ഇംഗ്ലണ്ട് അണ്ടർ 19 ടീമിനെതിരായ അവസാന ഏകദിനത്തിൽ ഇന്ത്യ അണ്ടർ 19ക്ക് തോൽവി. ഏഴ് വിക്കറ്റിന്റെ തോൽവിയാണ് ഇന്ത്യൻ യുവനിര നേരിട്ടത്. ടോസ് നേടി ബാറ്റിംഗിനെത്തിയ ഇന്ത്യ നിശ്ചിത ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 210 റൺസാണ് നേടിയത്. 66 റൺസുമായി പുറത്താവാതെ നിന്ന ആർ.എസ് അംബ്രിഷാണ് ഇന്ത്യയുടെ ടോപ് സ്‌കോറർ. മറുപടി ബാറ്റിംഗിൽ ഇംഗ്ലണ്ട് 31.1 ഓവറിൽ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തിൽ ലക്ഷ്യം മറികടന്നു. 76 പന്തിൽ 82 റൺസെടുത്ത ബെൻ മയേസും ബെൻ ഡോക്കിൻസുമാണ് (66) ഇംഗ്ലണ്ടിനെ വിജയത്തിലേക്ക് നയിച്ചത്. ക്യാപ്ടൻ തോമസ് റ്യൂ (49) പുറത്താവാതെ നിന്നു. അഞ്ച് മത്സരങ്ങളുടെ പരമ്പര നേരത്തെ ഇന്ത്യ സ്വന്തമാക്കിയിരുന്നു.
മറുപടി ബാറ്റിംഗിൽ തുടക്കത്തിൽ തന്നെ ഇംഗ്ലണ്ടിന് ആദ്യ വിക്കറ്റ് നഷ്ടമായിരുന്നു. ഓപ്പണർ ജോസഫ് മൂർസ് (5) സ്‌കോർബോർഡിൽ ആറ് റൺസ് മാത്രമുള്ളപ്പോൾ മടങ്ങി. പിന്നാലെ ഡോക്കിൻസ് - മയേസ് സഖ്യം 107 റൺസ് കൂട്ടിച്ചേർത്തു. 17-ാം ഓവറിൽ മാത്രമാണ് ഇന്ത്യക്ക് കൂട്ടുകെട്ട് പൊളിക്കാൻ സാധിച്ചത്. ഡോക്കിൻസിനെ നമൻ ജോസഫ് പുറത്താക്കി. തുടർന്നെത്തിയ റോക്കി ഫ്‌ളിന്റോഫ് (4) വേഗത്തിൽ മടങ്ങിയെങ്കിലും തോമസ് റ്യൂവിനെ കൂട്ടുപിടിച്ച് മയേസ് ഇംഗ്ലണ്ടിനെ വിജയത്തിലേക്ക് നയിച്ചു.
നേരത്തെ, അംബ്രിഷിന്റെ ഇന്നിംഗ്‌സിന് പുറമെ 33 റൺസെടുത്ത വൈഭവ് സൂര്യവൻഷിയാണ് മികച്ച പ്രകടനം പുറത്തെടുത്ത മറ്റൊരു താരം. ഇംഗ്ലണ്ടിന് വേണ്ടി എഎം ഫ്രഞ്ച്, റാൽഫി ആൽബർട്ട് എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
സ്‌കോർ സൂചിപ്പിക്കും പോലെ മോശം തുടക്കമായിരുന്നു ഇന്ത്യക്ക്. ഒമ്പത് റൺസിനിടെ ക്യാപ്ടൻ ആയുഷ് മാത്രെ (1), വിഹാൻ മൽഹോത്ര (1) എന്നിവരുടെ വിക്കറ്റ് ഇന്ത്യക്ക് നഷ്ടമായി. പിന്നീട് വൈഭവ് - രാഹുൽ കുമാർ സഖ്യം 51 റൺസ് കൂട്ടിചേർത്തു. എന്നാൽ 15-ാം ഓവറിൽ കൂട്ടുകെട്ട് പൊളിഞ്ഞു. വൈഭവിനെ, സെബാസ്റ്റ്യൻ മോർഗൻ പുറത്താക്കി. രാഹുൽ കുമാറിനും (21) അധികനേരം ക്രീസിൽ തുടരാൻ സാധിച്ചില്ല. ഹാർവൻഷ് പങ്കാലിയ (24), കനിഷ്‌ക് ചൗഹാൻ (24) എന്നിവർ അൽപനേരം ക്രീസിൽ നിന്ന് പ്രതീക്ഷ നൽകി.
എന്നാൽ കൂട്ടുകെട്ട് മുന്നോട്ട് കൊണ്ടുപോവാൻ സാധിച്ചില്ല. ദീപേഷ് ദേവേന്ദ്രൻ (0) കൂടി പോയതോടെ ഏഴിന് 135 എന്ന നിലയിലായി ഇന്ത്യ. ടീം 200 കടക്കില്ലെന്ന് ഉറപ്പായപ്പോഴാണ് അംബ്രിഷ് - യുധാജിത് ഗുഹ (10) സഖ്യം നിർണായക കൂട്ടുകെട്ട് ഉയർത്തുന്നത്. ഇരുവരും 68 റൺസ് കൂട്ടിചേർത്തു. യുധാജിത് ഒരുവശത്ത് ഉറച്ച് നിന്നപ്പോൾ അംബ്രിഷ് ആക്രമിച്ച് കളിച്ചു. ഗുഹ 49-ാം ഓവറിന്റെ ആദ്യ പന്തിൽ പുറത്തായി. മൂന്നാം പന്തിൽ നമൻ പുഷ്പകും (0) മടങ്ങി. അൻമോൽജീത് സിംഗ് (5) അംബ്രിഷിനൊപ്പം പുറത്താവാതെ നിന്നു. 81 പന്തുകൾ നേരിട്ട അംബ്രിഷ് ആറ് ബൗണ്ടറികൾ നേടി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്