പതിനാറ് വർഷം നീണ്ട ഫുട്‌ബോൾ കരിയറിലെ ഏറ്റവും കനത്ത തോൽവി വഴങ്ങിയതിന് പിന്നാലെ പൊട്ടിക്കരഞ്ഞ് ബ്രസീൽ സൂപ്പർ താരം നെയ്മർ. ബ്രസീൽ ഫുട്‌ബോൾ ലീഗായ സീരി എയിൽ നടന്ന മത്സരത്തിൽ നെയ്മറുടെ ടീമായ സാന്റോസ്, വാസ്‌കോഡ ഗാമക്കെതിരെ എതിരില്ലാത്ത ആറ് ഗോളിന് തോറ്റതോടെയാണ് താരം പൊട്ടിക്കരഞ്ഞ് ഗ്രൗണ്ട് വിട്ടത്. ലീഗിൽ നിന്ന് തരംതാഴ്ത്തൽ ഭീഷണി നേരിടുന്ന സാന്റോസിനും വാസ്‌കോ ഡ ഗാമക്കും മത്സരത്തിൽ ജയം അനിവാര്യമായിരുന്നു.
മത്സരത്തിൽ സീസണിലെ മൂന്നാമത്തെ മഞ്ഞക്കാർഡ് കണ്ട നെയ്മർക്ക് ലീഗിൽ നാലാം സ്ഥാനത്തുള്ള ബാഹിയക്കെതിരായ അടുത്ത മത്സരത്തിൽ സാന്റോസിനായി കളിക്കാൻ ഇറങ്ങാനുമാവില്ല. ലീഗിൽ 19 മത്സരങ്ങളിൽ 21 പോയന്റ് മാത്രമുള്ള സാന്റോസ് 15-ാം സ്ഥാനത്താണ്. സാന്റോസിനെ തകർത്തെങ്കിലും ഒരു മത്സരം കുറച്ചു കളിച്ച വാസ്‌കോ ഡ ഗാമ 19 പോയന്റുമായി പതിനാറാം സ്ഥാനത്താണ്.
മത്സരം പൂർത്തിയായതിന് പിന്നാലെ ടീമന്റെ മുഖ്യ പരിശീലകനായ ക്ലബ്ബർ സേവിയരെ പരിശീലക സ്ഥാനത്തു നിന്ന് സാന്റോസ് പുറത്താക്കി. മത്സരശേഷം തന്റെ നിരാശയും ദേഷ്യവും മറച്ചുവെക്കാതെ നെയ്മർ പ്രതികരിച്ചു. ഞാൻ നാണംകെട്ടു, ഞങ്ങളുടെ പ്രകടനത്തിൽ എനിക്ക് കടുത്ത നിരാശയുണ്ട്. സാന്റോസിന്റെ ആരാധകർക്ക് പ്രതിഷേധിക്കാൻ എല്ലാ അവകാശവുമുണ്ട്. അവർ ഞങ്ങളെ ശപിക്കുകയും അപമാനിക്കുകയും ചെയ്താലും അതിനവരെ കുറ്റം പറയാനാവില്ലെന്നും നെയ്മർ പറഞ്ഞു.
ഇതെന്റെ കരിയറിലെ ഏറ്റവും വലിയ നാണക്കേടാണ്. ഇതിന് മുമ്പ് ഇത്തരമൊരു തോൽവി ഞാൻ അനുഭവിച്ചിട്ടില്ല. ഞാൻ കരയുന്നത് ദേഷ്യം കൊണ്ടാണ്. ടീമിനെ ജയത്തിലേക്ക് എത്തിക്കാൻ എനിക്കായില്ല. ഈ മത്സരത്തിൽ താൻ വെറും പാഴായിരുന്നുവെന്നും നെയ്മർ പറഞ്ഞു.
2009ൽ പ്രഫഷണൽ കരിയർ തുടങ്ങിയശേഷം സാന്റോസ്, ബാഴ്‌സലോണ, പി.എസ്.ജി, അൽഹിലാൽ, ബ്രസീൽ ദേശീയ ടീമുകൾക്കായി കളിച്ച നെയ്മറുടെ കരിയറിലെ ഏറ്റവും വലിയ തോൽവിയാണ് ഇന്നലെ വാസ്‌കോ ഡ ഗാമക്കെതിരെ വഴങ്ങിയത്. നെയ്മർ കളിച്ച ടീം രണ്ട് തവണ എതിരില്ലാത്ത നാലു ഗോളിന് തോറ്റതായിരുന്നു
ഇതിന് മുമ്പത്തെ വലിയ തോൽവികൾ. 2011ലെ ഫിഫ ക്ലബ്ബ് ലോകകപ്പ് ഫൈനലിൽ ബാഴ്‌സലോണക്കെതിരെ സാന്റോസിനായി കളിച്ചപ്പോഴും 2015ൽ ചാമ്പ്യൻസ് ലീഗിൽ പി.എസ്.ജിക്കെതിരെ ബാഴ്‌സലോണക്കായി കളിക്കുമ്പോഴും നെയ്മറുടെ ടീം 4 -0ന് തോറ്റതായിരുന്നു ഇതിന് മുമ്പത്തെ നെയ്മറുടെ കരിയറിലെ ഏറ്റവും വലിയ തോൽവികൾ.
2014ലെ ലോകകപ്പ് ഫുട്‌ബോൾ സെമിയിൽ ബ്രസീൽ ജർമനിക്കെതിരെ ഒന്നിനെതിരെ ഏഴ് ഗോളിന് തോറ്റിരുന്നെങ്കിലും ക്വാർട്ടറിൽ കൊളംബിയക്കെതിരായ മത്സരത്തിലേറ്റ പരിക്കുമൂലം നെയ്മർ സെമിയിൽ കളിച്ചിരുന്നില്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്