മെൽബണിൽ നടന്ന ആഷസ് പരമ്പരയിലെ നാലാം ടെസ്റ്റിൽ ഓസ്‌ട്രേലിയയെ രണ്ടു ദിവസം കൊണ്ട് തകർത്തു ഇംഗ്ലണ്ട്. പരമ്പരയിലെ ആദ്യ ജയം നേടാൻ 175 റൺസ് വേണ്ടിയിരുന്ന ഇംഗ്ലണ്ട് 33-ാം ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു.
ജേക്കബ് ബെതെൽ 40 റൺസുകൾ നേടി ടോപ് സ്‌കോറർ ആയപ്പോൾ യുവതാരം ഹാരി ബ്രുക് 18 റൺസുമായി പുറത്താകാതെ നിന്നു. ഓസ്‌ട്രേലിയയ്ക്കു വേണ്ടി സ്റ്റാർക്, റിച്ചാർഡ്‌സൺ, ബോളൻഡ് എന്നിവർ രണ്ടു വിക്കറ്റുകൾ വീതം വീഴ്ത്തി. ഇംഗ്ലണ്ട് ബൗളർ ജോഷ് ടങ്ക് ആണ് കളിയിലെ കേമൻ. നേരത്തെ, ജോഷ് ടങിന്റെ അഞ്ചു വിക്കറ്റ് പ്രകടനത്തിന്റെ പിൻബലത്തിൽ ഇംഗ്ലണ്ട് ഓസ്‌ട്രേലിയെ ആദ്യ ഇന്നിങ്‌സിൽ 152 റൺസിന് പുറത്താക്കിയിരുന്നു.
മറുപടിയായി ഇറങ്ങിയ ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിംഗ്‌സ് 110 റൺസിന് അവസാനിച്ചു. ആതിഥേയർക്കായി മൈക്കൽ നെസർ 4 വിക്കറ്റുകൾ നേടിയപ്പോൾ സ്റ്റാർക് രണ്ടും ബോളൻഡ് മൂന്നും വിക്കറ്റുകൾ നേടി. രണ്ടാം ഇന്നിങ്‌സിൽ ഇംഗ്ലണ്ട് കങ്കാരുക്കളെ 132 റൺസ് എന്ന ചെറിയ സ്‌കോറിൽ ഒതുക്കിയത് നാല് വിക്കറ്റ് വീഴ്ത്തിയ ബ്രൈഡൻ കാർസും മൂന്നു പേരെ എറിഞ്ഞിട്ടു നായകൻ സ്റ്റോക്‌സും ചേർന്നാണ്.
ട്രാവിസ് ഹെഡും നായകൻ സ്റ്റീവ് സ്മിത്തും മാത്രമാണ് രണ്ടാമിന്നിങ്‌സിൽ കുറച്ചെങ്കിലും ചെറുത്തു നിന്നത്. ആദ്യ മൂന്ന് ടെസ്റ്റുകളും നഷ്ടപ്പെട്ടതോടെ പരമ്പര കൈവിട്ട ഇംഗ്ലണ്ടിന് ഈ വിജയം വലിയ ആശ്വാസം നൽകും. പരമ്പര തോൽവിക്ക് പിന്നാലെ നൂസയിൽ നടന്ന സംഭവങ്ങളെ ചുറ്റിയുള്ള വിവാദങ്ങളും മൂലം സമ്മർദ്ധത്തിലായ സ്റ്റോക്‌സിനും കൂട്ടർക്കും ഈ വിജയം നൽകുന്ന ആത്മവിശ്വാസം ചെറുതല്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
