ചെന്നൈ: കൈമുട്ടിനേറ്റ പരിക്കിനെ തുടര്‍ന്ന് ചെന്നൈ സൂപ്പര്‍ കിംഗ്സ് (സിഎസ്‌കെ) ക്യാപ്റ്റന്‍ ഋതുരാജ് ഗെയ്ക്വാദ് ഐപിഎല്‍ 2025 ല്‍ നിന്ന് പുറത്തായി. ഐപിഎലിലെ ശേഷിക്കുന്ന മല്‍സരങ്ങളില്‍ എംഎസ് ധോണി ടീമിനെ നയിക്കും. ഏപ്രില്‍ 11 ന് വെള്ളിയാഴ്ച കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെയാണ് സിഎസ്‌കെയുടെ അടുത്ത മത്സരം.
കഴിഞ്ഞ ദിവസം പഞ്ചാബ് കിംഗ്സിനെതിരായ മത്സരത്തിന് മുമ്പ് ക്യാപ്റ്റന്‍ ഗെയ്ക്വാദിന് പരിക്കേറ്റതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നിരുന്നാലും മല്‍സരത്തില്‍ ഋതുരാജ് കളിച്ചു. 18 റണ്‍സിന് ഈ മല്‍സരത്തില്‍ ചെന്നൈ ടീം പരാജയപ്പെട്ടു.
ഗുവാഹത്തിയില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെയുള്ള മല്‍സരത്തിലാണ് ഋതുരാജിന്റെ വലതു കൈത്തണ്ടയില്‍ പന്ത് കൊണ്ട് പരിക്കേറ്റത്. എംആര്‍ഐ സ്‌കാനിലാണ് റുതുരാജ് ഗെയ്ക്വാദിന്റെ പരിക്കിന്റെ വ്യാപ്തി വെളിപ്പെട്ടതെന്നും സീസണിലെ ശേഷിക്കുന്ന മല്‍സരങ്ങളില്‍ ടീമിന്റെ നായകത്വം എംഎസ് ധോണിയെ ഏല്‍പ്പിക്കുകയാണെന്നും ഹെഡ് കോച്ച് സ്റ്റീഫന്‍ ഫ്‌ളെമിംഗ് പറഞ്ഞു.
'ഗുവാഹത്തിയില്‍ വെച്ചാണ് അദ്ദേഹത്തിന് പരിക്കേറ്റത്. അദ്ദേഹത്തിന് കഠിനമായ വേദന അനുഭവപ്പെട്ടു. ഞങ്ങള്‍ക്ക് ഒരു എക്‌സ്-റേ എടുത്തു, കൂടാതെ എംആര്‍ഐ സ്‌കാന്‍ ചെയ്തു, അദ്ദേഹത്തിന്റെ കൈമുട്ടിന്റെ റേഡിയല്‍ നെക്കില്‍ ഒടിവ് കണ്ടെത്തി,' ഫ്‌ളെമിംഗ് പറഞ്ഞു.
തുടര്‍ച്ചയായി നാല് മത്സരങ്ങള്‍ തോറ്റതിനാല്‍ സിഎസ്‌കെയുടെ നില ഐപിഎല്‍ 2025 ല്‍ പരുങ്ങലിലാണ്. ഈ നിര്‍ണായക സമയത്താണ് നേതൃമാറ്റം. 2023 ലെ ഐപിഎല്‍ ഫൈനലില്‍ അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ (ജിടി) പരാജയപ്പെടുത്തി അഞ്ചാം കിരീടം നേടിയതിന് ശേഷം ആദ്യമായാണ് സിഎസ്‌കെ ക്യാപ്റ്റനായി ധോണി തിരിച്ചെത്തുന്നത്. 2024 സീസണിന് മുന്നോടിയായാണ് അദ്ദേഹം നായകസ്ഥാനത്ത് നിന്ന് രാജിവച്ച് ഗെയ്ക്വാദിന് നേതൃത്വ ചുമതലകള്‍ കൈമാറിയിരുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്