അഹമ്മദാബാദ്: ടി20 ലോകകപ്പിലെ നിർണ്ണായകമായ സൂപ്പർ 8 പോരാട്ടത്തിൽ ദക്ഷിണാഫ്രിക്കയോടേറ്റ ദയനീയ തോൽവിക്ക് പിന്നാലെ ഇന്ത്യൻ ടീം മാനേജ്‌മെന്റിനെതിരെ ആരാധകരോഷം കത്തുന്നു. ടീമിലെ മലയാളി സാന്നിധ്യമായ സഞ്ജു സാംസണെ പ്ലേയിംഗ് ഇലവനിലേക്ക് തിരിച്ചുവിളിക്കണമെന്ന ആവശ്യം സോഷ്യൽ മീഡിയയിൽ ശക്തമാവുകയാണ്. #BringBackSanjuSamson എന്ന ഹാഷ്‌ടാഗ് ഇതിനോടകം തന്നെ എക്സ് (ട്വിറ്റർ) അടക്കമുള്ള പ്ലാറ്റ്‌ഫോമുകളിൽ തരംഗമായിക്കഴിഞ്ഞു.
ദക്ഷിണാഫ്രിക്ക ഉയർത്തിയ 188 റൺസ് എന്ന വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യക്ക് ബാറ്റിംഗ് നിരയുടെ തകർച്ചയാണ് വിനയായത്. ടോപ്പ് ഓർഡറിൽ വലിയ പ്രതീക്ഷയോടെ എത്തിയ അഭിഷേക് ശർമ്മ, തിലക് വർമ്മ, ഇഷാൻ കിഷൻ എന്നിവരുടെ മോശം പ്രകടനമാണ് ആരാധകരെ ചൊടിപ്പിച്ചത്. പവർപ്ലേ അവസാനിക്കുമ്പോൾ തന്നെ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 31 റൺസ് എന്ന നിലയിലേക്ക് ഇന്ത്യ കൂപ്പുകുത്തിയിരുന്നു. 15 ഓവർ പിന്നിടുമ്പോൾ വെറും 88 റൺസിന് 8 വിക്കറ്റ് എന്ന പരിതാപകരമായ അവസ്ഥയിലായിരുന്നു ടീം ഇന്ത്യ.
യുവതാരങ്ങളുടെ പരാജയമാണ് സഞ്ജുവിനായുള്ള മുറവിളി ശക്തമാക്കിയത്. തുടർച്ചയായ മൂന്ന് ഡക്കുകൾക്ക് ശേഷം ക്രീസിലെത്തിയ അഭിഷേക് ശർമ്മ 15 റൺസിന് പുറത്തായപ്പോൾ, ഇഷാൻ കിഷൻ റണ്ണൊന്നുമെടുക്കാതെയും തിലക് വർമ്മ ഒരു റണ്ണുമായും മടങ്ങി. മൂന്ന് മുൻനിര ബാറ്റർമാർ ചേർന്ന് ആകെ നേടിയത് വെറും 16 റൺസ് മാത്രമാണ്. നിർണ്ണായക മത്സരങ്ങളിൽ സമ്മർദ്ദത്തിന് അടിപ്പെടുന്ന യുവനിരയ്ക്ക് പകരം അനുഭവസമ്പത്തുള്ള സഞ്ജുവിനെ പരീക്ഷിക്കണമെന്നാണ് ആരാധകരുടെ പക്ഷം.
സൂപ്പർ 8-ൽ ഇനി വരാനിരിക്കുന്ന സിംബാബ്‌വെ, വെസ്റ്റ് ഇൻഡീസ് എന്നിവർക്കെതിരായ മത്സരങ്ങൾ ഇന്ത്യയെ സംബന്ധിച്ച് ജീവന്മരണ പോരാട്ടങ്ങളാണ്. ഇനിയൊരു തോൽവി കൂടി വഴങ്ങിയാൽ ഇന്ത്യയുടെ സെമി ഫൈനൽ സാധ്യതകൾ മങ്ങും. ഈ സാഹചര്യത്തിൽ ടീമിൽ അഴിച്ചുപണികൾ അനിവാര്യമാണെന്നും സഞ്ജുവിനെ പ്ലേയിംഗ് ഇലവനിൽ ഉൾപ്പെടുത്താൻ മാനേജ്‌മെന്റ് തയ്യാറാകുമോ എന്നുമാണ് ക്രിക്കറ്റ് ലോകം ഉറ്റുനോക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
