കൊളംബോ : കൊളംബോയിലെ സ്റ്റേഡിയത്തിൽ വെളിച്ചം വീണപ്പോൾ പറന്നെത്തി ശല്യമുണ്ടാക്കിയ ചെറുപ്രാണികളെ പുകച്ചു മാറ്റിയതിനേക്കാൾ ലാഘവത്തോടെ ഏകദിന വനിതാ ലോകകപ്പ് മത്സരത്തിൽ പാകിസ്ഥാൻ ടീമിനെ തോൽപ്പിച്ച് ഇന്ത്യ. കൊളംബോയിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യ നിശ്ചിത 50 ഓവറിൽ 247 റൺസിന് ആൾഔട്ടായപ്പോൾ പാകിസ്ഥാൻ 43 ഓവറിൽ 159 റൺസിന് ആൾഔട്ടാവുകയായിരുന്നു.
ഒറ്റയാൻ പോരാട്ടങ്ങൾക്കപ്പുറം കൂട്ടായ പരിശ്രമമാണ് കൊളംബോയിൽ ഇന്ത്യയെ മാന്യമായ സ്‌കോറിലേക്ക് നയിച്ചത്. 46 റൺസ് നേടിയ ഹർലീൻ ഡിയോൾ ഇന്ത്യൻ നിരയിൽ ടോപ് സ്‌കോററായപ്പോൾ പ്രതിക റാവൽ(31), സ്മൃതി മാന്ഥന (23), ക്യാപ്ടൻ ഹർമൻപ്രീത് കൗർ(19), ജെമീമ റോഡ്രിഗസ് (32), ദീപ്തി ശർമ്മ (25), സ്‌നേഹ് റാണ(20), റിച്ച ഘോഷ് (35*) എന്നിവരുടെ ഇന്നിംഗ്‌സുകൾ ഇന്ത്യയ്ക്ക് കരുത്തായി.
പ്രതികയും സ്മൃതിയും ചേർന്ന് ഓപ്പണിംഗിൽ 9 ഓവറിൽ 48 റൺസാണ് കൂട്ടിച്ചേർത്തത്. പാക് ക്യാപ്ടൻ ഫാത്തിമ സനയുടെ പന്തിൽ എൽ.ബിയിൽ കുരുങ്ങി സ്മൃതിയാണ് ആദ്യം പുറത്തായത്. പകരമിറങ്ങിയ ഹർലീൻ കാലുറപ്പിക്കവേ പ്രതിക, ഹർമൻ പ്രീത് എന്നിവർ പുറത്തായി. 32-ാം ഓവറിൽ ടീം സ്‌കോർ 151ലെത്തിച്ചശേഷമാണ് ഹർലീൻ മടങ്ങിയത്. 65 പന്തുകളിൽ നാലുഫോറുകളും ഒരു സിക്‌സും ഹർലീൻ പറത്തി. തുടർന്ന് ജമീമ, ദീപ്തി, സ്‌നേഹ്, റിച്ച എന്നിവർ ചേർന്ന് 247ലെത്തിച്ചു.
പാകിസ്ഥാനുവേണ്ടി ഡയാന ബെയ്ഗ് നാലുവിക്കറ്റുകൾ വീഴ്ത്തിയപ്പോൾ സാദിയ ഇഖ്ബാലും ഫാത്തിമ സനയും രണ്ട് വിക്കറ്റുകൾ വീതം നേടി.റമീൻ ഷമീമിനും നഷ്ര സന്ധുവിനും ഓരോ വിക്കറ്റ് ലഭിച്ചു.
മൂന്ന് വിക്കറ്റുകൾ വീതം വീഴ്ത്തിയ ക്രാന്തി ഗൗഡും ദീപ്തി ശർമ്മയും രണ്ട് വിക്കറ്റ് വീഴ്ത്തിയ സ്‌നേഹ് റാണയും ചേർന്നാണ് പാകിസ്ഥാനെ ചുരുട്ടിയത്. പത്തോവറിൽ 20 റൺസ് മാത്രം വഴങ്ങിയ ക്രാന്തിയാണ് പ്‌ളേയർ ഒഫ് ദ മാച്ച്.
81 റൺസ് നേടിയ സിദ്ര അമിനും 33 റൺസ് നേടിയ നതാലിയ പെർവായിസും 14 റൺസ് നേടിയ സിദ്ര നവാസും മാത്രമാണ് പാക് നിരയിൽ രണ്ടക്കം കടന്നത്. ലോകകപ്പിലെ ഇന്ത്യയുടെ തുടർച്ചയായ രണ്ടാം ജയമാണിത്. പാകിസ്ഥാന്റെ രണ്ടാം പരാജയവും. വ്യാഴാഴ്ച ദക്ഷിണാഫ്രിക്കയുമായാണ് ഇന്ത്യയുടെ അടുത്ത മത്സരം.
കളി തടസപ്പെടുത്തി പ്രാണിക്കൂട്ടം
ഇന്നലെ കൊളംബോയിൽ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള മത്സരം പല തവണ തടസപ്പെടുത്തി ചെറുപ്രാണികളുടെ കൂട്ടും. ഡേ ആൻഡ് നൈറ്റായി നടന്ന മത്സരത്തിൽ സൂര്യാസ്തമയത്തോടടുത്ത് വിളക്കുകൾ തെളിഞ്ഞുതുടങ്ങിപ്പോഴാണ് ഈയലിന് സമാനമായ പ്രാണികൾ കൂട്ടമായി രംഗത്തെത്തിയത്.
കളിക്കാരുടെ കണ്ണിലും മറ്റും പ്രാണികൾ വീണതോടെ പ്രാണികളെ അകറ്റാനുള്ള സ്‌പ്രേ കളിക്കാർ ആവശ്യപ്പെട്ടത്. എന്നാൽ ഫ്‌ളഡ്‌ലിറ്റുകൾ പൂർണമായി തെളിഞ്ഞതോടെ പ്രാണി ആക്രമണം രൂക്ഷമായി. ജമീമയും ഹർലീനും ബാറ്റുചെയ്യുമ്പോൾ കളി തുടരാൻ കഴിയാതെവന്നതോടെ മാച്ച് റഫറി കളിനിറുത്തിവച്ച് ഗ്രൗണ്ട് മുഴുവൻ ഫോഗിംഗ് നടത്തി. പുക അടങ്ങിയശേഷമേ കളി തുടരാനായുള്ളൂ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
