2026 ഫിഫ ലോകകപ്പിനുള്ള തയ്യാറെടുപ്പുകൾക്കിടയിൽ, തന്റെ കരിയറിലെ ആദ്യത്തെ വലിയ ടൂർണമെന്റിനൊരുങ്ങുന്ന ഒരു കൗമാരക്കാരന്റെ അതേ ആവേശമാണ് തനിക്കിപ്പോഴുമുള്ളതെന്ന് ബ്രസീലിയൻ സൂപ്പർ താരം നെയ്മർ. തന്റെ തിളക്കമാർന്ന കരിയറിലെ അവസാന ലോകകപ്പ് പോരാട്ടമായിരിക്കും ഇതെന്ന യാഥാർത്ഥ്യം മുന്നിലുണ്ടെങ്കിലും, ആവേശം ഒട്ടും ചോർന്നുപോയിട്ടില്ലെന്ന് താരം വ്യക്തമാക്കി.
നിലവിൽ 34-കാരനായ നെയ്മർ, ലോകകപ്പിന് തൊട്ടുമുമ്പ് നേരിട്ട കണങ്കാലിലെ പരിക്ക് കാരണം പൂർണ്ണ ഫിറ്റ്‌നസിലേക്ക് തിരിച്ചെത്തിയിട്ടില്ല. അതിനാൽ തന്നെ ഗ്രൂപ്പ് സിയിലെ ബ്രസീലിന്റെ ആദ്യ മത്സരത്തിൽ താരം കളിക്കാൻ സാധ്യതയില്ലെന്നാണ് റിപ്പോർട്ടുകൾ. എങ്കിലും ബ്രസീലിയൻ മെഡിക്കൽ സംഘം താരത്തിന്റെ തിരിച്ചുവരവിൽ വലിയ പ്രതീക്ഷയിലാണ്. ഗ്രൂപ്പ് ഘട്ടത്തിലെ തുടർന്നുള്ള മത്സരങ്ങളിൽ നെയ്മറിന് കളിക്കാൻ സാധിക്കുമെന്നാണ് വിലയിരുത്തൽ.
അമേരിക്കയിലെ ബ്രസീലിന്റെ പരിശീലന ക്യാമ്പിൽ പരിക്കിൽ നിന്ന് മുക്തനാകാനുള്ള കഠിനമായ പരിശ്രമത്തിലാണ് താരം. സഹതാരങ്ങൾ മൈതാനത്ത് പരിശീലനം തുടരുമ്പോൾ, മുൻ ബാഴ്‌സലോണ, പി.എസ്.ജി താരം കൂടിയായ നെയ്മർ ജിമ്മിൽ കരുത്ത് കൂട്ടാനും കാർഡിയോ വർക്കൗട്ടുകൾ ചെയ്യാനുമാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. നെയ്മറിന്റെ ആരോഗ്യാവസ്ഥ വേഗത്തിൽ മെച്ചപ്പെടുന്നുണ്ടെന്നാണ് ക്യാമ്പിൽ നിന്നുള്ള വിവരങ്ങൾ. താരം എത്രയും വേഗം ടീമിനൊപ്പം ചേരുമെന്ന പ്രതീക്ഷയിലാണ് കോച്ച് കാർലോ ആൻസലോട്ടിയും ആരാധകരും.
പരിക്കിന്റെ തിരിച്ചടികൾക്കിടയിലും ടൂർണമെന്റിനെക്കുറിച്ചുള്ള തന്റെ ആവേശം പങ്കുവെക്കുകയായിരുന്നു നെയ്മർ. 'വൈ, ബ്രസീൽ' എന്ന ഡോക്യുമെന്ററിയുടെ പ്രിവ്യൂവിലാണ് താരം മനസ്സ് തുറന്നത്.
"ഇത് എന്റെ നാലാമത്തെ ലോകകപ്പാണ്. എങ്കിലും ഇതിനോടുള്ള വികാരം തികച്ചും വ്യത്യസ്തമാണ്. സാഹചര്യങ്ങളും ഒപ്പം ഇതെന്റെ അവസാനത്തെ ലോകകപ്പാണ് എന്നതുമാണ് ഇതിന് കാരണം." - നെയ്മർ പറഞ്ഞു.
പഴയ അതേ ആവേശത്തോടെയാണ് താൻ ഈ ടൂർണമെന്റിനെ സമീപിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.കഴിഞ്ഞ മൂന്ന് ലോകകപ്പുകളിലും ബ്രസീൽ ടീമിന്റെ കുന്തമുനയായിരുന്നു നെയ്മറെങ്കിലും, പരിക്കുകൾ എപ്പോഴും താരത്തിന് വില്ലനായി എത്തിയിട്ടുണ്ട്.
സ്വന്തം നാട്ടിൽ നടന്ന ലോകകപ്പിൽ കൊളംബിയക്കെതിരായ മത്സരത്തിൽ നട്ടെല്ലിന് ഗുരുതരമായി പരിക്കേറ്റ നെയ്മറിന് ടൂർണമെന്റ് നഷ്ടമായി. സെമി ഫൈനലിൽ ജർമ്മനിയോട് 7-1 ന് ബ്രസീൽ തകർന്നടിഞ്ഞപ്പോൾ നെയ്മർ ഗാലറിയിലായിരുന്നു. മുൻകാലങ്ങളിലെ നിരാശകളെല്ലാം മറന്ന്, ഫുട്ബോളിലെ ഏറ്റവും വലിയ കിരീടത്തിലേക്ക് ബ്രസീലിനെ നയിക്കാൻ ഒരു അവസാന പോരാട്ടത്തിന് തന്നെയാണ് നെയ്മർ ഇപ്പോൾ തയ്യാറെടുക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
