ഗ്‌ളാസ്‌ഗോ : കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയുടെ അഭിമാനമുയർത്തി വെയ്റ്റ് ലിഫ്ടിംഗ് താരങ്ങൾ. ഇന്നലെ 53 കിലോയിൽ താഴെയുള്ള വനിതകളുടെ വിഭാഗത്തിൽ ഗ്യാനേശ്വരി യാദവ് വെള്ളിയും 50 കിലോയിൽ താഴെയുള്ള വനിതകളുടെ വിഭാഗത്തിൽ ബിന്ധ്യാറാണി വെങ്കലവും നേടിയതോടെ വെയ്റ്റ് ലിഫ്ടിംഗ് അരീനയിൽ നിന്ന് ഇന്ത്യ നേടിയ മെഡലുകളുടെ എണ്ണം അഞ്ചായി. ആകെ ആറ് മെഡലുകളുള്ള ഇന്ത്യയുടെ മറ്റൊരു മെഡൽ പാരാ പവർലിഫ്ടിംഗിൽ ചന്തുകുമാർ നേടിയ വെങ്കലമാണ്.
സ്‌നാച്ചിൽ 93 കിലോയും ക്‌ളീൻ ആൻഡ് ജെർക്കിൽ 113 കിലോയും ഉൾപ്പടെ 206 കിലോ ഉയർത്തി ഗെയിംസ് റെക്കാഡോടെ സ്വർണം നേടിയ നൈജീരിയയുടെ ഒനോമി ഒമലോല ദീദിയോട് മത്സരിച്ചാണ് ഛത്തിസ്ഗഡുകാരിയായ ഗ്യാനേശ്വരി രണ്ടാമതെത്തിയത്. സ്‌നാച്ചിൽ 88 കിലോയും ക്‌ളീൻ ആൻഡ് ജെർക്കിൽ 111 കിലോയും ഉൾപ്പടെ 199 കിലോയാണ് ഇന്ത്യൻ താരം ഉയർത്തിയത്.
സ്‌നാച്ചിലെ ആദ്യ ശ്രമത്തിൽ ഗ്യാനേശ്വരി 82 കിലോയും ഒനോമി 85 കിലോയുമാണ് ഉയർത്തിയത്. രണ്ടാം ശ്രമത്തിൽ ഇന്ത്യൻ താരം 85 കിലോ ഉയർത്തിയപ്പോൾ നൈജീരിയൻ താരം 90 കിലോ ക്‌ളിയർ ചെയ്തു. മൂന്നാം ശ്രമത്തിൽ ഗ്യാനേശ്വരി 88 കിലോയും ഒനോമി 93 കിലോയും ഉയർത്തി. ക്‌ളീൻ ആൻഡ് ജർക്കിൽ 103,107,111 എന്നിങ്ങനെ ഇന്ത്യൻ താരം ക്‌ളിയർ ചെയ്തപ്പോൾ ഒനോമി 105,110,113 എന്നിങ്ങനെ ഉയർത്തി ഗെയിംസ് റെക്കാഡ് സൃഷ്ടിച്ചു.
ഈ വർഷം നടന്ന ഏഷ്യൻ ചാമ്പ്യൻഷിപ്പിലെയും വെള്ളി മെഡൽ ജേതാവാണ് 23കാരിയായ ഗ്യാനേശ്വരി യാദവ്. ഈ വർഷത്തെ യൂണിവേഴ്‌സൽ വെയ്റ്റ്‌ലിഫ്ടിംഗ് കപ്പിൽ സ്വർണം നേടിയിരുന്നു. 2024ലെ ലോക ചാമ്പ്യൻഷിപ്പിൽ അഞ്ചാം സ്ഥാനത്ത് ഫിനിഷ് ചെയ്തിരുന്നു. ടാർഗറ്റ് ഒളിമ്പിക് പോഡിയം സ്‌കീമിൽ എൻ.ഐ.എസ് പട്യാലയിലാണ് പരിശീലനം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
