ഓസ്‌ട്രേലിയക്കെതിരായ നാലാം ടി20യിൽ ഇന്ത്യക്ക് 48 റൺസിന്റെ ജയം. ഇന്ത്യ ഉയർത്തിയ 168 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഓസ്‌ട്രേലിയ 18.2 ഓവറിൽ 119ന് എല്ലാവരും പുറത്താവുകയായിരുന്നു.
സ്പിന്നർമാരാണ് ഓസിസിനെ തകർത്തത്. വാഷിംഗ്ടൺ സുന്ദർ മൂന്നും അക്‌സർ പട്ടേൽ, ശിവം ദുബെ എന്നിവർ രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി. ജയത്തോടെ അഞ്ച് മത്സരങ്ങളുടെ പരമ്പരയിൽ ഇന്ത്യ 2-1ന് മുന്നിലെത്തി. ആദ്യ മത്സരം മഴയെ തുടർന്ന് ഉപേക്ഷിച്ചിരുന്നു.
ഭേദപ്പെട്ട തുടക്കമായിരുന്നു ഓസീസിന്. ഒന്നാം വിക്കറ്റിൽ മിച്ചൽ മാർഷ് മാത്യു ഷോർട്ട് (25) സഖ്യം 37 റൺസ് ചേർത്തിരുന്നു. എന്നാൽ അഞ്ചാം ഓവറിൽ ഷോർട്ട് പുറത്തായി. പിന്നീട് മൂന്നാം വിക്കറ്റിൽ ജോഷ് ഇംഗ്ലിസിനൊപ്പം 30 റൺസും മാർഷ് കൂട്ടിചേർത്തു. എന്നാൽ 12 റൺസെടത്ത ഇംഗ്ലിസിനെ ബൗൾഡാക്കി അക്‌സർ ഇന്ത്യക്ക് ബ്രേക്ക് ത്രൂ നൽകി.
ഇതോടെ രണ്ടിന് 67 എന്ന നിലയിലായി ഓസീസ്. ഇതോടെ ടീമിന്റെ തകർച്ചയും തുടങ്ങി. ശേഷിക്കുന്ന എട്ട് വിക്കറ്റുകൾ കേവലം 52 റൺസിനിടെ ആതിഥേയർക്ക് നഷ്ടമായി. 30 റൺസെടുത്ത മാർഷ് പത്താം ഓവറിൽ മടങ്ങി.
ടിം ഡേവിഡ് (14), മാർകസ് സ്‌റ്റോയിനിസ് (17), ഗ്ലെൻ മാക്‌സ്‌വെൽ (2), ബെൻ ഡ്വാർഷ്വിസ് (5), സേവ്യർ ബാർട്ട്‌ലെറ്റ് (0), ആഡം സാംപ (0) എന്നിവർക്കൊന്നും പിടിച്ചുനിൽക്കാൻ സാധിച്ചില്ല. നതാൻ എല്ലിസ് (2) പുറത്താവാതെ നിന്നു. അർഷ്ദീപ് സിംഗ്, ജസ്പ്രിത് ബുമ്ര, വരുൺ ചക്രവർത്തി എന്നിവർക്ക് ഓരോ വിക്കറ്റ് വീതമുണ്ട്. ടോസ് നഷ്ടപ്പെട്് ബാറ്റിംഗിനെത്തിയ ഇന്ത്യക്കായി അഭിഷേക് ശർമയും ശുഭ്മാൻ ഗില്ലും ചേർന്ന് ഭേദപ്പെട്ട തുടക്കമാണ് നൽകിയത്.
പവർ പ്ലേയിൽ ഇരുവരും ചേർന്ന് വിക്കറ്റ് നഷ്ടമില്ലാതെ 49 റൺസെടുത്തു. നേരിട്ട രണ്ടാം പന്തിൽ തന്നെ അക്കൗണ്ട് തുറക്കും മുമ്പ് ജീവൻ ലഭിച്ച അഭിഷേകിനെക്കാൾ ശുഭ്മാൻ ഗില്ലാണ് പവർപ്ലേയിൽ തകർത്തടിച്ചത്. പവർ പ്ലേയിലെ അവസാന ഓവർ വരെ ഒരു ബൗണ്ടറി മാത്രമാണ് അഭിഷേക് നേടിയത്. അതേസമയം ഗിൽ നാലു ബൗണ്ടറികൾ നേടി. പവർ പ്ലേക്ക് പിന്നാലെ പന്തെറിയാനെത്തിയ ആദം സാംപയെ സിക്‌സ് അടിച്ച അഭിഷേക് പക്ഷെ അതേ ഓവറിൽ വീണു.
18 പന്തിൽ 28 റൺസായിരുന്നു അഭിഷേകിന്റെ നേട്ടം. പിന്നാലെ മൂന്നാം നമ്പറിൽ ക്രീസിലെത്തിയ ശിവം ദുബെയും ഗില്ലും ചേർന്ന് ഇന്ത്യയെ പന്ത്രണ്ടാം ഓവറിൽ 88 റൺസിലെത്തിച്ചു. ശിവം ദുബെയെ(18 പന്തിൽ 22) പുറത്താക്കി നഥാൻ എല്ലിസ് ഇന്ത്യക്ക് അടുത്ത പ്രഹരമേൽപ്പിച്ചു.
എന്നാൽ മൂന്നാം വിക്കറ്റിൽ ഒത്തു ചേർന്ന ക്യാപ്ടൻ സുര്യകുമാർ യാദവും ഗില്ലും ചേർന്ന് ഇന്ത്യയെ 100 കടത്തി. ആദം സാംപയുടെ ഒരോവറിൽ രണ്ട് സിക്‌സ് പറത്തിയ സൂര്യകുമാർ യാദവും സ്റ്റോയ്‌നിസിന്റെ പന്തിൽ എൽബിഡബ്ല്യുവിൽ നിന്ന് റിവ്യൂവിലൂടെ രക്ഷപ്പെട്ട ശേഷം പടുകൂറ്റൻ സിക്‌സ് പറത്തിയ ഗില്ലും പ്രതീക്ഷ നൽകിയെങ്കിലും പതിനഞ്ചാം ഓവറിലെ ആദ്യ പന്തിൽ ഗില്ലിനെ(39 പന്തിൽ 46) മടക്കിയ നഥാൻ എല്ലിസ് ഇന്ത്യക്ക് മൂന്നാം പ്രഹരമേൽപ്പിച്ചു.
പിന്നാലെ സൂര്യകുമാർ യാദവിനെ(10 പന്തിൽ 20) സേവിയർ ബാർട്‌ലെറ്റും തിലക് വർമയെയും(5), ജിതേഷ് ശർമയെയും(3) ആദം സാംപയും മടക്കിയതോടെ ഇന്ത്യ 121-2ൽ നിന്ന് 136-6ലേക്ക് കൂപ്പുകുത്തി.
പ്രതീക്ഷ നൽകിയ വാഷിംഗ്ടൺ സുന്ദർ(12) സ്‌കോർ 150 കടന്നതിന് പിന്നാലെ മടങ്ങി. അവസാന ഓവറിൽ സിക്‌സും ഫോറും അടക്കം റൺസടിച്ച അക്‌സർ പട്ടേലാണ്(11പന്തിൽ 21*) പിന്നീട് ഇന്ത്യയെ 167ൽ എത്തിച്ചത്. നേരത്തെ ഇന്ത്യക്കെതിരെ ടോസ് നേടിയ ഓസ്‌ട്രേലിയ ബൗളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു.
കഴിഞ്ഞ മത്സരം തോറ്റ ടീമിൽ ഓസ്‌ട്രേലിയ നാലു മാറ്റങ്ങൾ വരുത്തി. ആദം സാംപയും ഗ്ലെൻ മാക്‌സ്വെല്ലും ജോഷ് ഫിലിപ്പും ഫിൽ ഡ്വാർഷുയിസും ഓസീസ് ടീമിലെത്തി. ഓപ്പണർ ട്രാവിസ് ഹെഡും ഷോൺ ആബട്ടും ഇന്ന് ഓസീസ് ടീമിലില്ല.
അതേസമയം കഴിഞ്ഞ മത്സരം ജയിച്ച ടീമിൽ മാറ്റങ്ങളൊന്നും വരുത്താൻ ഇന്ത്യ തയാറായില്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
