ബാതുമി (ജോർജിയ ): ഇന്ത്യൻ താരങ്ങൾ മുഖാമുഖം വരുന്ന ഫിഡെ വനിതാ ചെസ് ലോകകപ്പ് ഫൈനലിന്റെ ഒന്നാം ഗെയിമിൽ കൊണേരു ഹംപിയും ദിവ്യ ദേശ്മുഖും സമനിലയിൽ പിരിഞ്ഞു. 41 നീക്കത്തിന് ശേഷമാണ് ഇരുവരും സമനിലയ്ക്ക് കൈ കൊടുത്തത്. ഇരുവർക്കും അര പോയിന്റുണ്ട്.
വെള്ള കരുക്കൾ ദിവ്യയ്ക്കായിരുന്നു. രാജ്ഞിയുടെ മുന്നിലുള്ള കാലാൾ രണ്ടു കളം നീക്കി ഡി4 കളി തുടങ്ങി. ഡി5 കാലാൾ നീക്കി ഹംപി മറുപടി നൽകി. ക്വീൻസ് ഗാംബിറ്റ് അക്‌സപ്റ്റഡ് ശൈലിയിൽ ഗെയിം പുരോഗമിച്ചു. പത്താം നീക്കം നടത്താൻ ദിവ്യ 27 മിനിറ്റെടുത്തു. ബിഎ3 എന്ന നീക്കത്തിലൂടെ കറുപ്പിന്റെ കാസ്ലിംഗ് അവസരം ദിവ്യ തടഞ്ഞു.
പന്ത്രണ്ടാം നീക്കത്തിൽ ദിവ്യ നൈറ്റ് ബലികഴിച്ചു മുന്നേറി. പതിനെട്ടാം നീക്കത്തിൽ നഷ്ടപ്പെട്ട നൈറ്റ് തന്ത്രപൂർവം തിരികെയെടുത്തു. നേരിയ മുൻതൂക്കം ദിവ്യയ്ക്ക് ഉണ്ടായിരുന്നു. മുപ്പതാം നീക്കത്തിൽ ഹംപിയുടെ സമനില നിർദ്ദേശം നിരസിച്ച് ദിവ്യ കെഎച്ച്2 കളിച്ചു.
എന്നാൽ പിന്നീട് സമയ സമ്മർദ്ദത്തിൽ ദിവ്യയുടെ 35-ാം നീക്കം പാളി. ആർഇ8 എന്ന മോശം നീക്കമാണ് ദിവ്യ നടത്തിയത്. 37 നീക്കത്തിൽ തന്ത്ര പ്രധാനമായ റൂക്ക് സാക്രിഫൈസ് ഹംപി നടത്തി. ദിവ്യ ആ ബലിയർപ്പണം സ്വീകരിക്കേണ്ട അനിവാര്യത വന്നപ്പോൾ ത്രീ ഫോൾഡ് റെപ്പറ്റീഷൻ രീതിയിൽ ഹംപി സമനില നേടി. രണ്ടാം ഗെയിം ഇന്ന് നടക്കും.
മൂന്നാം സ്ഥാനത്തിനും കാൻഡിഡേറ്റ് യോഗ്യതയ്ക്കും വേണ്ടി ചൈനീസ് താരങ്ങളായ താൻഷൂംഗിയും ലീ തിൻ ഗിയും തമ്മിലുള്ള മത്സരം 34-ാം നീക്കത്തിൽ സമനിലയിൽ കലാശിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്