വിരമിക്കൽ പ്രഖ്യാപനം പിൻവലിച്ച് ന്യൂസീലൻഡ് താരം റോസ് ടെയ്‌ലർ. 2022ലാണ് താരം രാജ്യാന്തര മത്സരങ്ങളിൽ നിന്ന് വിരമിച്ചത്. ഈ തീരുമാനം മാറ്റി താൻ വീണ്ടും കളത്തിലിറങ്ങുകയാണെന്ന് റോസ് ടെയ്‌ലർ തന്നെ തന്റെ സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെ അറിയിച്ചു.
ന്യൂസീലൻഡിനായി ഏറ്റവുമധികം മത്സരങ്ങൾ കളിച്ച താരമാണ് ടെയ്‌ലർ.
ഇനി സമോവയ്ക്ക് വേണ്ടിയാവും ടെയ്‌ലർ കളിക്കുക. ഒമാനിൽ നടക്കുന്ന ടി20 ലോകകപ്പ് യോഗ്യതാഘട്ട മത്സരങ്ങളിൽ താരം സമോവയ്ക്കായി കളിക്കും. ന്യൂസീലൻഡിനായി 112 ടെസ്റ്റുകളും 236 ഏകദിനങ്ങളും 102 ടി20 മത്സരങ്ങളും കളിച്ച ടെയ്‌ലർ രാജ്യത്തിനായി ഏറ്റവുമധികം ടെസ്റ്റ് റൺസ് നേടിയ താരങ്ങളിൽ കെയിൻ വില്ല്യംസണ് പിന്നിൽ രണ്ടാമതാണ്.
ടെയ്‌ലറിന്റെ ഇൻസ്റ്റഗ്രാം പോസ്റ്റ്
വിരമിക്കലിൽ നിന്ന് ഞാൻ പുറത്തുവരികയാണ്. ഇനി സമോവയെ പ്രതിനിധീകരിച്ച് കളിക്കുമെന്ന് അഭിമാനത്തോടെ പ്രഖ്യാപിക്കുന്നു. ഇത്, ഞാൻ ഇഷ്ടപ്പെടുന്ന ഗെയിമിലേക്കുള്ള തിരിച്ചുവരവ് മാത്രമല്ല, എന്റെ സംസ്‌കാരത്തെയും പൈതൃകത്തെയും കുടുംബത്തെയുമൊക്കെ പ്രതിനിധീകരിക്കുന്ന വലിയ ബഹുമതി കൂടിയാണ്. ലഭിച്ച അവസരത്തിൽ ഞാൻ ആവേശഭരിതനാണ്. ടീമിനൊപ്പം ചേരാനും അറിവ് കളിക്കളത്തിലും പുറത്തും പകർന്നുനൽകാനുമായി കാത്തിരിക്കുന്നു.' ടെയ്‌ലർ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
റോസ് ടെയ്‌ലറിന്റെ മാതാവ് ലോടെ സമോവയിലാണ് ജനിച്ചത്. ഇവിടെ നിന്ന് നൽകിയ ലിയൂപെപെ ലുറ്റേരു റോസ് പുവൊടോവ ലോടെ ടെയ്‌ലർ എന്ന പേരിലാവും താരം കളിക്കുക. ന്യൂസീലൻഡ് ടീമിൽ മുൻപ് കളിച്ചിരുന്ന തരുൺ നെതുലയാണ് ടെയ്‌ലറെ സമോവയിൽ കളിക്കാൻ ക്ഷണിച്ചത്. സുഹൃത്തിന്റെ ക്ഷണം ടെയ്‌ലർ സ്വീകരിക്കുകയായിരുന്നു. പാപ്പുവ ന്യൂ ഗിനിയക്കെതിരെയാണ് സമോവയുടെ ലോകകപ്പ് യോഗ്യതാ മത്സരം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്