ജനീവ: ഫോർമുല വൺ ഇതിഹാസം മൈക്കൽ ഷൂമാക്കറുടെ ആരോഗ്യനിലയിൽ പുരോഗതി. 2013 ൽ ഫ്രഞ്ച് ആൽപ്സിൽ ഉണ്ടായ സ്കീയിംഗ് അപകടത്തെത്തുടർന്ന് വളരെക്കാലം കോമയിലായിരുന്ന താരത്തിന് ഇപ്പോൾ വീൽചെയറിൽ ഇരിക്കാൻ കഴിയുന്നുണ്ടെന്ന് റിപ്പോർട്ടുകൾ പറയുന്നു.
കഴിഞ്ഞ 12 വർഷമായി ഒരു മുറിയിൽ ചികിത്സയിൽ കഴിയുന്ന ഷൂമാക്കർ ഇപ്പോൾ വീൽചെയറിന്റെ സഹായത്തോടെ സ്വിറ്റ്സർലൻഡിലെയും മല്ലോർക്കയിലെയും വീടുകളിൽ ചുറ്റി സഞ്ചരിക്കാൻ കഴിയുന്നുണ്ടെന്നും ഡെയ്‌ലി മെയിൽ റിപ്പോർട്ട് ചെയ്തു. 57 കാരനായ ഷൂമാക്കറെ പരിചരിക്കുന്നതിനായി ഡോക്ടർമാരും തെറാപ്പിസ്റ്റുകളും ഉൾപ്പെടെ ഒരു വലിയ മെഡിക്കൽ സംഘം 24 മണിക്കൂറും അദ്ദേഹത്തോടൊപ്പമുണ്ട്.
സംസാരിക്കാൻ സാധിക്കുന്നില്ലെങ്കിലും, തന്റെ ചുറ്റുപാടുകളോട് അദ്ദേഹം പ്രതികരിക്കാൻ തുടങ്ങിയിട്ടുണ്ട് എന്നത് വലിയ പ്രതീക്ഷയാണ് നൽകുന്നത്. നേരത്തെ അദ്ദേഹം കണ്ണ് ചിമ്മിക്കൊണ്ടാണ് ആശയവിനിമയം നടത്തുന്നതെന്ന് വാർത്തകൾ വന്നിരുന്നെങ്കിലും, പുതിയ വിവരങ്ങൾ ആരാധകർക്ക് ചെറിയ തോതിലെങ്കിലും പ്രതീക്ഷ നൽകുന്നതാണ്. 1995-ൽ വിവാഹിതരായ ഭാര്യ കൊറീനയാണ് ഷൂമാക്കറുടെ ചികിത്സക്കും പരിചരണത്തിനും നേതൃത്വം നൽകുന്നത്.
2012-ൽ വിരമിക്കുന്നതിന് മുമ്പ് ഏഴ് തവണ ലോക കിരീടം ചൂടിയ ഷൂമാക്കർ, 91 റേസുകളിൽ വിജയിച്ച് ഫോർമുല വണ്ണിലെ എക്കാലത്തെയും മികച്ച താരങ്ങളിൽ ഒരാളായാണ് അറിയപ്പെടുന്നത്.2000 മുതൽ 2004 വരെ തുടർച്ചയായി 5 തവണ ലോക കിരീടം നേടി. ഈ റെക്കോർഡ് ഇന്നും തകർക്കപ്പെടാതെ നിൽക്കുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
