മയാമി: അര്‍ജന്റീനയെ വിറപ്പിച്ച പോരാട്ടത്തിനൊടുവില്‍ കേപ് വെര്‍ഡെയുടെ അദ്ഭുതക്കുതിപ്പിന് വിരാമമിട്ട് നിലവിലെ ചാമ്പ്യന്മാര്‍ ലോകകപ്പിന്റെ പ്രീ-ക്വാര്‍ട്ടറിലേക്ക് യോഗ്യത നേടി. നിശ്ചിത സമയത്തും അധികസമയത്തുമായി നീണ്ട 120 മിനിറ്റ് പോരാട്ടത്തില്‍ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ലയണല്‍ മെസ്സിയും സംഘവും കഷ്ടിച്ച് രക്ഷപ്പെട്ടത്. അര്‍ജന്റീനയുടെ വിജയത്തോടെ പരിശീലകന്‍ ലയണല്‍ സ്‌കലോണിയുടെ നൂറാം മത്സരം വിജയമധുരമുള്ളതായി മാറി. അടുത്ത ചൊവ്വാഴ്ച അറ്റ്‌ലാന്റയില്‍ നടക്കുന്ന പ്രീ-ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ ഈജിപ്താണ് അര്‍ജന്റീനയുടെ എതിരാളികള്‍.
ഗ്രൂപ്പ് ഘട്ടത്തില്‍ സ്‌പെയിന്‍, യുറുഗ്വായ് തുടങ്ങിയ വന്‍ശക്തികളെ സമനിലയില്‍ തളച്ച് അട്ടിമറി വീര്യവുമായി വന്ന കേപ് വെര്‍ഡെ, അര്‍ജന്റീനയ്‌ക്കെതിരെയും ആ മനോഭാവം കൈവിട്ടില്ല. മത്സരത്തിന്റെ തുടക്കത്തില്‍ സൂപ്പര്‍ താരം ലയണല്‍ മെസ്സിയുടെ തകര്‍പ്പന്‍ ഗോളിലൂടെ അര്‍ജന്റീനയാണ് ആദ്യം മുന്നിലെത്തിയത്. ഈ ലോകകപ്പിലെ മെസ്സിയുടെ ഏഴാം ഗോളും ലോകകപ്പ് ചരിത്രത്തിലെ ഇരുപതാം ഗോളുമായിരുന്നു ഇത്. തുടര്‍ച്ചയായ എട്ട് ലോകകപ്പ് മത്സരങ്ങളില്‍ ഗോള്‍ നേടുന്ന താരമെന്ന റെക്കോര്‍ഡും ഇതോടെ മെസ്സി സ്വന്തംപേരില്‍ നിലനിര്‍ത്തി. എന്നാല്‍ രണ്ടാം പകുതിയില്‍ റയാന്‍ മെന്‍ഡിസിന്റെ പാസില്‍ നിന്ന് ഡുവാര്‍ട്ടെ തൊടുത്ത ലോങ് ഷോട്ട് അര്‍ജന്റീനയുടെ ഗോള്‍കീപ്പര്‍ എമി മാര്‍ട്ടീനസിനെ കാഴ്ചക്കാരനാക്കി വലയിലെത്തിയതോടെ കേപ് വെര്‍ഡെ ഒപ്പമെത്തി.
നിശ്ചിത സമയത്ത് ഇരുടീമുകളും 1-1 ന് സമനില പാലിച്ചതോടെ മത്സരം അധികസമയത്തേക്ക് നീണ്ടു. അധികസമയത്തിന്റെ തുടക്കത്തില്‍ തന്നെ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് പ്രതിരോധ താരം ലിസാന്‍ഡ്രോ മാര്‍ട്ടീനസിലൂടെ അര്‍ജന്റീന വീണ്ടും ലീഡെടുത്തു. എന്നാല്‍ തോറ്റുകൊടുക്കാന്‍ മനസ്സില്ലാതിരുന്ന കേപ് വെര്‍ഡെ, സിഡ്‌നി ലോപ്പസ് കബ്രാളിന്റെ മനോഹരമായ ഒരു ലോങ് റേഞ്ചറിലൂടെ വീണ്ടും അര്‍ജന്റീനയെ ഞെട്ടിച്ചുകൊണ്ട് സമനില പിടിച്ചു.
മത്സരം പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങുമെന്ന് തോന്നിച്ച നിമിഷത്തിലാണ് അര്‍ജന്റീനയുടെ രക്ഷാപ്രവര്‍ത്തനം നടന്നത്. ലയണല്‍ മെസ്സി എടുത്ത കോര്‍ണര്‍ കിക്ക് ക്രിസ്റ്റ്യന്‍ റൊമേറോ ഉയര്‍ന്നു ചാടി ഹെഡ്ഡ് ചെയ്‌തെങ്കിലും കേപ് വെര്‍ഡെ താരം ഡിനി ബോര്‍ഗസിന്റെ ശരീരത്തില്‍ തട്ടി സെല്‍ഫ് ഗോളായി മാറുകയായിരുന്നു. മത്സരത്തിന്റെ അവസാന നിമിഷങ്ങളില്‍ കബ്രാളിന്റെ മറ്റൊരു മാരകമായ ഷോട്ട് ഗോള്‍കീപ്പര്‍ എമി മാര്‍ട്ടീനസ് അദ്ഭുതകരമായി രക്ഷപ്പെടുത്തിയതോടെയാണ് അര്‍ജന്റീന ശ്വാസം നേരെ വിട്ടതും പ്രീ-ക്വാര്‍ട്ടര്‍ ഉറപ്പിച്ചതും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
