ഓസ്‌ട്രേലിയ-പാകിസ്താൻ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിനിടെ പാക് താരം മുഹമ്മദ് റിസ്വാന്റെ പുറത്താകൽ സംബന്ധിച്ച് വിവാദം. റിസ്റ്റ് ബാൻഡിൽ തട്ടിയ പന്തിൽ തേർഡ് അമ്ബയർ ഔട്ട് വിധിച്ചതാണ് സംഭവം വിവാദമാക്കിയത്. ടെസ്റ്റിന്റെ നാലാം ദിനമായ വെള്ളിയാഴ്ച പാകിസ്താന്റെ രണ്ടാം ഇന്നിങ്‌സിനിടെയായിരുന്നു സംഭവം. ഓസീസ് ഉയർത്തിയ 317 റൺസ് വിജയലക്ഷ്യം പിന്തുടരുമ്‌ബോൾ അഞ്ചിന് 219 റൺസെന്ന നിലയിലായിരുന്നു പാകിസ്താൻ.
ജയിക്കാൻ 98 റൺസ് കൂടി വേണ്ട സാഹചര്യം. ഇതിനിടെ ഓസീസ് ക്യാപ്ടൻ പാറ്റ് കമ്മിൻസ് എറിഞ്ഞ ഒരു ഷോർട്ട് ബോളിൽ നിന്ന് ഒഴിഞ്ഞുമാറാനുള്ള റിസ്വാന്റെ ശ്രമത്തിനിടെ പന്ത് കൈയിൽ എവിടെയോ തട്ടി വിക്കറ്റ് കീപ്പറുടെ കൈകളിലെത്തി.
ഓസീസ് താരങ്ങൾ അപ്പീൽ ചെയ്‌തെങ്കിലും ഫീൽഡ് അമ്പയർ ഔട്ട് അനുവദിച്ചില്ല. ഓസീസ് റിവ്യൂ എടുത്തു. തേർഡ് അമ്പയർ റിച്ചാർഡ് ഇല്ലിങ്വർത്ത് സംഭവം വ്യത്യസ്ത ക്യാമറാ ആംഗിളുകളിലൂടെ നിരീക്ഷിച്ചു.
ഹോട്ട്‌സ്‌പോട്ട് സാങ്കേതിക വിദ്യ ഉപയോഗിച്ച് പന്ത് എഡ്ജ് ചെയ്‌തോ എന്ന് സ്ഥിരീകരിക്കാനായില്ല. ഇതോടെ അദ്ദേഹം സ്‌നിക്കോമീറ്ററിന്റെ സഹായം തേടി. സ്‌നിക്കോ മീറ്ററിൽ പന്ത് റിസ്വാന്റെ വലതുകൈയിലെ ഗ്ലൗവിന്റെ ഭാഗമായുള്ള റിസ്റ്റ് ബാൻഡിൽ തട്ടിയതായി സ്ഥിരീകരിച്ച് റിച്ചാർഡ് ഇല്ലിങ്വർത്ത് ഔട്ട് വിധിക്കുകയായിരുന്നു.
തീരുമാനത്തിൽ നിരാശനായ റിസ്വാൻ, ഫീൽഡ് അമ്പയറോട് കാര്യം ധരിപ്പിക്കാൻ നിന്നെങ്കിലും ഫലമുണ്ടായില്ല. സാധാരണ ഗ്ലൗ ഉറപ്പിക്കുന്ന റിസ്റ്റിന്റെ ഭാഗം ഗ്ലൗവിന്റെ ഭാഗമായി പരിഗണിച്ച് ഔട്ട് വിധിക്കാറില്ല. ഇവിടെ ഫീൽഡ് അമ്പയർ നോട്ട്ഔട്ട് വിധിച്ചിട്ടും അതിന്റെ ആനുകൂല്യം തേർഡ് അമ്പയർ റിസ്വാന് കൊടുത്തില്ല.
അതേസമയം മത്സരം ഓസീസ് 79 റൺസിന് ജയിച്ചു. റിസ്വാൻ ക്രീസിൽ ഉണ്ടായിരുന്നപ്പോൾ പാകിസ്താന് വിജയപ്രതീക്ഷ ഉണ്ടായിരുന്നു. റിസ്വാൻ പുറത്തായതോടെ തകർന്ന പാകിസ്താൻ 237 റൺസിന് ഓൾഔട്ടാകുകയായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്