അങ്ങിനെ കാൽപന്തുകളിയുടെ മായലോകത്തിന് തിരശീല വീണു. അതോടെ ആ മാസ്മരീക മാനസീകാവസ്ഥയിൽ നിന്നും ആളുകൾ മോചനം നേടാൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ചിലർക്ക് ഇത് അസ്ഥിയിൽ പിടിച്ച ലഹരിയായി മാറിയിരിക്കുന്നു. അത് ആണെന്നോ, പെണ്ണെന്നോ, പ്രായവ്യത്യസമോ, ജാതി മത രാഷ്ട്തീയമോ ഒന്നുമില്ലതെയാണ് ആ ലഹരി കാട്ടുതീ പോലെ പടർന്നു പിടിച്ചത്. ആ ആലസ്യത്തിൽ നിന്നും മോചനം നേടുന്നതിനായി ഒരു 'തൂഫാൻ' വേണ്ടിവരുമോ എന്നറിയില്ല..!
മെസ്സി എന്തായാലും ആരാധകരെ മാത്രമല്ല വിമർശകപ്പടെയെപ്പോലും നിരാശയുടെ പാശം കൊണ്ട് കെട്ടിയിട്ട് വട്ടുതട്ടുന്ന പരുവത്തിലാക്കിയിരിക്കുന്നു. ഇതിനിടയിലും അല്പം ആശ്വാസത്തിന് വകയുണ്ടാക്കിയത് കിലിയൻ എംബപെ ആണ്.
ഗോൾവേട്ടയിൽ മെസിയെ മറികടന്ന് എംബാപ്പെ ഈ ലോകകപ്പിൽ കിടിലം കൊള്ളിക്കുമാറ് 10 ഗോളുകൾ അടിച്ച് മുടിചൂടാമന്നനായി. തീർന്നില്ല. ലോകകപ്പിന്റെ ചരിത്രത്തിലും ഭൂമിശാസ്ത്രത്തിലും മറ്റാർക്കും എത്തിപ്പിടിക്കാനാകാത്ത ഉശിരൻപ്രകടനവുമായി ഉയരത്തിൽ കയറിക്കഴിഞ്ഞു. അതിനുള്ള കാരണം ആകെ 22 ഗോൾ ഇതിനോടകം അടിച്ചുമാറ്റി എന്നതാണ്. തുടർച്ചയായി രണ്ടാം തവണയും അതുകൊണ്ടുതന്നെ ഗോൾഡൻ ബൂട്ട് സ്വന്തമാക്കി കിലിയൻ എംബാപെ.
കക്ഷിയുടെ നാട്ടിലുള്ള ചിന്നച്ചിന്ന ക്ലബ്ബുകളിലൂടെ വളർന്ന എംബപെ പിന്നെ യൂത്ത് അക്കാദമിയിലൂടെ നന്നേ ചെറുപ്പത്തിലേ ശ്രദ്ധേയനായി. അതിനുശേഷമാണ് മോണക്കോയുടെ റിസർവ് ടീമിൽ ഇടംനേടി പ്രൊഫഷണൽ കരിയർ ആരംഭിച്ചത്.
ടീയാന്റെ പിതാശ്രീ വിൽഫ്രഡ് എംബപെ കനത്ത കായികപ്രേമിയും കാമറൂണിൽ നിന്നുള്ള സോക്കർ കോച്ചും പ്രോഗ്രാം മനേജരുമാണ്. അമ്മയാകട്ടെ കുക്കിങ്ങിനും വാഷിങ്ങിനും ഇടയിൽപ്പോലും ഹാൻഡ്‌ബോൾ കളിക്കാൻ ഇഷ്ടപ്പെടുന്നവളാണ്.
ഈ രണ്ടുകായിക പ്രേമികളുടേയും ദാമ്പത്യവല്ലരിയിൽ വിരിഞ്ഞ വീര്യമുള്ള കുസുമമാണ് എംബപെ. ആ മാതാപിതാക്കളുടെ ഏറ്റവും വലിയ ആഗ്രഹം 30 വയസിനുമുമ്പെ 30 ഗോളേങ്കിലും അടിച്ചിരിക്കണമെന്നായിരുന്നു.
കൂടെയുള്ളവർ ഇടയ്ക്ക് കയറി ഗോളടിച്ചില്ലായിരുന്നെങ്കിൽ ആ കടമ്പ നിഷ്പ്രയാസം ചാടിക്കടന്നേനെ ഈ വിദ്വാൻ. എന്തായാലും 22 എണ്ണമെങ്കിലും അടിക്കാനായല്ലോ എന്ന ചിന്ന സന്തോഷത്തിലാണ് എബപെ എന്ന ചിന്നപ്പൻ. ലാൽ സലാം.
ജോഷി ജോർജ്
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
