തിരുവനന്തപുരം: കെ.സി.എല്ലിൽ ഇന്നലെ നടന്ന രണ്ടാം മത്സരത്തിൽ കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസിനെ രണ്ട് വിക്കറ്റിന് തോൽപ്പിച്ച് ആലപ്പി റിപ്പിൾസ്. 177 റൺസ് വിജയലക്ഷ്യവുമായിറങ്ങിയ റിപ്പിൾസ് ഒരുപന്ത് ശേഷിക്കേയാണ് ലക്ഷ്യത്തിലെത്തിയത്.
ആദ്യം ബാറ്റ് ചെയ്ത കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസ് 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് 176 റൺസെടുത്തത്. പി.എം. അൻഫൽ (27 പന്തുകളിൽ പുറത്താകാതെ 52 റൺസ്) സൽമാൻ നിസാറിന്റേയും(26 പന്തുകളിൽ പുറത്താകാതെ 48 റൺസ് ) ഉജ്ജ്വല ഇന്നിങ്‌സുകളാണ് കാലിക്കറ്റിനെ മികച്ച സ്‌കോറിലെത്തിച്ചത്. 11.1 ഓവറിൽ 71/5 എന്ന നിലയിൽ ആറാം വിക്കറ്റിൽ ഒരുമിച്ച അൻഫൽ - സൽമാൻ സഖ്യം 105 റൺസാണ് 53 പന്തുകളിൽ അടിച്ചുകൂട്ടിയത്. എം.അജിനാസ്,അഖിൽ സ്‌കറിയ എന്നിവർ 27 റൺസ് വീതം നേടി.
മറുപടിക്കിറങ്ങിയ റിപ്പിൾസിനായി ക്യാപ്ടൻ മുഹമ്മദ് അസ്ഹറുദ്ദീൻ (39), ജലജ് സക്‌സേന (22),അഭിഷേക് പി.നായർ (54),അരുൺ കെ.എ (22) എന്നിവർ നടത്തിയ പോരാട്ടമാണ് അവസാനസമയത്ത് വിക്കറ്റുകൾ പൊഴിഞ്ഞിട്ടും റിപ്പിൾസിന് രക്ഷയായത്.
22 റൺസെടുത്ത അരുൺ അവസാന ഓവറിലെ അഞ്ചാം പന്തിൽ പുറത്തായതോടെ കളി നാടകീയ നിമിഷങ്ങളിലേക്ക് നീങ്ങി. അവസാന പന്തിൽ ഏഴ് റൺസായിരുന്നു ആലപ്പിയ്ക്ക് ജയിക്കാൻ വേണ്ടത്. വൈഡായ പന്ത് വിക്കറ്റ് കീപ്പറുടെ കയ്യിൽ നിന്ന് വഴുതി ബൗണ്ടറിയിലേക്ക് പാഞ്ഞതോടെ അഞ്ച് റൺസ് ലഭിച്ചു. വൈഡിലൂടെ ലഭിച്ച അധിക പന്തിൽ ജയിക്കാൻ വേണ്ടത് രണ്ട് റൺസ്. ബാറ്റർമാർ ഒരു റൺ ഓടിയെടുത്തതോടെ ഇരു ടീമുകളും തുല്യനിലയിലായി.
പന്തിന് ഉയരം കൂടുതലായിരുന്നു എന്ന് ബാറ്റർമാർ അപ്പീൽ ചെയ്‌തെങ്കിലും അമ്പയർ അനുവദിച്ചില്ല. ഒടുവിൽ തീരുമാനം തേഡ് അമ്പയറിലേക്ക്. ഉയരം പരിശോധിച്ച് തേഡ് അമ്പയർ വൈഡ് അനുവദിച്ചതോടെ ആലപ്പിയെ തേടി അവിശ്വസനീയ വിജയം എത്തുകയായിരുന്നു. കാലിക്കറ്റിന് വേണ്ടി അൻഫൽ മൂന്നും ഹരികൃഷ്ണനും ഇബ്‌നുൽ അഫ്താബും രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി. വിജയത്തോടെ ആറ് മത്സരങ്ങളിൽ നിന്ന് ആറ് പോയിന്റുമായി ആലപ്പി റിപ്പിൾസ് അഞ്ചാം സ്ഥാനത്ത് തുടരുകയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്