ഗോൾ വരൾച്ചയുടെ എല്ലാ കടങ്ങളും വീട്ടി ക്രിസ്റ്റ്യാനോ റൊണാൾഡോ. 40 വയസ്സുള്ളപ്പോഴും, പ്രായം വെറും ഒരു സംഖ്യയാണെന്ന് അദ്ദേഹം വീണ്ടും തെളിയിക്കുകയാണ്.
ലോകകപ്പ് യോഗ്യതയുടെ യൂറോപ്യൻ അങ്കത്തട്ടിൽ പോർചുഗൽ രണ്ടാം ജയവുമായി കുതിക്കുമ്പോൾ അവസാന മത്സരത്തിലും ക്രിസ്റ്റ്യാനോ ഗോളടിച്ച് ടീമിനെ മുന്നിൽ നിന്ന് നയിച്ചു. ഹംഗറിയെ എവേ മാച്ചിൽ പോർചുഗൽ 3-2ന് തോൽപിച്ചപ്പോൾ 58ാം മിനിറ്റിലെ പെനാൽറ്റി ഗോളുമായി ക്രിസ്റ്റ്യാനോയും തിളങ്ങി. ഒപ്പം, നടന്നുകയറിയത് മറ്റൊരു റെക്കോഡിലേക്ക്.
ലോകകപ്പ് യോഗ്യതാ റൗണ്ടിൽ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന താരമെന്ന റെക്കോഡിൽ ഗ്വാട്ടെമാലയുടെ മുൻ താരം കാർലോസ് റൂയിസിനൊപ്പമെത്തി. 1998 മുതൽ 2016 വരെ കളിച്ച കാർലോസ് റൂയിസ് 47 മത്സരങ്ങളിൽ 39 ഗോളുകൾ നേടിയാണ് യോഗ്യതാ റൗണ്ടിലെ ടോപ് സ്കോറർ പദവി അലങ്കരിച്ചത്. ഒരു പതിറ്റാണ്ടോളമായി റൂയിസ് കൈവശം വെച്ച റെക്കോഡിലേക്കാണ് 49 മത്സരങ്ങളിൽ 39 ഗോളുമായി ക്രിസ്റ്റ്യാനോ റൊണാൾഡോയെത്തിയത്.
72 മത്സരങ്ങളിൽ 36 ഗോളുമായി ലയണൽ മെസ്സി മൂന്നും, 51 മത്സരങ്ങളിൽ 35 ഗോളുമായി അലി ദാഇ നാലും, 41 കളിയിൽ 32 ഗോളുമായി റോബർട് ലെവൻഡോസ്കി അഞ്ചും സ്ഥാനത്താണ്. ലയണൽ മെസ്സിയേക്കാൾ മൂന്ന് ഗോളിന്റെ ലീഡുള്ള ക്രിസ്റ്റ്യാനോ ഈ സീസണിൽ തന്നെ കാർലോസ് റൂയിസിനെയും മറികടന്ന് മുന്നേറും.
അതേസമയം, ലയണൽ മെസ്സിയുടെ ലോകകപ്പ് യോഗ്യതാ മത്സരങ്ങൾ ഇതിനകം പൂർത്തിയായതിനാൽ, അർജന്റീന ഇതിഹാസത്തിനും തൊടാനാവാത്ത റെക്കോഡിലേക്ക് ക്രിസ്റ്റ്യാനോയുടെ കുതിപ്പ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്