കംഗാരുപ്പടയുടെ തലയ്ക്കടിച്ച് രോഹിത്തും കുല്‍ദീപും; ഇന്ത്യ സെമിയില്‍

JUNE 25, 2024, 2:56 AM

ടി20 ലോകകപ്പിലെ ആവേശകരമായ മല്‍സരത്തില്‍ ഓസ്‌ട്രേലിയയെ 24 റണ്‍സിന് തോല്‍പ്പിച്ച് ഇന്ത്യ സെമിഫൈനലില്‍ ഇടം നേടി. സെന്റ് ലൂഷ്യയിലെ ഡാരന്‍ സമി ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്ന മല്‍സരത്തില്‍ ടോസ് നേടി ഇന്ത്യയെ ബാറ്റിംഗിനയച്ച ഓസീസിന്റെ എല്ലാ കണക്കുകൂട്ടലുകളെയും തിരുത്തി രോഹിത് ശര്‍മ കളിച്ച തകര്‍പ്പന്‍ ഇന്നിംഗ്‌സാണ് കളിയുടെ ഗതി തിരിച്ചത്. 20 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 205 റണ്‍സാണ് ഇന്ത്യ അടിച്ചുകൂട്ടിയത്. ട്രാവിസ് ഹെഡിന്റെ ചുമലിലേറി ഓസീസും അതേ വേഗത്തില്‍ കുതിച്ചപ്പോള്‍ ഇടംകൈയന്‍ സ്പിന്നര്‍ കുല്‍ദീപ് യാദവ് രക്ഷക്കെത്തി. 7 വിക്കറ്റിന് 181 റണ്‍സില്‍ ഓസീസ് പോരാട്ടം അവസാനിച്ചു. ഇന്ത്യക്ക് വമ്പന്‍ വിജയം.

അഫ്ഗാനിസ്ഥാനോട് തോറ്റ സാഹചര്യത്തില്‍ സെമിയില്‍ കടക്കാന്‍ ഓസീസിന് ജയം അനിവാര്യമായിരുന്നു. പന്തുകൊണ്ട് വിസ്മയിപ്പിച്ച ജോഷ് ഹേസല്‍വുഡ് വിരാട് കോലിയെ പൂജ്യത്തില്‍ മടക്കി മികച്ച തുടക്കം നല്‍കുകയും ചെയ്തു. സ്റ്റാര്‍ക്ക് എറിഞ്ഞ മൂന്നാം ഓവറില്‍ 29 റണ്‍സ് നേടി ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ തിരിച്ചടി. ഇന്ത്യന്‍ സ്‌കോര്‍ 52 ല്‍ എത്തിയപ്പോള്‍ അതില്‍ 50 ഉം രോഹിത്തിന്റെ ബാറ്റില്‍ നിന്ന്. രണ്ടാം വിക്കറ്റില്‍ ഋഷഭ് പന്തിനെ കൂട്ടുപിടിച്ച് ഇന്ത്യന്‍ സ്‌കോര്‍ 93 ല്‍ എത്തിച്ചു രോഹിത്. പന്ത് (15) രപുറത്തായതോടെ സൂര്യകുമാര്‍ യാദവ് ക്രിസീല്‍. 

പന്ത്രണ്ടാം ഓവറിലെ രണ്ടാം പന്തില്‍ 41 പന്തില്‍ 92 റണ്‍സുമായി രോഹിത് പുറത്താവുമ്പോള്‍ ഇന്ത്യന്‍ സ്‌കോര്‍ 127 മാത്രം. 16 പന്തില്‍ 31 റണ്‍സെടുത്ത സൂര്യകുമാര്‍ യാദവും ശിവം ദുബെയും (28) ഹാര്‍ദിക് പാണ്ഡ്യയും തകര്‍ത്തടിച്ചതോടെ ഇന്ത്യന്‍ സ്‌കോര്‍ 198 ല്‍ എത്തി. അവസാന ഓവറില്‍ സിക്‌സര്‍ പറത്തി ജഡേജ സ്‌കോര്‍ 200 കടത്തി. 

vachakam
vachakam
vachakam

ഓസീസിനു വേണ്ടി സ്‌റ്റോയ്‌നിസും മിച്ചല്‍ സ്റ്റാര്‍ക്കും 2 വിക്കറ്റ് വീതം നേടി. സ്‌റ്റോയ്‌നിസ് 4 ഓവറില്‍ 56 റണ്‍സ് വിട്ടുകൊടുത്തു. ക്യാപ്റ്റന്‍ കമ്മിന്‍സിന്റെ 4 ഓവറില്‍ ഇന്ത്യ 48 റണ്‍സ് നേടി. സ്റ്റാര്‍ക്ക് വിട്ടുകൊടുത്തത് 45 റണ്‍സ്. 

മറുപടി ബാറ്റിംഗില്‍ ബൗണ്ടറിയോടെ തുടങ്ങിയ ഡേവിഡ് വാര്‍ണര്‍ അര്‍ഷ്ദീപ് സിംഗിന്റെ പന്തില്‍ സ്ലിപ്പില്‍ സൂര്യകുമാര്‍ യാദവിന് ക്യാച്ച് നല്‍കി മടങ്ങി. രോഹിത് ശര്‍മയുടെ പകര്‍ന്നാട്ടത്തിന് മറുപടി ട്രാവിസ് ഹെഡിലൂടെ ഓസീസ് നല്‍കിത്തുടങ്ങി. ഹെഡും ക്യാപ്റ്റന്‍ മിച്ചല്‍ മാര്‍ഷും കൂടി അതിവേഗം സ്‌കോറുയര്‍ത്തി. സ്‌കോര്‍ 87 ല്‍ എത്തിയപ്പോള്‍ 37 റണ്‍സെടുത്ത മാര്‍ഷിനെ കുല്‍ദീപിന്റെ പന്തില്‍ അവിശ്വസീയമായ ക്യാച്ചിലൂടെ അക്ഷര്‍ പട്ടേല്‍ പുറത്താക്കി. 

ക്രീസിലെത്തി ആദ്യ പന്തില്‍ തന്നെ ബൗണ്ടറിയും തുടര്‍ന്നുള്ള പന്തില്‍ റിവേഴ്‌സ് ഹിറ്റിലൂടെ സിക്‌സും പായിച്ച് മാക്‌സ്വെല്‍ ഉദ്ദേശം വ്യക്തമാക്കി. ദൂസരയിലൂടെ മാക്‌സവെലിനെ (20) ക്ലീന്‍ബൗള്‍ ചെയ്ത് കുല്‍ദീപ് ഇന്ത്യയെ മടക്കിക്കൊണ്ടുവന്നു. സ്‌കോര്‍ 13.1 ഓവറില്‍ 127 ന് 3. ഓസീസിന് ജയിക്കാന്‍ 41 പന്തില്‍ 78. 

vachakam
vachakam
vachakam

അക്ഷറിന്റെ പന്തില്‍ അപകടകാരിയായ സ്റ്റോയ്‌നിസ് (2) പാണ്ഡ്യക്ക് ക്യാച്ച് നല്‍കി മടങ്ങിയതോടെ ഓസീസ് വീണ്ടും പിന്നോട്ട്. സ്‌കോര്‍ 150 എത്തിയപ്പോള്‍ ബുംറയുടെ സ്ലോബോള്‍ ഉയര്‍ത്തിയടിക്കാന്‍ ശ്രമിച്ച ഹെഡ് രോഹിത്തിന്റെ കൈകളില്‍ ഒതുങ്ങി. 43 പന്തില്‍ 76 റണ്‍സാണ് ഹെഡ് അടിച്ചുകൂട്ടിയത്. ഇതോടെ ഇന്ത്യ കളിയില്‍ പൂര്‍ണ ആധിപത്യം നേടി. ടിം ഡേവിഡും പാറ്റ് കമ്മിന്‍സും ശ്രമിച്ചെങ്കിലും ഓസീസ് വിജയത്തിനടുത്തെത്തിയില്ല. 37 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റെടുത്ത അര്‍ഷ്ദീപും 4 ഓവറില്‍ 24 റണ്‍സ് മാത്രം വിട്ടുകൊടുത്ത് 2 വിക്കറ്റുകള്‍ നേടിയ കുല്‍ദീപുമാണ് ബൗളിംഗില്‍ കേമന്‍മാരായത്. കളിയിലെ താരം രോഹിത് ശര്‍മയാണ്. 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam