ചാമ്പ്യൻസ് ലീഗിലെ വലിയ ജയം നൽകിയ ആത്മവിശ്വാസത്തിൽ ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഇറങ്ങിയ ലിവർപൂളിന് വീണ്ടും പരാജയം. ബ്രന്റ്‌ഫോർഡിനോട് അവരുടെ മൈതാനത്ത് 3-2 എന്ന സ്‌കോറിനാണ് ലിവർപൂൾ പരാജയപ്പെട്ടത്. ലീഗിൽ ലിവർപൂൾ നേരിടുന്ന തുടർച്ചയായ നാലാം പരാജയമാണിത്. അഞ്ചാം മിനിറ്റിൽ ലോങ് ത്രോയിൽ നിന്നു തങ്ങളുടെ റെക്കോർഡ് സൈനിംഗ് ഡാങോ ഒട്ടാരയിലൂടെയാണ് ബ്രന്റ്‌ഫോർഡ് മത്സരത്തിൽ മുന്നിലെത്തിയത്. നിരന്തരം ലോങ് ബോളുകളും ആയി ലിവർപൂൾ പ്രതിരോധം പരീക്ഷിച്ച ബ്രന്റ്‌ഫോർഡ് 45-ാമത്തെ മിനിറ്റിൽ രണ്ടാം ഗോളും നേടി. കൗണ്ടർ അറ്റാക്കിൽ ഡാംസ്ഗാർഡ് നൽകിയ പാസിൽ നിന്നു കെവിൻ ഷാഡെ ആണ് അവർക്ക് രണ്ടാം ഗോൾ സമ്മാനിച്ചത്.
എന്നാൽ ആദ്യ പകുതിയുടെ ഇഞ്ചറി സമയത്ത് ലിവർപൂൾ ഒരു ഗോൾ മടക്കി. മിലോസ് കെർക്കസിന്റെ ലിവർപൂളിനായുള്ള ആദ്യ ഗോളാണ് അവർക്ക് തിരിച്ചു വരാനുള്ള പ്രതീക്ഷ നൽകിയത്. രണ്ടാം പകുതിയിലും ബ്രന്റ്‌ഫോർഡ് തന്നെയാണ് കൂടുതൽ അപകടകാരികൾ ആയത്. 60-ാമത്തെ മിനിറ്റിൽ ഒട്ടാരയെ വാൻ ഡെയ്ക് വീഴ്ത്തിയതിന് റഫറി ഫൗൾ വിളിച്ചു.
തുടർന്ന് വാർ പരിശോധനയിൽ ഈ ഫൗൾ ബോക്‌സിനകത്ത് ആണെന്ന് കണ്ടെത്തിയതോടെ ബ്രന്റ്‌ഫോർഡിന് പെനാൽട്ടി ലഭിച്ചു. അനായാസം പെനാൽട്ടി ലക്ഷ്യം കണ്ട ഇഗോർ തിയാഗോ ബ്രന്റ്‌ഫോർഡിനെ ജയത്തിനരികിൽ എത്തിച്ചു. തുടർന്ന് സമനില ഗോളുകൾക്കeയി ലിവർപൂൾ കൂടുതൽ ആക്രമണം നടത്തി. ബ്രന്റ്‌ഫോർഡ് പിഴവിൽ നിന്നു സബോസലായുടെ പാസിൽ നിന്നു മുഹമ്മദ് സലാഹ് 89-ാമത്തെ മിനിറ്റിൽ ഒരു ഗോൾ മടക്കിയെങ്കിലും ലിവർപൂളിന് പരാജയം ഒഴിവാക്കാൻ ആയില്ല.
പുതിയ പരിശീലകൻ കീത്ത് ആൻഡ്രൂസിന് കീഴിൽ നിലവിൽ പത്താം സ്ഥാനത്തേക്ക് ബ്രന്റ്‌ഫോർഡ് കയറിയപ്പോൾ ലിവർപൂൾ ആറാം സ്ഥാനത്തേക്ക് വീണു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
