ടി20 ക്രിക്കറ്റിൽ ചരിത്രമെഴുതി നേപ്പാൾ. വെസ്റ്റ് ഇൻഡീസിനെതിരെ ആദ്യ ടി20 മത്സരത്തിൽ 19 റൺസിന് ജയിച്ചതോടെ, ഐ.സി.സി ഫുൾ മെമ്പർ ടീമിനെതിരെ ആദ്യ ജയം സ്വന്തമാക്കാൻ നേപ്പാളിന് കഴിഞ്ഞു.
തങ്ങളുടെ 180-ാം മത്സരത്തിലാണ് നേപ്പാൾ ചരിത്ര വിജയം സ്വന്തമാക്കിയത്. ഷാർജ, ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ നേപ്പാൾ എട്ട് വിക്കറ്റ് നഷ്ടത്തിൽ 148 റൺസാണ് നേടിയത്. 38 റൺസ് നേടിയ ക്യാപ്ടൻ രോഹിത് പൗഡേലാണ് ടോപ് സ്‌കോറർ. മറുപടി ബാറ്റിംഗിൽ വിൻഡീസിന് ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 129 റൺസെടുക്കാനാണ് സാധിച്ചത്. നേപ്പാളിന് വേണ്ടി കുശാൽ ഭർട്ടൽ രണ്ട് വിക്കറ്റ് വീഴ്ത്തി.
താരതമ്യേന കുഞ്ഞൻ വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ വിൻഡീസിന് അത്ര നല്ല തുടക്കമായിരുന്നില്ല. 32 റൺസെടുക്കുന്നതിതിനെ അവർക്ക് കെയ്ൽ മയേഴ്‌സ് (5), അക്കീം ഓഗസ്‌റ്റെ (15) എന്നിവരുടെ വിക്കറ്റുകൾ നഷ്ടമായി. മയേഴ്‌സ് റണ്ണൗട്ടായപ്പോൾ, ഓഗസ്റ്റയെ നന്ദൻ യാദവ് വീഴ്ത്തി. പിന്നാലെ ജുവൽ ആൻഡ്രൂ (5), അമിർ ജാൻഗൂ (19) എന്നിവർ മടങ്ങി. ഇതോടെ 8.5 ഓവറിൽ നാലിന് 53 എന്ന നിലയിലായി വിൻഡീസ്. തുടർന്ന് വന്നവരിൽ കീസി കാർട്ടി (16), നവിൻ ബിഡൈസി (22), ഫാബിയൻ അലൻ (19), അകെയ്ൽ ഹുസൈൻ (18) എന്നിവർ മാത്രമാണ് രണ്ടക്കം കാണാൻ സാധിച്ചത്. ജേസൺ ഹോൾഡറാണ് (5) പുറത്തായ മറ്റൊരു താരം.
നേരത്തെ നേപ്പാളിന്റെ തുടക്കം തന്നെ പാളി. 12 റൺസ് സ്‌കോർബോർഡിൽ ചേർക്കുന്നതിനിടെ കുശാൽ ഭർട്ടൽ (6), ആസിഫ് ഷെയ്ഖ് (3) എന്നിവരുടെ വിക്കറ്റുകൾ നേപ്പാളിന് നഷ്ടമായി. തുടർന്ന് നാലാം വിക്കറ്റിൽ രോഹിത് - കുശാൽ മല്ല (21 പന്തിൽ 30) സഖ്യം 58 റൺസ് കൂട്ടിചേർത്തു. ഈ കൂട്ടുകെട്ടാണ് നേപ്പാളിനെ തകർച്ചയിൽ നിന്ന് രക്ഷിച്ചതും. 11-ാം ഓവറിൽ കൂട്ടുകെട്ട് പൊളിഞ്ഞു. മല്ല പുറത്ത്. 13-ാം ഓവറിൽ രോഹിത്തും മടങ്ങി. തുടർന്ന് വന്നവരിൽ ഗുൽഷൻ ജാ (22), ദിപേന്ദ്ര സിംഗ് (17) എന്നിവർക്ക് മാത്രമാണ് രണ്ടക്കം കാണാൻ സാധിച്ചത്.
സുദീപ് ജോറ (9), കരൺ (0) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങൾ. സോംപാൽ കാമി (6), നന്ദൻ യാദവ് (7) എന്നിവർ പുറത്താവാതെ നിന്നു. വിൻഡീസിന് വേണ്ടി ജേസൺ ഹോൾഡർ നാലും നവിൻ ബിഡൈസി മൂന്നും വിക്കറ്റ് വീഴ്ത്തി. ജയത്തോടെ മൂന്ന് മത്സരങ്ങളുടെ പരമ്പരയിൽ നേപ്പാൽ 1-0ത്തിന് മുന്നിലെത്തി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്