ന്യൂഡൽഹി: ഒളിമ്പിക്സ് സ്വർണ മെഡൽ ജേതാവ് നീരജ് ചോപ്രയെ ഇന്ത്യൻ ആർമിയിൽ ഓണററി ലെഫ്റ്റനന്റ് കേണൽ പദവി നൽകി ആദരിച്ചു. ഡൽഹിയിൽ വെച്ച് നടന്ന ചടങ്ങിൽ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്, കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി എന്നിവർ ചേർന്ന് ബഹുമതി കൈമാറി.
കായികമേഖലയിൽ രാജ്യത്തിനുനൽകിയ സംഭാവനകൾ പരിഗണിച്ചാണ് താരത്തിന് ടെറിട്ടോറിയൽ ആർമിയിൽ ഓണററി ലെഫ്റ്റനന്റ് കേണൽ പദവി നൽകിയത്. ഏപ്രിൽ 16 മുതൽ നിയമനം പ്രാബല്യത്തിലായി. 2016 ഓഗസ്റ്റ് 26-ന് നീരജ് ഇന്ത്യൻ ആർമിയിൽ നായിക് സുബേദാർ റാങ്കിൽ ജൂനിയർ കമ്മിഷൻഡ് ഓഫീസറായി നിയമിതനായിരുന്നു.
പിന്നീട് 2024-ൽ സുബേദാർ മേജറായി സ്ഥാനക്കയറ്റം ലഭിക്കുകയും ചെയ്തു. ടോക്യോ ഒളിമ്പിക്‌സിൽ ജാവലിനിൽ ഇന്ത്യയ്ക്കായി ചരിത്ര സ്വർണം നേടിയതിനു പിന്നാലെ 2022 ജനുവരിയിൽ രജ്പുത്താന റൈഫിൾസ് അദ്ദേഹത്തെ പരം വിശിഷ്ട് സേവാ മെഡൽ നൽകി ആദരിച്ചിരുന്നു.
2018-ൽ അർജുന അവാർഡ് ലഭിച്ച നീരജിന് ഒളിമ്പിക് സ്വർണ മെഡൽ നേട്ടത്തിനു പിന്നാലെ 2021-ൽ ഖേൽ രത്‌ന പുരസ്‌കാരവും ലഭിച്ചിരുന്നു. 2022-ൽ പദ്മശ്രീ നൽകി രാജ്യം ആദരിച്ചു.
2023-ലെ ലോകചാമ്പ്യൻഷിപ്പിൽ ജേതാവായ നിരജ് 2020 ടോക്യോ ഒളിമ്പിക്സിൽ സ്വർണവും 2024 പാരീസ് ഒളിമ്പിക്സിൽ വെള്ളിയും നേടിയിട്ടുണ്ട്. ഒളിമ്പിക്‌സിൽ ട്രാക്ക് ആൻഡ് ഫീൽഡ് ഇനങ്ങളിൽ മെഡലുകൾ നേടുന്ന ആദ്യ ഇന്ത്യൻ അത്‌ലറ്റുകൂടിയാണ് നീരജ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്