ദുബായ്: അനായാസ ജയത്തോടെ ഏഷ്യാ കപ്പ് ടി20 ക്രിക്കറ്റ് ടൂർണമെന്റിൽ ഇന്ത്യയ്ക്ക് സൂപ്പർ സ്റ്റാർട്ട്. ഗ്രൂപ്പ് എയിൽ ഇന്നലെ നടന്ന പോരാട്ടത്തിൽ ഇന്ത്യ 9 വിക്കറ്റിന് യു.എ. ഇയെ തകർത്തത്. ആദ്യം ബാറ്റ് ചെയ്ത യു.എ.ഇ 13.1ഓവറിൽ 57 റൺസിന് ഓൾ ഔട്ടായി. മറുപടിക്കിറങ്ങിയ ഇന്ത്യ വെറും 4.3 ഓവറിൽ ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി വിജയലക്ഷ്യത്തിലെത്തി.
ടോസ് നഷ്ടപ്പെട്ട് സ്വന്തം മൈതാനത്ത് ബാറ്റിംഗിനിറങ്ങിയ യു.എ.ഇയെ 4 വിക്കറ്റ് വീഴ്ത്തിയ കുൽദീപ് യാദവും മൂന്ന് വിക്കറ്റ് വീഴ്ത്തിയ ശുഭം ദുബെയും ചേർന്നാണ് എറിഞ്ഞ് വീഴ്ത്തിയത്. 2024ലെ ലോകകപ്പിന് ശേഷം ഇന്ത്യയ്ക്കായി ആദ്യ മത്സരത്തിനിറങ്ങി കളിയിലെ താരമായ കുൽദീപ് 2.1 ഓവറിൽ 7 റൺസേ വഴങ്ങിയുള്ളൂ. ദുബെ 2 ഓവറിൽ വിട്ടുകൊടുത്തത് വെറും 4 റൺസ് മാത്രം.
ജസ്പ്രീത് ബുംറ, അക്ഷർ പട്ടേൽ, വരുൺ ചക്രവർത്തി എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി. ഒരു ഘട്ടത്തിൽ 47/2 എന്ന നിലയിലായിരുന്ന യു.എ,ഇയ്ക്ക് വെറും പത്ത് റൺസിനിടെയാണ് ശേഷിക്കുന്ന 8 വിക്കറ്റുകളും നഷ്ടമായത്. 17 പന്തിൽ 22 റൺസ് നേടിയ മലയാളിയായ ഓപ്പണർ അലിഷാൻ ഷറഫുവാണ് യു.എ.ഇയുടെ ടോപ് സ്‌കോറർ. മറ്റൊരു ഓപ്പൺറും ക്യാപ്ടനുമായ മുഹമ്മദ് വസീമാണ് (19) അലിഷാനെ കൂടാതെ രണ്ടക്കത്തിലെത്തിയ ഒരേയൊരു യു.എ.ഇ ബാറ്റർ.
അലിഷാനും വസീമും ചേർന്ന് ഭേദപ്പെട്ട തുടക്കമാണ് യു.എ. ഇയ്ക്ക് നൽകിയത്. ഇരുവരും ഒന്നാം വിക്കറ്റിൽ 3.4 ഓവറിൽ 24 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി. അലിഷാനെ ക്ലീൻ ബൗൾഡാക്കി ബുംറയാണ് ഇന്ത്യയുടെ വിക്കറ്റ് വേട്ടയ്ക്ക് തുടക്കമിട്ടത്. 9-ാം ഓവറിൽ രാഹുൽ ചോപ്രയേയും (3), വസീമിനേയും, ആസിഫ് ഖാനെയും (2) പുറത്താക്കി കുൽദീപ് യു.എ.ഇയുടെ പതനം പെട്ടെന്നാക്കി.
വിക്കറ്റിന് പിന്നിൽ മലയാളി താരം സഞ്ജു സാംസൺ മികച്ച പ്രകടനം കാഴ്ചവച്ചു. ഇതിനിടെ യു.എ.ഇയുടെ ജുനൈദിനെ സഞ്ജു റണ്ണൗട്ടാക്കിയെങ്കിലും സൂര്യ അപ്പീൽ പിൻവലിച്ചു.
ഓപ്പണർമാരായ അഭിഷേക് ശർമ്മയും (16 പന്തിൽ 30), സഞ്ജുവിന് പകരം ഓപ്പണറായെത്തിയ ശുഭ്മാൻ ഗില്ലും (9 പന്തിൽ 20) ഇന്ത്യയുടെ ചേസിംഗ് അതിവേഗത്തിലാക്കി.
3.5 ഓവറിൽ 48 റൺസിന്റെ കൂട്ടുകെട്ടാണ് ഇരുവരും ഉണ്ടാക്കിയത്. ഗില്ലിനൊപ്പം ക്യാപ്ടൻ സൂര്യ (7) പുറത്താകാതെ നിന്നു.
ഓപ്പണറായി ഗില്ലിനെ ടീമിൽ ഉൾപ്പെടുത്തിയെങ്കിലും സഞ്ജുവിനെ തഴഞ്ഞില്ല. വിക്കറ്റ് കീപ്പർ ബാറ്ററായി സഞ്ജുവിന് അവസാന ഇലവനിൽ അവസരം ലഭിച്ചു. രണ്ട് സ്‌പെഷ്യലിസ്റ്റ് സ്പിന്നർമാരെ കളത്തിലിറക്കിയപ്പോൾ. പേസറായി ബുംറയെ മാത്രമാണ് ഉൾപ്പെടുത്തിയത്.
ട്വന്റി20യിൽ ഇന്ത്യയ്ക്ക് എതിരെ എതിർ ടീമിന്റെ ഏറ്റവും ചെറിയ ടോട്ടലാണിത്. 16 മത്സരങ്ങൾക്ക് ശേഷം ഇന്ത്യയ്ക്ക് ആദ്യമായി ടോസ് ലഭിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്