സ്പെയിനിലെ വമ്പൻ ക്ലബ്ബായ റയൽ മാഡ്രിഡിൽ കാര്യങ്ങൾ അത്ര ശുഭകരമല്ലെന്ന് റിപ്പോർട്ടുകൾ. ടീമിനുള്ളിലെ അസ്വാരസ്യങ്ങൾ ഇപ്പോൾ മറനീക്കി പുറത്തുവരികയാണ്. സൂപ്പർ താരം കിലിയൻ എംബാപ്പെയും പ്രതിരോധ താരം അന്റോണിയോ റുഡിഗറും ഉൾപ്പെട്ട വ്യത്യസ്തമായ തർക്കങ്ങളാണ് ഡ്രസ്സിംഗ് റൂമിലെ വിള്ളലുകൾ വർദ്ധിപ്പിക്കുന്നത്. ക്ലബ്ബിന്റെ പരിശീലന കേന്ദ്രമായ വൽഡെബെബാസിലെ അന്തരീക്ഷം നിലവിൽ വളരെ മോശമായ അവസ്ഥയിലാണെന്ന് 'ദി അത്‌ലറ്റിക്' റിപ്പോർട്ട് ചെയ്യുന്നു.
ഏപ്രിലിൽ ബയേൺ മ്യൂണിക്കിനോട് തോറ്റ് ചാമ്പ്യൻസ് ലീഗിൽ നിന്ന് പുറത്തായതിന് പിന്നാലെയാണ് ആദ്യ സംഘർഷം ഉണ്ടായത്. പരിശീലനത്തിനിടെ റുഡിഗർ ഒരു സഹതാരവുമായി വാക്കുതർക്കത്തിൽ ഏർപ്പെടുകയായിരുന്നു. പിന്നീട് റുഡിഗർ മാപ്പ് പറയുകയും ടീമംഗങ്ങൾക്കായി വിരുന്നൊരുക്കി കാര്യങ്ങൾ ശാന്തമാക്കാൻ ശ്രമിക്കുകയും ചെയ്തെങ്കിലും ആ സംഭവമുണ്ടാക്കിയ അസ്വസ്ഥത ഇപ്പോഴും ടീമിൽ നിലനിൽക്കുന്നുണ്ട്.
അതേസമയം, കിലിയൻ എംബാപ്പെ കോച്ചിംഗ് സ്റ്റാഫുമായി ഉടക്കിയതാണ് ഏറ്റവും പുതിയ വിവാദം. പരിശീലനത്തിനിടെ ഓഫ്‌സൈഡ് വിളിച്ചതുമായി ബന്ധപ്പെട്ട് അൽവാരോ അർബെലോവയുടെ സ്റ്റാഫംഗത്തോട് എംബാപ്പെ മോശമായി പെരുമാറിയെന്നാണ് റിപ്പോർട്ട്. പരിശീലക സംഘത്തോടുള്ള എംബാപ്പെയുടെ സമീപനത്തിൽ ക്ലബ്ബ് അധികൃതർക്ക് ആശങ്കയുണ്ട്.
പരിക്കിനെത്തുടർന്ന് റയൽ ബെറ്റിസിനെതിരെയുള്ള മത്സരത്തിൽ നിന്നും പിന്മാറിയ എംബാപ്പെ, തൊട്ടുപിന്നാലെ ഇറ്റലിയിലേക്ക് യാത്ര പോയത് വലിയ വിമർശനങ്ങൾക്ക് വഴിവെച്ചിട്ടുണ്ട്. ലാലിഗ കിരീടപ്പോരാട്ടം കടുത്തിരിക്കുന്ന സാഹചര്യത്തിലും, എൽ ക്ലാസിക്കോയിൽ ബാഴ്സലോണയ്ക്ക് ഗാർഡ് ഓഫ് ഓണർ നൽകേണ്ടി വരുമോ എന്ന നാണക്കേടിന്റെ നിഴലിൽ ക്ലബ്ബ് നിൽക്കുമ്പോഴും എംബാപ്പെ നടത്തിയ ഈ യാത്ര ഉത്തരവാദിത്തമില്ലാത്ത പെരുമാറ്റമായാണ് ക്ലബ്ബിനുള്ളിൽ പലരും കാണുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
