മാഞ്ചസ്റ്റര്‍: ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റിന്റെ ടീമില്‍ നിന്ന് പരിക്കേറ്റ പേസര്‍ ആകാശ് ദീപിനെ ഒഴിവാക്കി. പരിക്കേറ്റ ഇടംകൈയന്‍ പേസര്‍ അര്‍ഷ്ദീപും ഓള്‍റൗണ്ടര്‍ നിതീഷ് കുമാര്‍ റെഡ്ഡിയും ടീമില്‍ ഉണ്ടാവില്ല.
ജസ്പ്രീത് ബുമ്രയും മൊഹമ്മദ് സിറാജും പേസ് ആക്രമണത്തെ നയിക്കും. മൂന്നാം പേസറായി പ്രസിദ്ധ് കൃഷ്ണയും പുതുതായി ടീമില്‍ ഉള്‍പ്പെടുത്തിയ അന്‍ശുല്‍ കാംബോജും തമ്മിലായിരിക്കും മല്‍സരമെന്ന് ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്‍ പറഞ്ഞു.
''അന്‍ശുല്‍... അദ്ദേഹം അരങ്ങേറ്റത്തിന് വളരെ അടുത്താണ്, അദ്ദേഹമോ പ്രസിദ്ധോ, പതിനൊന്നാമനായി ആരെത്തുമെന്ന് നാളെ നമുക്ക് കാണാന്‍ കഴിയും,'' ഗില്‍ പറഞ്ഞു. കഴിഞ്ഞയാഴ്ച ബെക്കന്‍ഹാമില്‍ പരിശീലനത്തിനിടെ അര്‍ഷ്ദീപ് സിങ്ങിന് കൈയ്ക്ക് പരിക്കേറ്റതിനെത്തുടര്‍ന്ന് അന്‍ശുല്‍ ടീമിനൊപ്പം ചേര്‍ന്നിരുന്നു.
20 വിക്കറ്റുകള്‍ നേടാന്‍ കഴിയുന്നത്ര നല്ല കളിക്കാരെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നാണ് കരുതുന്നതെന്ന് ഗില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
ആദ്യ ടെസ്റ്റുകളിലെ ശരാശരി പ്രകടനത്തിന് വിമര്‍ശിക്കപ്പെട്ട കരുണ്‍ നായര്‍ നാലാം ടെസ്റ്റിലും ടീമിലുണ്ടാവുമെന്ന് ഗില്‍ വ്യക്തമാക്കി. കരുണ്‍ നന്നായി ബാറ്റ് ചെയ്യുമെന്നാണ് പ്രതീക്ഷയെന്നും തിരിച്ചുവരവ് നടത്തുന്ന ആര്‍ക്കും ഇത്തരത്തിലൊരു പരമ്പര വെല്ലുവിളിയാണെന്നും ഗില്‍ പറഞ്ഞു.
കരുണ്‍ നായര്‍ വണ്‍ ഡൗണ്‍ പൊസിഷനില്‍ തന്നെ ബാറ്റ് ചെയ്യും. നിതീഷ് കുമാര്‍ റെഡ്ഡിക്ക് പകരം സായ് സുദര്‍ശന്‍ ടീമിലേക്ക് തിരിച്ചെത്തിയാല്‍ അദ്ദേഹം ആറാമനായി ബാറ്റ് ചെയ്യും. പരമ്പരയിലെ ആദ്യ മത്സരത്തില്‍ നേരെ തിരിച്ചായിരുന്നു ഇവരുടെ ബാറ്റിംഗ് നമ്പര്‍. ഓള്‍റൗണ്ടര്‍ സ്ഥാനത്തേക്ക് വാഷിംഗ്ടണ്‍ സുന്ദറോ ശാര്‍ദൂല്‍ താക്കൂറോ എന്ന ചോദ്യവും ടീം മാനേജ്‌മെന്റിന് മുന്നിലുണ്ട്.
സാധ്യതാ ടീം: യശസ്വി ജയ്സ്വാള്‍, കെഎല്‍ രാഹുല്‍, കരുണ്‍ നായര്‍, ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), ഋഷഭ് പന്ത് (വൈസ് ക്യാപ്റ്റന്‍), സായ് സുദര്‍ശന്‍, രവീന്ദ്ര ജഡേജ, വാഷിംഗ്ടണ്‍ സുന്ദര്‍/ശാര്‍ദുല്‍ താക്കൂര്‍, ജസ്പ്രീത് ബുമ്ര, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ/അന്‍ശുല്‍ കാംബോജ്
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്