തിരുവനന്തപുരം: കാരുണ്യ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി പ്രകാരമുള്ള ചികിത്സയ്ക്ക് ബ്രാന്‍ഡഡ് മരുന്നുകള്‍ വാങ്ങരുതെന്ന് ആരോഗ്യ വകുപ്പ്. മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന്‍ നല്‍കുന്ന ജനറിക് മരുന്നുകള്‍ നല്‍കാനാണ് നിര്‍ദേശം. കാരുണ്യയിലെ പണം ആശുപത്രി വികസനത്തിനുള്ളതാണ്. അനാവശ്യ പരിശോധനകള്‍ പുറത്ത് നടത്താന്‍ നിര്‍ദേശിക്കരുതെന്നും സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് നിര്‍ദേശം നല്‍കി.
കാരുണ്യ പദ്ധതി പ്രകാരം ആശുപത്രികള്‍ക്ക് തിരികെ ലഭിക്കുന്ന പണത്തിന്റെ വിനിയോഗത്തില്‍ കര്‍ശന നിബന്ധനകള്‍ മുന്നോട്ടുവെച്ചിരിക്കുകയാണ് ആരോഗ്യ വകുപ്പ്. അവശ്യമരുന്നുകളുടെ പട്ടികയില്‍ ഇല്ലാത്ത മരുന്നാണ് ഉപയോഗിക്കുന്നതെങ്കില്‍ ഡോക്ടര്‍ കാരണം ബോധ്യപ്പെടുത്തണം. എന്നാല്‍ ഈ നിര്‍ദേശത്തില്‍ ഡോക്ടര്‍മാര്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടുണ്ട്.
ആശുപത്രി സൂപ്രണ്ട്, സ്റ്റോര്‍ സൂപ്രണ്ട്, ഫാര്‍മസിസ്റ്റ് എന്നിവരടങ്ങുന്ന സമിതി അനുമതി നല്‍കിയാലേ അത്തരം മരുന്നുകള്‍ വാങ്ങാനാവൂ എന്ന നിബന്ധനയെയാണ് ഡോക്ടര്‍മാര്‍ ചോദ്യം ചെയ്യുന്നത്. കൂടാതെ പട്ടികയിലില്ലാത്ത മരുന്നിന്റെ കുറവുണ്ടെങ്കില്‍ കാരുണ്യ ഫണ്ടുപയോഗിച്ച് ജനറിക് മരുന്ന് വാങ്ങാമെങ്കിലും അത് എല്ലാരോഗികള്‍ക്കും ഉപയോഗപ്പെടുന്ന രീതിയിലാകണം. മരുന്ന് വാങ്ങുന്നത് വികസനസമിതി, നീതി, കാരുണ്യ മെഡിക്കല്‍ സ്റ്റോറുകളില്‍ നിന്നാകണമെന്നും നിര്‍ദേശത്തില്‍ പറയുന്നു.
മാത്രമല്ല പുറത്തേക്ക് പരിശോധനകള്‍ക്ക് എഴുതിനല്‍കുന്നതിനുപകരം ഇന്‍ഷുറന്‍സ് പണം ഉപയോഗിച്ച് ആശുപത്രികളില്‍ പരിശോധ നാസൗകര്യം ഒരുക്കണം. പുതിയ ഉപകരണങ്ങള്‍ വാങ്ങുക, അടിസ്ഥാനസൗകര്യം ഒരുക്കുക, ഉപകരണങ്ങളുടെ അറ്റകുറ്റപ്പണി നടത്തുക, സാങ്കേതിക വിദഗ്ധരെ നിയോഗിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ക്കായിരിക്കണം ഇന്‍ഷുറന്‍സ് പണം ഉപയോഗിക്കേണ്ടത്.
കാരുണ്യ ഫണ്ടുപയോഗിച്ച് ആശുപത്രിയില്‍ ക്ലീനിങ് ജീവനക്കാരെ നേരിട്ട് നിയമിക്കാന്‍ വിലക്കുണ്ട്. വാര്‍ഡ് അസിസ്റ്റന്റ്, നഴ്‌സിങ് അസിസ്റ്റന്റ്, നഴ്‌സ്, ടെക്‌നീഷ്യന്‍ എന്നീ നിയമനം നടത്താം. പ്രത്യേകപ്രോജക്ടിനായി സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍, കാത്ത് ലാബ്, ന്യൂറോ സര്‍ജറി, മുട്ട് മാറ്റിവെക്കല്‍ ശസ്ത്രക്രിയ, ഐവിഎഫ് വിദഗ്ധരെയും നിയോഗിക്കാം. ജീവനക്കാരുടെ നിയമനത്തിന് കാരുണ്യ ഫണ്ടിന്റെ 40 ശതമാനം മാത്രമേ ഉപയോഗിക്കാവൂ നിര്‍ദേശമുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
