തിരുവനന്തപുരം കൊമ്പൻസിനെതിരെ ജയവുമായി ഫോഴ്‌സ കൊച്ചി

SEPTEMBER 28, 2024, 2:14 PM

കൊച്ചി: എഫ്.സി സൂപ്പർ ലീഗ് കേരളയിലെ നടന്ന മത്സരത്തിൽ തിരുവനന്തപുരം കൊമ്പൻസിനെതിരെ 2-1 വിജയവുമായി ഫോഴ്‌സ കൊച്ചി. ഒരു ഗോളിന് പിന്നിൽ നിന്നശേഷമായിരുന്നു തിരിച്ചുവരവ്. ഫോഴ്‌സ്‌ക്കായി കെ.പി. രാഹുൽ (62), ഡോറിയൽട്ടൻ ഗോമസ് (76) എന്നിവർ ലക്ഷ്യം കണ്ടു. തിരുവനന്തപുരം കൊമ്പൻസിനായി മാർക്കോസ് വിൽഡർ (40) സ്‌കോർ ചെയ്തു.

ജയത്തോടെ ഫോഴ്‌സ പോയിന്റ് പട്ടികയിൽ മൂന്നാമതെത്തി. ഒക്ടോബർ ഒന്നിന് തൃശൂർ മാജിക് എഫ്.സിയുമായാണ് ഫോഴ്‌സയുടെ അടുത്ത മത്സരം. തട്ടകത്തിൽ ആദ്യജയത്തിനായി ഇറങ്ങിയ ഫോഴ്‌സ കൊച്ചി എഫ്.സിക്കും കൊച്ചിയിൽ വമ്പുകാട്ടാൻ എത്തിയ കൊമ്പൻസിനും ആദ്യപകുതിയിൽ കാര്യമായ മുന്നേറ്റമൊന്നും ഉണ്ടാക്കാനായില്ല. ഇടയ്ക്കിടെ കൊമ്പന്മാർ ഫോഴ്‌സയുടെ പ്രതിരോധത്തെ പരീക്ഷിച്ചുകൊണ്ടേയിരുന്നു. രണ്ട് മഞ്ഞക്കാർഡുകൾ കണ്ട് സസ്‌പെൻഷനിലായ നായകൻ പാട്രിക് മോട്ടയുടെ അഭാവം കൊമ്പന്മാരുടെ മുന്നേറ്റത്തിൽ നിഴലിച്ചു.

40-ാം മിനിട്ടിൽ കൊമ്പന്മാരെ മുന്നിലെത്തിച്ച ആദ്യഗോൾ പിറന്നു. കോർണർ കിക്കിൽ നിന്നായിരുന്നു ലീഡ്. ഡെവി കുൻ എടുത്ത കോർണർ കൃത്യം വലയ്ക്ക് മുന്നിൽ തമ്പടിച്ച് നിന്ന കൊമ്പൻസിലേക്കെത്തി. മാർക്കോസ് വിൽഡറിന് ഇത്തവണ ഉന്നം തെറ്റിയില്ല. ഹെഡറിലൂടെ ബ്രസീൽ താരം തിരുവനന്തപുരത്തെ മുന്നിലെത്തിച്ചു.

vachakam
vachakam
vachakam

രണ്ടാം പകുതിയിൽ തിരിച്ചടിക്ക് ഒരുങ്ങി ഇറങ്ങിയ ഫോഴ്‌സ 62-ാം മിനിട്ടിൽ സമനില പിടിച്ചു. ഇടത് മദ്ധ്യത്തിൽ നിന്ന് നീട്ടിനൽകിയ പന്ത് ഡോറിയൽട്ടൻ ഗോമസിന്റെ കാലിൽ. കൊമ്പന്മാരുടെ പ്രതിരോധപ്പൂട്ട് പൊളിച്ച് ബോക്‌സിലേക്ക് കുതിച്ച ബ്രസീലിയൻ താരം നൽകിയ ക്രോസിൽ രാഹുലിന്റെ ദുർബലമായ വലംകാൽ ഷോട്ട്. പന്ത് തടുത്തിടാനുള്ള മൈക്കിൾ അമെരികോ സാന്റോസയുടെ വിഫലശ്രമം. ഉരുണ്ടുനീങ്ങിയ പന്ത് വലയിൽ.

76-ാം മിനിട്ടിൽ ഫോഴ്‌സ കൊമ്പന്മാരെ പിന്നിലാക്കി. ഫോഴ്‌സയ്ക്ക് അനുകൂലമായി ലഭിച്ച കോർണർ ഹെഡ് ചെയ്ത് നീക്കിയെങ്കിലും അപകടം ഒഴിവാക്കാൻ കൊമ്പന്മാർക്കായില്ല. പന്ത് മലയാളി വിംഗർ നിജോ ഗിൽബർട്ടിന്റെ കാലിലെത്തി. ഇടത് വിംഗിൽ നിന്നും ബോക്‌സിലേക്ക് നിജോ നീട്ടിനൽകിയ പന്ത് ഉയർന്നുചാടി ഡോറിയൽട്ടൻ ഗോമസ് വരുതിയിലാക്കി. മിന്നൽവേഗത്തിലുള്ള ടച്ചിൽ പന്ത് ലക്ഷ്യത്തിൽ. തിരിച്ചടിച്ച് സമനിലപിടിക്കാൻ നിരവധി അവസരങ്ങൾ ലഭിച്ചെങ്കിലും കൊമ്പന്മാരുടെ മുന്നേറ്റം ഫോഴ്‌സ പ്രതിരോധത്തിൽ തട്ടിയകന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam