ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂർണമെന്റിലെ സൂപ്പർ ഫോർ പോരാട്ടത്തിൽ ശ്രീലങ്കയെ വീഴ്ത്തി ബംഗ്ലാദേശ്. അവസാന ഓവറിലേക്ക് നീണ്ട മത്സരത്തിൽ നാല് വിക്കറ്റിന്റെ വിജയമാണ് ബംഗ്ലാദേശ് സ്വന്തമാക്കിയത്.
ശ്രീലങ്ക ഉയർത്തിയ 169 റൺസ് വിജയലക്ഷ്യത്തിലേക്ക് മറുപടി ബാറ്റിങ്ങിൽ ഒരു പന്ത് മാത്രം ശേഷിക്കെ ആറ് വിക്കറ്റ് നഷ്ടപ്പെടുത്തി ബംഗ്ലാദേശെത്തി.
അർധ സെഞ്ച്വറികൾ നേടിയ ഓപ്പണർ സൈഫ് ഹസനും തൗഹിദ് ഹൃദോയിയുമാണ് ബംഗ്ലാദേശിന്റെ വിജയശിൽപ്പികൾ. സൈഫ് ഹസൻ 45 പന്തിൽ 61 റൺസടിച്ചപ്പോൾ തൗഹിദ് ഹൃദോയ് 37 പന്തിൽ 58 റൺസെടുത്തു. 14 റൺസുമായി ഷമീം ഹൊസൈനും ഒരു റണ്ണുമായി നാസും അഹമ്മദും പുറത്താകാതെ നിന്നു.
നേരത്തെ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക നിശ്ചിത 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിലാണ് 168 റൺസെടുത്തത്. ദസുൻ ഷനകയുടെ വെടിക്കെട്ട് അർധസെഞ്ച്വറിയാണ് ലങ്കയ്ക്ക് കരുത്തായത്. 37 പന്തിൽ പുറത്താകാതെ 64 റൺസടിച്ച ഷനകയാണ് ശ്രീലങ്കയുടെ ടോപ് സ്‌കോറർ. കുശാൽ മെൻഡിസ് 34 റൺസടിച്ചപ്പോൾ പാതും നിസങ്ക 22 റൺസടിച്ചു.
ബംഗ്ലാദേശിനായി മുസ്തഫിസുർ റഹ്മാൻ നാലോവറിൽ 20 റൺസിന് മൂന്ന് വിക്കറ്റെടുത്തു.ഗംഭീര വിജയത്തോടെ ബംഗ്ലാദേശ് സൂപ്പർ ഫോറിൽ ആധിപത്യം നേടി. ഇതോടെ സൂപ്പർ ഫോറിൽ ശ്രീലങ്കയുടെ നില പരുങ്ങലിലായി. ഇനി ഇന്ത്യയോടും പാകിസ്താനോടും ജയിക്കാനാവാതെ ശ്രീലങ്കയ്ക്ക് ഫൈനൽ സീറ്റ് നേടാനാവില്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
