ദി ഹൺഡ്രഡ് ലീഗിൽ പാകിസ്താൻ താരങ്ങൾക്ക് തിരിച്ചടി

FEBRUARY 22, 2026, 8:55 AM

ഇന്ത്യയുമായുള്ള ഉടക്ക് ഇംഗ്ലണ്ടിലെ ആഭ്യന്തര ക്രിക്കറ്റ് ലീഗായ ദി ഹൺഡ്രഡിലും പാകിസ്താന് തിരിച്ചടിയാകുന്നു. ദി ഹൺഡ്രഡിൽ ഐ.പി.എൽ ഫ്രാഞ്ചൈസികളുടെ ഉടമസ്ഥതയിലുള്ള ടീമുകൾ പാകിസ്താൻ താരങ്ങളുമായി കരാറിലേർപ്പെടേണ്ടെന്ന് തീരുമാനിച്ചതായാണ് റിപ്പോർട്ടുകൾ. ഇതോടെ ടൂർണമെന്റിൽ പാക് താരങ്ങൾ ഭാഗിക ബഹിഷ്‌കരണം നേരിടേണ്ടിവരും.

പാകിസ്താൻ കളിക്കാർ ദി ഹൺഡ്രഡ് ലേലത്തിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഐ.പി.എല്ലിൽ ബി.സി.സി.ഐ പാക് താരങ്ങൾക്ക് ഏർപ്പെടുത്തിയതുപോലുള്ള വിലക്ക് ഇംഗ്ലണ്ട് ആൻഡ് വെയിൽസ് ക്രിക്കറ്റ് ബോർഡ് (ഇ.സി.ബി) ഏർപ്പെടുത്തിയിട്ടില്ല. എങ്കിലും ഐ.പി.എൽ ഫ്രാഞ്ചൈസികളുടെ ഉടമസ്ഥതയിൽ ദി ഹൺഡ്രഡിൽ കളിക്കുന്ന ടീമുകൾ പാക് താരങ്ങളെ ലേലത്തിൽ എടുത്തേക്കില്ലെന്നാണ് റിപോർട്ടുകൾ സൂചിപ്പിക്കുന്നത്.

ഇ.സി.ബിയിലെ ഒരു മുതിർന്ന ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ബി.ബി.സി പുറത്തുവിട്ട റിപ്പോർട്ട് അനുസരിച്ച് ദി ഹൺഡ്രഡിൽ ഐ.പി.എൽ ഫ്രാഞ്ചൈസികളുമായി ബന്ധമില്ലാത്ത ടീമുകൾ മാത്രമാകും പാക് താരങ്ങളെ ലേലത്തിൽ ടീമിലെടുക്കുക. ഇന്ത്യൻ നിക്ഷേപമുള്ള ലോകത്തെ വിവിധ ലീഗുകളിൽ ഈ അലിഖിത നിയമം നിലവിലുണ്ടെന്നും റിപോർട്ടിലുണ്ട്.2021ലെ ആദ്യ സീസൺ മുതൽ ദി ഹൺഡ്രഡിലെ എട്ട് ഫ്രാഞ്ചൈസികളിൽ ഐ.പി.എൽ ഉടമകളുടെ നിക്ഷേപമുണ്ട്. നിലവിൽ, മാഞ്ചെസ്റ്റർ സൂപ്പർ ജയന്റ്‌സ്, എം.ഐ ലണ്ടൻ, സതേൺ ബ്രേവ്, സൺറൈസേഴ്‌സ് ലീഡ്‌സ് എന്നീ ടീമുകൾ ഐ.പി.എൽ ഫ്രാഞ്ചൈസികളുടെ ഉടമസ്ഥതയിലുള്ളതാണ്.

vachakam
vachakam
vachakam

18 രാജ്യങ്ങളിൽ നിന്നുള്ള ഏകദേശം 1,000 ക്രിക്കറ്റ് താരങ്ങൾ ദി ഹൺഡ്രഡ് ലേലത്തിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്, ഇതിൽ ഓസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക, ന്യൂസിലൻഡ്, പാകിസ്താൻ, വെസ്റ്റിൻഡീസ് എന്നീ രാജ്യങ്ങളിൽനിന്നുള്ള 50ലധികം കളിക്കാരും ഉൾപ്പെടും. ഷഹീൻ ഷാ അഫ്രീദി, ഷദാബ് ഖാൻ, ഹാരിസ് റൗഫ് എന്നിവരാണ് ദി ഹൺഡ്രഡിലെ മുൻ സീസണുകളിൽ കളിച്ച പാകിസ്താൻ താരങ്ങൾ.

2008ലെ മുംബൈ ആക്രമണത്തിനുശേഷം ഇന്ത്യയും പാകിസ്താനും തമ്മിലുള്ള നയതന്ത്ര ബന്ധം വഷളായതോടെയാണ് പാക് ക്രിക്കറ്റ് താരങ്ങൾക്ക് ഐ.പി.എല്ലിൽ വിലക്ക് വന്നത്. അതിനുമുമ്പ് ഷുഐബ് അക്തർ, സൊഹൈൽ തൻവീർ, കമ്രാൻ അക്മൽ, യൂനിസ് ഖാൻ, മുഹമ്മദ് ഹഫീസ്, ഷാഹിദ് അഫ്രീദി, ഷുഐബ് മാലിക്ക്, മുഹമ്മദ് ആസിഫ്, സൽമാൻ ബട്ട് തുടങ്ങിയ താരങ്ങളെല്ലാം വിവിധ ഐ.പി.എൽ ടീമുകൾക്കായി കളിച്ചിരുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam