മുംബൈ: ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ അധ്യക്ഷനും പാകിസ്ഥാന്‍ ആഭ്യന്തര മന്ത്രിയുമായ മൊഹ്സിന്‍ നഖ്വി കടുംപിടുത്തം തുടരുന്ന സാഹചര്യത്തില്‍ ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് (ബിസിസിഐ) ഏഷ്യ കപ്പ് ബഹിഷ്‌കരിച്ചേക്കും. നിലവിലെ ചാമ്പ്യന്‍മാരായ ഇന്ത്യ തന്നെയാണ് അടുത്ത ഏഷ്യ കപ്പിന്റെ വേദി. എന്നാല്‍ ബിസിസിഐയുടെ എതിര്‍പ്പ് വകവെക്കാതെ ബംഗ്ലാദേശിലെ ധാക്കയില്‍ ഏഷ്യ കപ്പ് നടത്തിപ്പുമായി ബന്ധപ്പെട്ട യോഗം വിളിച്ചിരിക്കുകയാണ് നഖ്വി.
ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സിലിന്റെ വാര്‍ഷിക പൊതുയോഗം ജൂലൈ 24 ന് ധാക്കയില്‍ ചേരാനാണ് തീരുമാനിച്ചിരിക്കുന്നത്. ബംഗ്ലാദേശിലെ നിലവിലെ രാഷ്ട്രീയ സാഹചര്യം കാരണം യോഗത്തില്‍ പങ്കെടുക്കാന്‍ ബിസിസിഐ വിസമ്മതിച്ചു. എന്നാല്‍ യോഗവുമായി മുന്നോട്ടു പോകാനാണ് നഖ്വിയുടെ ശ്രമം. സാഹചര്യങ്ങള്‍ കണക്കിലെടുത്ത് 2025 ഓഗസ്റ്റ് മുതല്‍ 2026 സെപ്റ്റംബര്‍ വരെ ഇന്ത്യയുടെ ബംഗ്ലാദേശ് പര്യടനം മാറ്റിവയ്ക്കാന്‍ ബിസിസിഐയും ബിസിബിയും തീരുമാനിച്ചിരുന്നു.
യോഗം ധാക്കയില്‍ നടന്നാല്‍ ഇന്ത്യ ഏഷ്യ കപ്പില്‍ നിന്ന് പിന്‍മാറുമെന്ന് ബിസിസിഐയോട് അടുത്ത വൃത്തങ്ങള്‍ പറഞ്ഞു. യോഗവുമായി ബന്ധപ്പെട്ട് ഇന്ത്യയില്‍ അനാവശ്യ സമ്മര്‍ദ്ദം ചെലുത്താന്‍ നഖ്വി ശ്രമിക്കുന്നുണ്ടെന്ന് ബിസിസിഐ വൃത്തങ്ങള്‍ പറഞ്ഞു. വേദി മാറ്റാനുള്ള ആവശ്യത്തോട് ഇതുവരെ നഖ്വി പ്രതികരിച്ചിട്ടില്ല.
2023 ല്‍ ഏഷ്യാ കപ്പിനായി പാകിസ്ഥാനിലേക്ക് പോകാന്‍ ഇന്ത്യ വിസമ്മതിച്ചിരുന്നു. തുടര്‍ന്ന് ഇന്ത്യയുടെ മത്സരങ്ങള്‍ക്കുള്ള നിഷ്പക്ഷ വേദിയായി ശ്രീലങ്കയെ തിരഞ്ഞെടുത്തു. ശ്രീലങ്കയെ തോല്‍പിച്ച് ഇന്ത്യയാണ് ഈ ടൂര്‍ണമെന്റില്‍ കിരീടം നേടിയത്. ഈ വര്‍ഷം ആദ്യം, പാകിസ്ഥാന്‍ ആതിഥേയത്വം വഹിച്ച ഐസിസി ചാമ്പ്യന്‍സ് ട്രോഫിയിലും ഇന്ത്യയുടെ മല്‍സരങ്ങള്‍ ദുബായിലാണ് നടത്തിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്