ഏഷ്യാ കപ്പിൽ പാകിസ്ഥാനെതിരായ മത്സരത്തിന്റെ ടോസ് സമയത്തും മത്സരശേഷവും പാക് താരങ്ങളുമായി പതിവ് ഹസ്തദാനത്തിന് തയ്യാറാവാതെ ഇന്ത്യ അവഗണിച്ചതിന് പിന്നിലെ ബുദ്ധി കോച്ച് ഗൗതം ഗംഭീറിന്റേതെന്ന് റിപ്പോർട്ട്്.
മത്സരത്തിൽ ടോസിനുശേഷം പാക് ക്യാപ്ടൻ സൽമാൻ ആഘയുമായി ഹസ്തദാനം ചെയ്യാതിരുന്ന ഇന്ത്യൻ ക്യാപ്ടൻ സൂര്യകുമാർ യാദവ് മത്സരശേഷം പാക് താരങ്ങളുമായി ഹസ്തദാനം ചെയ്യാനും തയ്യാറായില്ല. ഇന്ത്യൻ താരങ്ങളാരും മത്സരം പൂർത്തിയായപ്പോൾ ഗ്രൗണ്ടിലേക്കിറങ്ങി പതിവ് ഹസ്തദാനത്തിന് മുതിർന്നിരുന്നില്ല. ഹസ്തദാനത്തിനായി പാക് താരങ്ങൾ ഇന്ത്യൻ ഡ്രസ്സിംഗ് റൂമിന് അടുത്തെത്തിയെങ്കിലും ഡ്രസ്സിംഗ് റൂമിന്റെ വാതിലുകൾ അടച്ചിരുന്നു.
പഹൽഗാം ഭീകരാക്രമണത്തിന്റെയും അതിർത്തി സംഘർഷങ്ങളുടെയും പശ്ചാത്തലത്തിൽ മത്സരത്തിൽ പാക് താരങ്ങളുമായി യാതൊരു തരത്തിലുള്ള സൗഹൃദവും വേണ്ടെന്ന കർശന നിലപാടെടുത്തത് കോച്ച് ഗൗതം ഗംഭീറായിരുന്നുവെന്നാണ് സൂചന. മത്സരത്തിനു മുമ്പോ ശേഷമോ പാക് താരങ്ങളുമായി ഹസ്തദാനത്തിനോ വാക് പോരിനോ മുതിരരുതെന്ന് ഗംഭീർ ടീം അംഗങ്ങൾക്ക് കർശന നിർദേശം നൽകിയിരുന്നതായി ടെലികോ ഏഷ്യാ സ്‌പോർട്ട് റിപ്പോർട്ട് ചെയ്തു. പഹൽഗാം ഭീകരാക്രമണത്തിന്റെയും അതിർത്തി സംഘർഷങ്ങളുടെയും പശ്ചാത്തലത്തിൽ പാകിസ്ഥാനെതിരായ മത്സരം ഇന്ത്യ ബഹിഷ്‌കരിക്കണമെന്ന് രാജ്യത്ത് ശക്തമായ ആവശ്യം ഉയർന്നിരുന്നു.
ഉറച്ച നിലപാടുമായി ഗംഭീർ
ഈ പശ്ചാത്തലത്തിൽ മത്സരത്തിന് മുമ്പ് ക്യാപ്ടൻ സൂര്യകുമാർ യാദവും ടീം അംഗങ്ങളും കോച്ച് ഗൗതം ഗംഭീറിനെക്കണ്ട് രാജ്യത്ത് പ്രതിഷേധം ശക്തമാകുന്നതിലെ ആശങ്ക പങ്കുവെച്ചിരുന്നു. എന്നാൽ സോഷ്യൽ മീഡിയ അടച്ചുവെക്കാനും കളിയിൽ മാത്രം ശ്രദ്ധിക്കാനുമാണ് ഗംഭീർ ടീം അംഗങ്ങളോട് പറഞ്ഞത്. നിങ്ങൾ സോഷ്യൽ മീഡിയ നോക്കുന്നത് നിർത്തു, ചുറ്റുമുള്ള ബഹളങ്ങൾ ഒന്നും നിങ്ങൾ ശ്രദ്ധിക്കേണ്ട കാര്യമില്ല. നിങ്ങളുടെ ജോലി ഇന്ത്യക്കായി കളിക്കുക എന്നത് മാത്രമാണ്. അതിനൊപ്പം പഹൽഗാമിൽ എന്താണ് സംഭവിച്ചതെന്ന് നിങ്ങൾ മറക്കരുത്. അതുകൊണ്ട് തന്നെ മത്സരത്തിനിടെ പാക് താരങ്ങളുമായി ഹസ്തദാനത്തിനോ ആശയവിനിമയം നടത്താനോ വാക് പോരിലേർപ്പെടാനോ മുതിരരുത്. ഗ്രൗണ്ടിലിറങ്ങി നിങ്ങളുടെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കുക, ഇന്ത്യക്കായി കളിക്കുക, ജയിക്കുക എന്നത് മാത്രം നിങ്ങൾ നോക്കിയാൽ മതിയെന്നായിരുന്നു ഗംഭീറിന്റെ ഉറച്ച വാക്കുകൾ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്