ഓവൽ: നിർണാകമായ അഞ്ചാം ടെസ്റ്റിൽ ഇംഗ്ലണ്ടിന് 374 റൺസിന്റെ വിജയലക്ഷ്യം. യശ്വസി ജയ്സ്വാളിന്റെ സെഞ്ച്വറിയുടേയും ആകാശ് ദീപിന്റെയും രവീന്ദ്ര ജഡേജയുടേയും വാഷിംഗ്ടൺ സുന്ദറിന്റെയും അർദ്ധ സെഞ്ച്വറികളുടേയും മികവിൽ ഇന്ത്യ രണ്ടാം ഇന്നിംഗ്‌സിൽ 396 റൺസെടുത്താണ് ഓൾഔട്ടായത്.
ഇന്ത്യ ഉയർത്തിയ വമ്പൻ വിജയ ലക്ഷ്യം പിന്തുടർന്ന് രണ്ടാം ഇന്നിംഗ്‌സിനിറങ്ങിയ ഇംഗ്ലണ്ട് മൂന്നാം ദിനം സ്റ്റമ്പെടുക്കുമ്പോൾ 50/1 എന്ന നിലയിലാണ്. രണ്ട് ദിവസവും 9 വിക്കറ്റും ശേഷിക്കെ അവർക്ക് ജയിക്കാൻ 324 റൺസ് കൂടി വേണം. ക്രോളിയാണ് (14) പുറത്തായത്. സിറാജിനാണ് വിക്കറ്റ്.
75/2 എന്ന നിലയിൽ ഇന്നലെ രണ്ടാം ഇന്നിംഗ്സ് പുനരാരംഭിച്ച ഇന്ത്യയെ യശ്വസി ജയ്സ്വാളും (118), നൈറ്റ് വാച്ച്മാനായെത്തിയ ആകാശ് ദീപും (66) രാവിലെ പ്രശ്നങ്ങളില്ലാതെ മുന്നോട്ടു കൊണ്ടു പോയി. ഇരുവരും മൂന്നാം വിക്കറ്റിൽ 150 പന്തിൽ 107 റൺസിന്റെ നിർണായക കൂട്ടുകെട്ടുണ്ടാക്കി.
കരിയറിലെ ആദ്യ അർദ്ധ സെഞ്ച്വറി നേടി പ്രതീക്ഷകൾക്കപ്പുറത്തേക്ക് ഉയർന്ന ആകാശിനെ ലഞ്ചിന് തൊട്ടുമുൻപ് ജാമി ഓവർട്ടൺ അറ്റ്കിൻസൺന്റെ കൈയിൽ എത്തിച്ചാണ് കൂട്ടുകെട്ട് പൊളിച്ചത്. 94 പന്തിൽ 12 ഫോറുൾപ്പെട്ടതാണ് ആകാശിന്റെ ഇന്നിംഗ്സ്.
തുടർന്നെത്തിയ ക്യാപ്ടൻ ശുഭ്മാൻ ഗില്ലിനേയും (11), കരുൺ നായരേയും (17) നിലയുറപ്പിക്കും മുന്നേ അറ്റ്കിൻസൺ മടക്കി. ഇതിനിടെ യശ്വസി കരിയറിലെ ആറാം ടെസ്റ്റ് സെഞ്ച്വറി നേടി. 164 പന്തിൽ 16 ഫോറും 2 സിക്സും ഉൾപ്പെടെ 118 റൺസ് എടുത്ത് നിൽക്കവെ യശ്വസിയെ ജോഷ് ടംഗ് ഓവർട്ടൺന്റെ കൈയിൽ എത്തിച്ചു.
ജഡേജയ്ക്കൊപ്പം (53) അർദ്ധ സെഞ്ച്വറി കൂട്ടുകെട്ടുണ്ടാക്കിയ ധ്രുവ് ജൂറൽ (34) നന്നായി ബാറ്റ് ചെയ്ത് വരെ ഓവർട്ടൺ വിക്കറ്റിന് മുന്നിൽ കുടുക്കി. 84ാം ഓവറിൽ ജഡേജയേയും സിറാജിനേയും (0) ടംഗ് പുറത്താക്കി.
അവസാന വിക്കറ്റിൽ വാഷിംഗ്ടൺ (46 പന്തിൽ 53) പ്രസിദ്ധ് കൃഷ്ണയെ (0) ഒരു വശത്ത് നിറുത്തി 25 പന്തിൽ 39 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി. സുന്ദറിനെ പുറത്താക്കി ടംഗ് തന്നെയാണ് ഇന്ത്യയുടെ ഇന്നിംഗ്‌സ് അവസാനിപ്പിച്ചത്.
ഇംഗ്ലണ്ടിനായി ടംഗ് അഞ്ച് വിക്കറ്റ് വീഴ്ത്തി. ഓവർട്ടൺ 3 വിക്കറ്റ് നേടി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്