ന്യൂഡല്‍ഹി: 2030 ലെ കോമണ്‍വെല്‍ത്ത് ഗെയിംസിന് ഇന്ത്യ വേദിയാകും. 2030 ലെ കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ ആതിഥേയ നഗരമായി അഹമ്മദാബാദിനെ ശുപാര്‍ശ ചെയ്തു. കോമണ്‍വെല്‍ത്ത് സ്പോര്‍ട്സ് എക്സിക്യൂട്ടീവ് ബോര്‍ഡ് ആണ് ശുപാര്‍ശ ചെയ്തത്. ഇത് രണ്ടാം തവണയാണ് ഇന്ത്യ കോമണ്‍വെല്‍ത്തിന്റെ വേദിയാകുന്നത്.
2025 നവംബര്‍ 26 ന് ഗ്ലാസ്ഗോയില്‍ നടക്കുന്ന കോമണ്‍വെല്‍ത്ത് സ്പോര്‍ട്സ് ജനറല്‍ അസംബ്ലിയില്‍ അന്തിമ തീരുമാനം എടുക്കുമെന്ന് കോമണ്‍വെല്‍ത്ത് സ്പോര്‍ട്സിന്റെ പ്രസ്താവനയില്‍ പറഞ്ഞു. അംഗീകാരം ലഭിച്ചാല്‍ ഡല്‍ഹിക്ക് ശേഷം കോമണ്‍വെല്‍ത്ത് ഗെയിംസിന് ആതിഥേയത്വം വഹിക്കുന്ന രണ്ടാമത്തെ ഇന്ത്യന്‍ നഗരമായി അഹമ്മദാബാദ് മാറും. കോമണ്‍വെല്‍ത്ത് സ്‌പോര്‍ട്‌സ് ഇവാലുവേഷന്‍ കമ്മിറ്റി മേല്‍നോട്ടം വഹിച്ച വിശദമായ പ്രക്രിയയെ തുടര്‍ന്നാണ് അഹമ്മദാബാദിനെ ശുപാര്‍ശ ചെയ്തത്. 1930 ല്‍ കാനഡയിലെ ഹാമില്‍ട്ടണില്‍ നടന്ന ഉദ്ഘാടന പരിപാടിയുടെ ശതാബ്ദി ആഘോഷിക്കുന്ന ഗെയിംസാണ് 2030 ല്‍ നടക്കുന്നത്.
2030 ലെ കോമണ്‍വെല്‍ത്ത് ഗെയിംസിന് ആതിഥേയത്വം വഹിക്കാനുള്ള നിര്‍ദേശങ്ങള്‍ വികസിപ്പിക്കുന്നതില്‍ ഇന്ത്യയും നൈജീരിയയും കാണിച്ച പ്രതിബദ്ധതയ്ക്ക് തങ്ങള്‍ നന്ദിയുള്ളവരാണെന്ന് കോമണ്‍വെല്‍ത്ത് സ്‌പോര്‍ട്‌സിന്റെ ഇടക്കാല പ്രസിഡന്റ് ഡോ. ഡൊണാള്‍ഡ് റുക്കരെ പറഞ്ഞു.
ശതാബ്ദി കോമണ്‍വെല്‍ത്ത് ഗെയിംസിന് അഹമ്മദാബാദില്‍ ആതിഥേയത്വം വഹിക്കാന്‍ കഴിയുന്നത് ഇന്ത്യയ്ക്ക് ഒരു ബഹുമതിയായിരിക്കും. ഇന്ത്യയുടെ ലോകോത്തര കായിക, ഇവന്റ് കഴിവുകള്‍ പ്രദര്‍ശിപ്പിക്കുക മാത്രമല്ല, 2047 ലെ വീക്ഷിത് ഭാരതത്തിലേക്കുള്ള ദേശീയ യാത്രയില്‍ അര്‍ഥവത്തായ പങ്ക് വഹിക്കുകയും ചെയ്യുമെന്ന് കോമണ്‍വെല്‍ത്ത് ഗെയിംസ് അസോസിയേഷന്‍ ഇന്ത്യയുടെ പ്രസിഡന്റ് പി.ടി ഉഷ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്