികമായി പീഡിപ്പിച്ചുവെന്ന് കാണിച്ചാണ് എംബാപ്പെ കഴിഞ്ഞ മാസം പാരീസ് പ്രോസിക്യൂട്ടര്‍ക്ക് പരാതി നല്‍കിയത്. ക്ലബ്ബുമായി പുതിയ കരാര്‍ ഒപ്പിടാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന്, തന്നെ പ്രധാന ടീമില്‍ നിന്ന് ഒഴിവാക്കുകയും, വില്‍ക്കാന്‍ വെച്ച മറ്റ് കളിക്കാര്‍ക്കൊപ്പം പരിശീലനം നടത്താന്‍ നിര്‍ബന്ധിക്കുകയും ചെയ്തുവെന്നായിരുന്നു എംബാപ്പെയുടെ ആരോപണം. ഈ പരാതിയില്‍ പ്രോസിക്യൂട്ടര്‍ അന്വേഷണം ആരംഭിച്ചിരുന്നു. 2023-ലെ പ്രീ-സീസണ്‍ ഏഷ്യന്‍ പര്യടനത്തില്‍ നിന്ന് എംബാപ്പെയെ ഒഴിവാക്കുകയും, ആ സീസണിലെ ആദ്യ മത്സരത്തില്‍ കളിപ്പിക്കാതിരിക്കുകയും ചെയ്തിരുന്നു. പിന്നീട് ക്ലബ്ബുമായി നടത്തിയ ചര്‍ച്ചകള്‍ക്ക് ശേഷമാണ് അദ്ദേഹത്തെ ടീമിലേക്ക് തിരികെയെടുത്തത്.
ഏഴ് വര്‍ഷത്തെ പിഎസ്ജി കരിയര്‍ അവസാനിപ്പിച്ച്, കഴിഞ്ഞ വേനല്‍ക്കാലത്താണ് 26-കാരനായ എംബാപ്പെ റയല്‍ മാഡ്രിഡിലേക്ക് ചേക്കേറിയത്. പിഎസ്ജിക്കായി 308 കളികളില്‍ നിന്ന് 256 ഗോളുകള്‍ അദ്ദേഹം നേടിയിട്ടുണ്ട്. അതേസമയം, ശമ്പളവും ബോണസുമായി പിഎസ്ജി നല്‍കാനുള്ള 55 ദശലക്ഷം യൂറോ (ഏകദേശം 535 കോടി രൂപ) ലഭിക്കുന്നതിനായി എംബാപ്പെ മറ്റൊരു നിയമപോരാട്ടം നടത്തുന്നുണ്ട്. ഈ കേസ് തുടരും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്